നിര്‍മിതബുദ്ധിയുടെ കാലത്തെ തൊഴിൽ ലഭ്യതയും സ്ഥിരതയും - വിദഗ്ദർ പ്രതികരിക്കുന്നു

Representational Image | Created Using AI
Representational Image | Created Using AI

പുതിയ കാലത്ത്, സമരാത്മകമായ തൊഴിലാളിശക്തി അപ്രത്യക്ഷമാകുകയും അതിധനികാനുകൂല സാമ്പത്തികനയങ്ങള്‍ വേരോട്ടമുണ്ടാക്കുകയുംചെയ്തതോടെ തൊഴില്‍സുരക്ഷ എന്ന ആശയം അപ്രസക്തിയിലേക്കു നിപതിച്ചു. ഇനിയിപ്പോള്‍ നിര്‍മിതബുദ്ധിപോലുള്ള നവസാങ്കേതികവിദ്യകള്‍കൂടി രംഗം കീഴടക്കുന്നതോടെ തൊഴില്‍ലഭ്യതയുടെയും തൊഴില്‍സ്ഥിരതയുടെയും അവസ്ഥയെന്താകും? വിദഗ്ധര്‍ പ്രതികരിക്കുന്നു...

ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ | Photo: Mathrubhumi

നഷ്ടമാകുന്നത് ക്രിയാത്മകതയുടെ ആനന്ദം

ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍

തൊഴിലാളിയെന്നാല്‍ ഖനികളില്‍ ജോലിചെയ്യുന്നവരെന്നോ വലിയ ചുമടെടുക്കുന്നവരെന്നോ ഒക്കെയാണ് പരമ്പരാഗതമായി നാം കരുതിപ്പോരുന്നത്. ഇന്നു നല്ലൊരുവിഭാഗം ആളുകള്‍ കായികശക്തി ഉപയോഗിച്ചല്ല ജോലിചെയ്യുന്നത്. ഫാക്ടറിക്കകത്തുപോലും യന്ത്രങ്ങളുംമറ്റും ഉപയോഗിച്ചാണ് ജോലിചെയ്യുന്നത്. ഈ ഘട്ടത്തിലാണ് നിര്‍മിതബുദ്ധിയുടെ രംഗപ്രവേശം. അതു തൊഴില്‍രംഗം എത്രത്തോളം കവര്‍ന്നെടുക്കുമെന്നതു പ്രസക്തമായ വിഷയമാണ്. അതിന്റെ ഉത്തരം അത്ര വ്യക്തമല്ലെങ്കിലും ഒരുപാടു ജോലികള്‍ക്കു മാറ്റമുണ്ടാകും. തൊഴില്‍ ഇല്ലാതാവുകയല്ല, ചില തൊഴിലുകള്‍ക്കുപകരം മറ്റൊരുതൊഴില്‍ ഉണ്ടാകുകയാണ്. അതുപക്ഷേ, പരമ്പരാഗത തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുതന്നെ കിട്ടണമെന്നില്ല. മാറുന്നസാഹചര്യത്തിനനുസരിച്ച് നൈപുണിവികസനം നടത്തിയില്ലെങ്കില്‍ പുതിയ അവസരം ലഭിക്കണമെന്നുമില്ല. അതേസമയം തൊഴില്‍ എത്രത്തോളം നഷ്ടപ്പെടുമെന്നു വ്യക്തമായി പ്രവചിക്കാനാകില്ല.

വ്യാവസായികവിപ്ലവം വന്നപ്പോള്‍ ഒരുപാടുതൊഴിലുകള്‍ നഷ്ടമാകുകയും പുതിയതൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയുംചെയ്തു. അന്നും കായികശേഷി ആവശ്യമായ തൊഴിലുകളാണ് നമുക്കുനഷ്ടമായത്. കടത്തുകാരനുപകരം ബോട്ടും നാരായംകൊണ്ട് എഴുതുന്നതിനുപകരം അച്ചടിയന്ത്രവും വന്നത് ഉദാഹരണം. അതു ചിലര്‍ക്ക് തൊഴില്‍നഷ്ടമാക്കി, മറ്റുചിലര്‍ക്കു കിട്ടുകയുംചെയ്തു. നിര്‍മിതബുദ്ധി വന്നപ്പോള്‍ ബൗദ്ധികമായി നിര്‍വഹിച്ചിരുന്ന തൊഴിലുകള്‍ക്ക് മാറ്റമുണ്ടാവുകയാണ്. നാരായം ഉപയോഗിച്ചെഴുതുന്നത് കംപ്യൂട്ടര്‍ വന്നപ്പോള്‍ മാറിയെങ്കിലും ടൈപ്പും രൂപകല്പനയുമൊക്കെ ഒരുപരിധിവരെ നിലനിന്നു. ഇപ്പോള്‍ ടൈപ്പിങ്ങിന്റെതന്നെ ആവശ്യമില്ലെന്നുവന്നിരിക്കുന്നു. ടൈപ്പിസ്റ്റുതന്നെ ഇപ്പോള്‍ ആവശ്യമില്ല. അതുപോലെ മാറ്റംവന്നൊരു മേഖലയാണ് ഫോട്ടോഗ്രഫി. രാസഘടകങ്ങള്‍ ഉപയോഗിച്ചു ഫോട്ടോ തയ്യാറാക്കുന്നതിനുപകരം ഗണിതശാസ്ത്രം പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ഫോട്ടോഗ്രഫി നിലവില്‍വന്നു. അതോടെ പരമ്പരാഗത സ്റ്റുഡിയോജോലികള്‍ ഇല്ലാതായി. അടുത്തഘട്ടമായി ജനറേറ്റീവ് എ.ഐ. ഉപയോഗിച്ച് നിമിഷാര്‍ധംകൊണ്ട് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനാകുന്നു. നിര്‍മിതബുദ്ധി തൊഴിലവസരങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിനൊപ്പം ക്രിയാത്മകജോലിചെയ്യുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിനുള്ള അവസരങ്ങളും ഇല്ലാതാക്കിക്കഴിഞ്ഞു. വ്യാവസായികവിപ്ലവവും അതാണുചെയ്തത്.

