സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിടാൻ ഓസ്‌ട്രേലിയ; 'അൽഗോരിതം ഓഫ് ചെയ്യാൻ സാധിക്കണം'

സോഷ്യൽ മീഡിയ കമ്പനികൾക്ക് കടിഞ്ഞാണിടാൽ കൂടുതൽ കർശനമായ നടപടികളുമായി ഓസ്‌ട്രേലിയ. 16 വയസ്സിൽ താഴെയുള്ളവർക്ക് ലോകത്ത് ആദ്യമായി സോഷ്യൽ മീഡിയ നിരോധനം കഴിഞ്ഞ വർഷം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. ഉപയോക്തക്കൾക്ക് ഇനി സോഷ്യൽ മീഡിയ കമ്പനികളുടെ അൽഗോരിതം ഓഫ് ചെയ്യാൻ കഴിയണം എന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ.
കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനത്തിന് നേതൃത്വംനൽകിയ കമ്മ്യൂണിക്കേഷൻസ് മിനിസ്റ്റർ അനിക്ക വെൽസാണ് പുതിയ നിയന്ത്രണ നടപടികൾക്കും ചുക്കാൻ പിടിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഇതുവരെ പാലിക്കേണ്ടി വന്നിട്ടില്ലാത്ത വ്യവസ്ഥകൾ നിയമത്തിലുണ്ടാകുമെന്ന് അവർ പറയുന്നു. മെറ്റ, ഗൂഗിൾ, ടിക്ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികൾ അൽഗോരിതം ഓഫ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയില്ലെങ്കിൽ അവർ കനത്ത പിഴ നേരിടേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.
അൽഗോരിതം ഓഫ് ചെയ്യുന്നത് എങ്ങനെ?
പുതിയ നിയമപ്രകാരം അൽഗോരിതം ഓഫ് ചെയ്യാനുള്ള സംവിധാനം സോഷ്യൽ മീഡിയ കമ്പനികൾ പോപ്പ്-അപ് മെസേജുകളിലൂടെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മെറ്റയും ടിക് ടോക്കുമടക്കം ഈ സംവിധാനം ഏർപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ ആപ്പുകളിൽ മാറ്റംവരുത്തേണ്ടിവരും. അൽഗോരിതം ഓഫ് ചെയ്യണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം.
അൽഗോരിതം ഓഫ് ചെയ്തു കഴിഞ്ഞാൽ ഉപയോക്താക്കളുടെ സ്‌ക്രോളിങ് ശീലങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം റെക്കമെൻഡ് ചെയ്യുന്ന വീഡിയോകൾ, പരസ്യങ്ങൾ, വൈറൽ വീഡിയോകൾ എന്നിവ ലഭിക്കില്ല. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ, ഫോളോ ചെയ്യുന്നവർ എന്നിവരുടെ സോഷ്യൽ മീഡിയോ പോസ്റ്റുകൾ മാത്രമേ ഉപയോക്താക്കൾക്ക് കാണാൻ കഴിയൂ.
വിമർശനവുമായി പ്രതിപക്ഷം
പ്രതിപക്ഷത്തെ ചില അംഗങ്ങൾ ഈ നിർദ്ദേശത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ നീക്കത്തിൽ സംശയമുണ്ടെന്ന്' ലിബറൽ പാർട്ടി നേതാവ് അംഗസ് ടെയ്‌ലർ പറയുന്നു. ഈ നീക്കം സെൻസർഷിപ്പിന് തുല്യമാകുമെന്ന് അദ്ദേഹം വാദിക്കുന്നു. വിഷയത്തിൽ സർക്കാർ വിദഗ്ധോപദേശം തേടുമെന്ന് മന്ത്രി വെൽസ് പ്രതികരിച്ചു. സോഷ്യൽ മീഡിയ ഫീഡുകളിൽ കാണേണ്ടിവരുന്ന ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാൻ സർക്കാർ ആഗ്രഹിക്കുന്നവെന്ന് എബിസിക്ക് നൽകിയ അഭിമുഖത്തിൽ വെൽസ് പറഞ്ഞു.
സ്ത്രീവിരുദ്ധ ആശയങ്ങൾ പ്രചരിക്കുന്നു
ഓസ്ട്രേലിയയിൽ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനും ചെറുപ്പക്കാരെ സ്ത്രീവിരുദ്ധ ആശയങ്ങളിലേക്ക് നയിക്കുന്നതിനും അൽഗോരിതങ്ങൾ കാരണമാകുന്നുണ്ടെന്ന് അവർ വാദിക്കുന്നു. വരും ദിവസങ്ങളിൽ കരട് ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽഗോരിതം നിയന്ത്രിക്കുന്നതിന് പുറമേ നിയമവിരുദ്ധമായ പോണോഗ്രഫിയും ഭക്ഷണക്രമത്തിലെ തകരാറുകൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും പോലുള്ള ഹാനികരമായ ഉള്ളടക്കങ്ങൾ പങ്കിടുന്നത് തടയാൻ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടാക്കുന്ന രീതിയിലായിരിക്കും ഈ നിയമം എന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Draft legislation allows Australians to switch off social media algorithms., Communications Minister Anika Wells introduces digital duty of care laws., Major tech firms like Meta, Google, and TikTok face penalties for non-compliance., Opposition raises concerns regarding potential online censorship., Laws aim to curb harmful content and give users more feed control.