മൂന്ന് വർഷം കൊണ്ട് മനുഷ്യർ വംശനാശം നേരിടാം; എഐ ഭീതിയിൽ ലോകം, നിയന്ത്രണം വേഗം വേണമെന്ന് ഓപ്പൺ എഐ സുരക്ഷാ വിദഗ്ധൻ

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണ് ശക്തിയേറിയ ചില അത്യാധുനിക എഐ മോഡലുകൾ രംഗപ്രവേശം ചെയ്തത്. ഇതിനുപിന്നാലെ എഐ രംഗത്ത് കടുത്ത വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ലോകം ഇതുവരെ കാണാത്തത്ര ശക്തമായ എഐ മോഡലുകളുടെ വരവ് എഐ വിദഗ്ധരെപ്പോലും ആശങ്കപ്പെടുത്തുകയാണ്. എഐ മനുഷ്യരുടെ നിയന്ത്രണംവിട്ടുപോകുമോ എന്നാണ് പേടി. നിർമിതബുദ്ധിയെ നിയന്ത്രിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽത്തന്നെ മനുഷ്യർ ഒരു വംശനാശത്തെ നേരിടേണ്ടിവരുമെന്ന് ഓപ്പൺ എഐ സുരക്ഷാഗവേഷകനായ മാർക്കസ് വില്യംസ് പറഞ്ഞു.
എഐ മോഡലുകൾക്കുമേൽ നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് വില്യംസ് പറയുന്നു. എഐ മേഖലയിൽ കർശനമായ സർക്കാർ നിയമനിർമാണങ്ങളോ, അല്ലെങ്കിൽ എഐ ലാബുകൾ ചേർന്ന് ഗവേഷണങ്ങളുടെ വേഗം കുറയ്ക്കുന്നതിനുള്ള ധാരണയോ ഉണ്ടാകണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അതുണ്ടായില്ലെങ്കിൽ അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ മനുഷ്യവംശം വംശനാശം നേരിടാൻ 70 ശതമാനം സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ആന്ത്രോപിക്, ഓപ്പൺ എഐ പോലുള്ള കമ്പനികൾ അടുത്തിടെ അവതരിപ്പിച്ച മിത്തോസ്, ആസ്ട്ര പോലുള്ള എഐ മോഡലുകളാണ് എഐയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഇടയാക്കുന്നത്. ഓപ്പൺ എഐയുടെ ഒരു പരീക്ഷണ മോഡൽ അടുത്തിടെ ഹഗ്ഗിങ് ഫേസ് എന്ന യുഎസ് കമ്പനിയുടെ കംപ്യൂട്ടർ സിസ്റ്റത്തിൽ നിയന്ത്രണംവിട്ട് കടന്നുകയറിയിരുന്നു. ഇതിനുപുറമെ ഓപ്പൺ എഐ ഏജന്റുകൾ തങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടന്ന്, പേരുവെളിപ്പെടുത്താത്ത പത്തോളം വെബ്സൈറ്റുകൾ വഴി അനുമതിയില്ലാതെ സന്ദേശങ്ങൾ കൈമാറിയതായും ഗവേഷകർ കണ്ടെത്തി.
എഐയുടെ കഴിവുകൾ അതിവേഗം വികസിക്കുന്നത് സമീപഭാവിയിൽത്തന്നെ ഈ സാങ്കേതികവിദ്യയ്ക്കുമേലുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന തരത്തിലുള്ള മഹാവിപത്തിന് കാരണമായേക്കുമെന്നാണ് മുൻ അമേരിക്കൻ ഗവൺമെന്റ് സാങ്കേതിക ഉപദേഷ്ടാവും ഓപ്പൺ എഐയുടെ ബോർഡ് ആൻഡ് സേഫ്റ്റി കമ്മിറ്റി അംഗവുമായ പോൾ ക്രിസ്റ്റ്യാനോ പറയുന്നത്.
എഐ സൂപ്പർഇന്റലിജൻസിനെ കൃത്യമായ മുൻകരുതലുകളോടെയും സുരക്ഷാമാനദണ്ഡങ്ങളോടെയും വികസിപ്പിച്ചില്ലെങ്കിൽ, അതിന്റെ നിയന്ത്രണം നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും അങ്ങനെ സംഭവിച്ചാൽ ഭൂരിഭാഗം മനുഷ്യരും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഓപ്പൺ എഐ അടക്കമുള്ള ഈ മേഖലയിലെ സ്ഥാപനങ്ങൾ ആരുതന്നെ ഈ വലിയ അപകടസാധ്യതകൾ ഒഴിവാക്കാൻ തക്കവിധം സുരക്ഷാമുൻകരുതലുകൾ എടുക്കുന്നതിൽ മുന്നിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Leading AI safety researchers, including experts associated with OpenAI, warn that unchecked advances in superintelligent AI models could breach human control and pose up to a 70% risk of human extinction within the next three years without urgent regulatory intervention.