സെക്കന്‍ഡില്‍ 14 കി.മി വേഗം, ഭൂമിയ്ക്കരികിലൂടെ പടുകൂറ്റന്‍ ഛിന്നഗ്രഹം; നിരീക്ഷിച്ച് ശാസ്ത്രലോകം

Photo: AI Created Image
Photo: AI Created Image

മെയ് 24-ന് (ശനി) ഭൂമിയ്ക്കരികിലൂടെ അതിവേഗത്തില്‍ കടന്നുപോകാന്‍ 2003 MH4 എന്ന പടുകൂറ്റന്‍ ഛിന്നഗ്രഹം. മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റന്‍ ഛിന്നഗ്രഹമാണ് 2003MH4. സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന്റെ വലിപ്പവും വേഗവും ഭൂമിയ്ക്ക് ഭീഷണയല്ലെങ്കിലും അതിനെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം.

നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (CNEOS) അടക്കമുള്ളവ 2003 MH4-ന്റെ സഞ്ചാരപഥം ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ഭൂമിയില്‍നിന്ന് 6.68 ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. സാധാരണ ഗതിയില്‍ ഇത് വളരെ വലിയ ദൂരമായി തോന്നാമെങ്കിലും ഇത്രയും വലിയ ഒരു വസ്തു ഇത്ര ദൂരത്തുകൂടി കടന്നുപോകുന്നത് ശാസ്ത്രജ്ഞര്‍ ഗൗരവത്തോടെയാണ് കാമുന്നത്. പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്റ്ററോയിഡ് (PHA) ആയാണ് ഈ ഛിന്നഗ്രഹത്തെ കണക്കാക്കുന്നത്. 150 മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ളതും ഭൂമിയില്‍ നിന്ന് 7.5 ദശലക്ഷം കിലോമീറ്ററിനുള്ളില്‍ വരുന്നതുമായ ബഹിരാകാശ വസ്തുക്കളെയാണ് ഈ ഗണത്തില്‍ സാധാരണ ഉള്‍പ്പെടുത്താറുള്ളത്.

കൂട്ടിയിടിക്കുള്ള സാധ്യതയല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ നിരീക്ഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ്. ഗ്രഹങ്ങളുമായുള്ള ഗുരുത്വാകര്‍ഷണ പ്രതിപ്രവര്‍ത്തനം അടക്കമുള്ളവമൂലം ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഗൗരവമായി കാണേണ്ടതാണ്.  ഛിന്നഗ്രഹത്തിന്റെ ഘടന, സാന്ദ്രത, പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് എന്നിവയും ശാസ്ത്രലോകം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. കാരണം ഈ സവിശേഷതകള്‍ക്ക് അതിന്റെ ഭ്രമണപഥത്തെയും അപകടസാധ്യതയെയും സ്വാധീനിക്കാന്‍ കഴിയും.

ഇത്രയും വലുപ്പമുള്ള ഒരു ഛിന്നഗ്രഹം നേരിട്ട് പതിച്ചാല്‍ ആയിരക്കണക്കിന് അണുബോംബുകള്‍ക്ക് തുല്യമായ ഊര്‍ജ്ജം പുറത്തുവിട്ടേക്കാം. ഇത് വ്യാപകമായ നാശനഷ്ടങ്ങള്‍, സുനാമി എന്നിവയ്ക്ക് കാരണമാവുകയും വന്‍ ദുരന്തത്തിന് വഴിവെക്കുകയും ചെയ്‌തേക്കാം.
 

Content Highlights: asteroid 2003 mh4 close approach to earth