ബുള്ളറ്റ് ട്രെയിൻ: കോച്ചുകളുടെ നിർമാണ പ്ലാന്റ് ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണത്തിന് ബെംഗളൂവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ ('ബെമൽ') സജ്ജീകരിച്ച ആദിത്യ പ്ലാന്റ് തുറന്നു. പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച നിർവഹിച്ചു. ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിലാണ് ആദിത്യ പ്ലാന്റ് തുറന്നത്.
അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകളായ ബി-28 കോച്ചുകളുടെ നിർമാണമാണ് ഇവിടെ നടക്കുക. അതിവേഗ റെയിൽ സാങ്കേതികവിദ്യയുടെ വികസനം രാജ്യത്തെ തദ്ദേശീയ എൻജിനിയറിങ്ങിൽ സുപ്രധാന നാഴികക്കല്ലാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിവേഗ ട്രെയിനുകളുടെ വരവ് രാജ്യത്തെ പ്രധാന നഗരങ്ങളെ കൂട്ടിയോജിപ്പിക്കാൻ ഇടവരുത്തുമെന്ന് ചൂണ്ടിക്കാട്ടി. ചെന്നൈക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി കുറയും. രണ്ട് നഗരങ്ങളെയും ഒരൊറ്റ ഹബ്ബിന്റെ ഭാഗമാക്കാനാകും. അടുത്തവർഷം മാർച്ചോടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാളത്തിലിറക്കുകയെന്നതാണ് റെയിൽവെയുടെ ലക്ഷ്യം -അശ്വിനി വൈഷ്ണവ് പറഞ്ഞു
മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന രണ്ട് പുതിയതീവണ്ടി സർവീസുകൾ രണ്ട് നഗരങ്ങളുടെയും ബന്ധംകൂടുതൽ എളുപ്പത്തിലാക്കും. എൽ.എച്ച്.ബി. കോച്ചുകൾ ഉൾക്കൊള്ളുന്ന പുതിയ മെയിൽ എക്സ്പ്രസ് ഹുബ്ബള്ളിയിൽനിന്ന് ആരംഭിക്കും. ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ ആരംഭിക്കും. മംഗളൂരുവിനും ബെംഗളൂരുവിനും ഇടയിൽ വന്ദേഭാരത് സർവീസ് ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: Inauguration of BEML's Aditya plant for high-speed coach manufacturing., Chennai to Bengaluru travel time reduced to 73 minutes., First bullet train launch targeted for March 2026., Announcement of new Vande Bharat Sleeper and Mangaluru-Bengaluru services.