ഫീച്ചർ ഫോണിൽ കിടിലം ഡിജിറ്റൽ ബാങ്കിങ് ആപ്പ്; കൈകോർത്ത് ജിയോയും ബാങ്ക് ഓഫ് ബറോഡയും

#ടെക്നോളജി ഡെസ്ക്
Photo: Reliance Jio
Photo: Reliance Jio

ബാങ്ക് ഓഫ് ബറോഡയുടെ ബിഒബി വേൾഡ് ലൈറ്റ് എന്ന മൊബൈൽ ബാങ്കിംഗ് ആപ്പ് ഇനിമുതൾ ജിയോഫോൺ പ്രൈമ 4ജി (JioPhone Prima 4G) എന്ന ഫീച്ചർ ഫോണുകളിൽ ലഭ്യമാവും. രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും തമ്മിൽ സഹകരിക്കുന്നത്. ഫീച്ചർ ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യ സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് സേവനമാണ് 'ബിഒബി വേൾഡ് ലൈറ്റ്' ആപ്പ്.

സ്മാർട്ട്‌ഫോണുകളിൽ മാത്രം പ്രവർത്തിക്കുന്ന പരമ്പരാഗത മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, താങ്ങാനാവുന്ന വിലയിലുള്ള ഫീച്ചർ ഫോണുകളിൽ ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായാണ് ബിഒബി വേൾഡ് ലൈറ്റ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ അപ്രാപ്യമായവർക്കും ലളിതമായ ബാങ്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും വളരെ എളുപ്പത്തിലുള്ള ഒരു ഓൺ-ബോർഡിങ് രീതിയിലൂടെ ഈ ആപ്പ് ലഭ്യമാകും.

സാധാരണ സ്മാർട്ട്‌ഫോൺ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന രീതിയിലും കീപാഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന വിധത്തിലുമാണ് ബിഒബി വേൾഡ് ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കും മറ്റ് ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും ലളിതമായ നടപടികളിലൂടെ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാം. പുതിയ ജിയോഫോൺ പ്രൈമ 4ജി ഹാൻഡ്‌സെറ്റുകളിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് 'ജിയോ സ്‌റ്റോറിൽ' നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

എളുപ്പത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്. സുരക്ഷിതമായി പണം കൈമാറാമെന്നതും പ്രത്യേകതയാണ്. മൊബൈൽ റീചാർജ്, ബില്ലുകൾ അടയ്ക്കൽ എന്നിവയും സാധ്യമാണ്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ആപ്പിൽ കൂട്ടിച്ചേർക്കും.

'സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും ഡിജിറ്റൽ ബാങ്കിംഗ് ലഭ്യമാക്കുക എന്നത് ബാങ്ക് ഓഫ് ബറോഡയുടെ മുൻഗണനയാണ്. ജിയോയുമായുള്ള ഈ സഹകരണം ഡിജിറ്റൽ വിടവ് നികത്താൻ സഹായിക്കും,' ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി.

'എല്ലാ ഇന്ത്യക്കാർക്കും മിതമായ നിരക്കിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ പങ്കാളിത്തം ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാൻ സഹായിക്കും,' റിലയൻസ് ജിയോ ഇൻഫോക്കോം പ്രസിഡന്റ് ഡോ. സുനിൽ ദത്ത് പറഞ്ഞു.

സ്മാർട്ഫോൺ ഉപയോഗം നിയന്ത്രിക്കാനും ഫീച്ചർഫോണുകളിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തടസമാകുന്നത് ബാങ്കിങ് സേവനങ്ങൾ ഉൾപ്പടെയുള്ള അവശ്യ ആപ്പുകളുടെ അഭാവമാണ്. ബിഒബി വേൾഡ് ലൈറ്റ് ലഭ്യമാകുന്നതോടെ ഈ പ്രതിസന്ധി വലിയൊരളവിൽ ദൂരീകരിക്കാനാവും.

Content Highlights: Bank of Baroda has partnered with Reliance Jio to launch the 'bob World Lite' app on JioPhone Prima 4G, providing comprehensive digital banking services like QR payments and bill transfers specifically designed for feature phone users.