ബഹിരാകാശ നിലയത്തില്‍ ലിക്വിഡ് ടെലിസ്‌കോപ്പ് ലെന്‍സ് നിര്‍മിക്കാന്‍ Ax-1 സഞ്ചാരി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി ഒരു സ്വകാര്യ കമ്പനി ശാസ്ത്ര ഗവേഷണ ദൗത്യങ്ങളുമായി എത്തിയിരിക്കുകയാണ്. ആക്‌സിയം സ്‌പേസ് എന്ന അമേരിക്കന്‍ കമ്പനിയാണ് നാല് ബഹിരാകാശ സഞ്ചാരികളെ നിലയത്തില്‍ എത്തിച്ചിരിക്കുന്നത്. 10 ദിവസം നീണ്ട ദൗത്യത്തില്‍ എട്ട് ദിവസമാണ് ഇവര്‍ നിലയത്തിലുണ്ടാവുക.
എക്‌സ് -1 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലെത്തിയ സഞ്ചാരികളുടെ ഗവേഷണ ദൗത്യങ്ങളിലൊന്നാണ് ദ്രാവകങ്ങള്‍ ഉപയോഗിച്ച് ലെന്‍സ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫ്‌ളൂയിഡിക് ടെലിസ്‌കോപ്പ് എക്‌സ്പിരിമെന്റ് (FLUTE) പ്രോഗ്രാം.
ഗുരുത്വബലമില്ലാത്ത അവസ്ഥയില്‍ ദ്രാവകങ്ങള്‍ ഉപയോഗിച്ച് ദൂരദര്‍ശിനിയ്ക്ക് ഉപയോഗിക്കാവുന്ന ലെന്‍സ് നിര്‍മിച്ചെടുക്കാനാവുമോ എന്നതാണ് ലക്ഷ്യം. ഇസ്രയേലില്‍ നിന്നുള്ള എഎക്‌സ്-1 മിഷന്‍ സ്‌പെഷ്യലിസ്റ്റ് എയ്ഥന്‍ സ്റ്റൈബിനാണ് ഗവേഷണത്തിന്റെ ചുമതല.
ബഹിരാകാശത്ത് വെച്ച് ദ്രാവക പോളിമെറുകളെ അള്‍ട്രാ വയലറ്റ് പ്രകാശം ഉപയോഗിച്ച് ഘനീഭവിപ്പിച്ചാണ് പരീക്ഷണം. ലേസര്‍ ഉപയോഗിച്ച് ദ്രാവകം കൃത്യമായ ആകൃതി പ്രാപിക്കുന്നത് അതിവേഗം നിരീക്ഷിക്കാനും സാധിക്കും. സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ ദ്രാവകം ലിക്വിഡ് ലെന്‍സ് ആയി മാറുന്നത് കാണാനാവും. ഇങ്ങനെ നിര്‍മിക്കുന്ന ലെന്‍സുകള്‍ ഇവര്‍ ഭൂമിയിലേക്ക് കൊണ്ടുവരികയും നാസയുടെ ഏംസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ അവയെ പഠന വിധേയമാക്കുകയും ചെയ്യും.
'ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണബലമില്ലാത്തതും ഭാരമില്ലാത്തതുമായ അവസ്ഥില്‍ ദ്രാവകങ്ങള്‍ ലെന്‍സുകളും കണ്ണാടികളും നിര്‍മിക്കാന്‍ അനുയോജ്യമായ ആകൃതിയിലേക്ക് മാറും. ഇങ്ങനെ നിര്‍മിച്ചെടുക്കുന്ന ലെന്‍സുകള്‍ കരുതുന്നതിനേക്കാള്‍ വലിയ ദൂരദര്‍ശിനികള്‍ നിര്‍മിക്കാന്‍ ഉപയോഗപ്രദമായേക്കും.' ഫ്‌ളൂട്ട് പ്രോഗ്രാമിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എഡ്വേര്‍ഡ് ബലാബന്‍ പറഞ്ഞു.
നാസയുടെ ഏംസ് റിസര്‍ച്ച് സെന്റര്‍, നാസയുടെ ഗോഡ്ഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍, ടെക്‌നിയോന്‍-ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് ഈ സാങ്കേതികവിദ്യ ഇതിനകം രണ്ട് തവണ പരീക്ഷിച്ചിട്ടുണ്ട്. വെള്ളത്തിനടിയില്‍ കൃത്രിമമായി നിര്‍മിച്ച ഭാരമില്ലായ്മയിലാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള 'സീറോ ജി' പാരാബോളിക് പറക്കലിനിടെയും പരീക്ഷണം നടത്തി. ഇനി ശൂന്യാകാശത്താണ് പരീക്ഷണം നടത്താനൊരുങ്ങുന്നത്.
Content Highlights: axiom space, international space station, liquid, liquid telescope mirror