ഇന്ത്യൻ ഭാഷകളിലുള്ള വ്യക്തതകുറഞ്ഞ രേഖകൾപോലും പ്രോസസ്ചെയ്യും; Patram 1.5 അവതരിപ്പിച്ച് ഭാരത് ജെൻ

പത്രം 1.5 (Patram 1.5) എന്ന വിഷൻ-ലാംഗ്വേജ് മോഡലുമായി ഭാരത് ജെൻ. ഇന്ത്യൻ രേഖകൾക്കും ചിത്രങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച എഐ മോഡലാണിത്. 700 കോടി പാരമീറ്ററുകളുള്ള ഈ ഓപ്പൺ-വെയ്റ്റ് മോഡൽ പത്രം പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പാണ്. രേഖകൾക്ക് പുറമെ ടേബിളുകൾ, ചാർട്ടുകൾ, ഫോമുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും ഇതിന് മനസ്സിലാക്കാൻ കഴിയും. ഒരേസമയം ഒന്നിലധികം ചിത്രങ്ങൾ പ്രോസസ്സ് ചെയ്യാനും ഇതിന് സാധിക്കും.
വ്യക്തമല്ലാത്ത വിധം സ്കാൻ ചെയ്തവയോ, സീലുകളുള്ളതോ, ഒപ്പിട്ടതോ, കൈയക്ഷരത്തിലുള്ളതോ, ഇംഗ്ലീഷും ഇന്ത്യൻ ഭാഷകളും കലർന്നതോ ആയ ബാങ്ക് ഫോമുകൾ, ആശുപത്രി റിപ്പോർട്ടുകൾ, ഇൻഷുറൻസ് പേപ്പറുകൾ, സർക്കാർ സർക്കുലറുകൾ എന്നിവയെല്ലാം പ്രോസസ് ചെയ്യാൻ ഇതിന് കഴിയും.
മറ്റ് മോഡലുകളുമായുള്ള വ്യത്യാസമെന്ത്?
മിക്ക ഡോക്യുമെന്റ് സിസ്റ്റങ്ങളും രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ആദ്യം, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കോഗ്നിഷൻ (OCR) വഴി സ്കാൻ ചെയ്ത ഒരു പേജ് പ്ലെയിൻ ടെക്സ്റ്റാക്കി മാറ്റുന്നു. തുടർന്ന്, ഒരു ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആ ടെക്സ്റ്റിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. എന്നാൽ രേഖകളിലെ റബ്ബർ സ്റ്റാമ്പുകൾ, കൈയക്ഷരത്തിലുള്ള കുറിപ്പുകൾ, ടേബിൾ ലേഔട്ടുകൾ തുടങ്ങിയ വിശദാംശങ്ങൾ പലപ്പോഴും പ്രോസസ് ചെയ്യപ്പെടാതെ ഒഴിവാക്കപ്പെടുന്നു.
എന്നാൽ പത്രം 1.5 ഈ രണ്ട് ഘട്ടങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. പേജ് ഒരു ചിത്രമായി കാണുകയും വായിക്കുകയും ഒറ്റയടിക്ക് വിശകലനം നടത്തുകയും ചെയ്യുന്നു. ഉപയോക്താക്കൾക്ക് ആവശ്യമുള്ള വിശദാംശങ്ങൾ മാത്രം ലളിതമായ ഭാഷയിൽ ചോദിച്ചറിയാം.
ഊഹാപോഹങ്ങൾ ഒഴിവാക്കാനാണ് പത്രം 1.5-നെ പരിശീലിപ്പിച്ചിരിക്കുന്നതെന്ന് ഭാരത് ജെൻ പറയുന്നു. ഒരു ഫീൽഡ് ശൂന്യമാണെങ്കിലോ ഒരു നമ്പർ അവ്യക്തമാണെങ്കിലോ എന്തുകൊണ്ടാണ് അത് വായിക്കാൻ കഴിയാത്തതെന്ന് വിശദീകരിക്കും. എന്താണെന്ന് ഊഹിച്ചെടുക്കാൻ സാധ്യമാണെങ്കിൽ അത് ഉപയോക്താവുമായി പങ്കുവെക്കുകയും പരിശോധിക്കുന്നതിനായി ഉപയോക്താവിന് അത് കൈമാറുകയും ചെയ്യും.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (DST) MeitY-യുടെ IndiaAI മിഷന്റെയും പിന്തുണയോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു AI കമ്പനിയാണ് 2024 ഒക്ടോബറിൽ സ്ഥാപിതമായ ഭാരത് ജെൻ. ഒൻപത് പ്രമുഖ ഇന്ത്യൻ അക്കാദമിക് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന്റെ പിന്തുണയോടെ ഐഐടി ബോംബെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. Hugging Face-ലും AIKosh-ലും ലഭ്യമായ, ഷെഡ്യൂൾ ചെയ്യപ്പെട്ട എല്ലാ 22 ഇന്ത്യൻ ഭാഷകളെയും ഉൾക്കൊള്ളുന്ന ടെക്സ്റ്റ് മോഡലുകൾ, സ്പീച്ച് മോഡലുകൾ, വിഷൻ മോഡലുകൾ എന്നിവ കമ്പനി വകസിപ്പിക്കുന്നുണ്ട്.
Content Highlights: Patram 1.5 is a 7-billion-parameter open-weight vision-language model launched by BharatGen on November 26, 2026., Combines OCR and reasoning into a single step, handling complex Indian documents, mixed languages, and handwriting., Features OCR 3.0 enabling users to extract specific data into text, Markdown, HTML, or JSON formats., Designed for privacy, allowing banks, hospitals, and government offices to run it on local servers., Available on Hugging Face and accessible via the BharatGen Playground for testing and workflows.