സര്‍ഗാത്മകപ്രവൃത്തികള്‍ ഒരു തൊഴില്‍ എന്നുപറയാനാകില്ലെങ്കിലും അതു മനുഷ്യനെ പൂര്‍ണനാക്കുകയും ആനന്ദംനല്‍കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. കവിതയും കഥയുമെഴുതുന്നതുവരെ നിര്‍മിതബുദ്ധി കൊണ്ടുപോവുകയാണ്. അതു നിലവില്‍ മനുഷ്യന്റെ സര്‍ഗശേഷിക്കു തുല്യമല്ല. നിര്‍മിതബുദ്ധിയുടെ ശൈശവമാണ്. അതു മനുഷ്യബുദ്ധിയെയും സര്‍ഗശേഷിയെയും മറികടന്നുപോകുകതന്നെചെയ്യും. സര്‍ഗപ്രവര്‍ത്തനത്തിനുള്ള വേദി നിര്‍മിതബുദ്ധിയുമായി പങ്കിടേണ്ടിവരും. പഠനം, അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് അതുപയോഗിക്കാനാകും. അപ്പോള്‍ത്തന്നെ തൊഴില്‍രംഗത്തുനിന്ന് അധ്യാപകനെ മാറ്റിനിര്‍ത്താനാകില്ല. സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയെയും ആനന്ദത്തെയും അട്ടിമറിക്കുന്നരീതിയിലുള്ള വ്യതിചലനം ഉണ്ടാകുമെന്നാണു നാം ഭയക്കുന്നത്. അങ്ങനെവരുമ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപ്പെന്‍ഷനുപകരം സാര്‍വത്രികപെന്‍ഷന്‍ ആവിഷ്‌കരിക്കേണ്ടിവരുമെന്നുവരെ ഭയപ്പെടുന്നുണ്ട്. അതിനുതകുന്നരീതയില്‍ സമ്പത്ത് ഉത്പാദിപ്പിക്കാനുള്ള അവസരം നമുക്കു നിര്‍മിതബുദ്ധി തരുമെന്നാണു കരുതുന്നത്.

(കേരള സര്‍വകലാശാല ബയോഇന്‍ഫൊര്‍മാറ്റിക്‌സ് വിഭാഗം മുന്‍ മേധാവിയാണു ലേഖകന്‍)


അഡ്വ. പി.എന്‍. മോഹനന്‍ | Photo: Mathrubhumi

പ്രത്യേക തൊഴില്‍നിയമം വേണം

അഡ്വ. പി.എന്‍. മോഹനന്‍

1926-ലാണ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നിയമം നിലവില്‍വന്നത്. 1947-ല്‍ വ്യവസായത്തര്‍ക്ക പരിഹാരനിയമവും നിലവില്‍വന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനനിയമങ്ങള്‍ ഇന്നും ഇവയാണ്. തൊഴിലുടമ, തൊഴിലാളി എന്നിവയുടെ നിര്‍വചനംതന്നെ മാറിമറിയുന്ന നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) ഈ പുതിയകാലത്ത് നിലവിലെ തൊഴില്‍നിയമങ്ങള്‍ വ്യവസായസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും പര്യാപ്തമാണോ എന്നചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

തൊഴിലിടങ്ങളെക്കുറിച്ചുള്ള സങ്കല്പംതന്നെ മാറിയ കാലമാണിപ്പോള്‍. പ്രത്യേകിച്ചും ഐ.ടി. മേഖലയിലൊക്കെ. വീടുകള്‍ തൊഴിലിടങ്ങളായിമാറി. പക്ഷേ, വ്യവസായത്തര്‍ക്കപരിഹാരനിയമം കുറെയൊക്കെ അവിടെയും ബാധകമാണ്. സൂപ്പര്‍വൈസറി ഓഫീസറുടെ കാറ്റഗറിയില്‍വരാത്ത സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരൊക്കെ തൊഴിലാളി എന്ന നിര്‍വചനത്തില്‍വരും. എത്ര ശമ്പളം ലഭിക്കുന്നു എന്നതൊന്നും അവിടെ ബാധകമല്ല. പക്ഷേ, ഐ.ടി. മേഖലയില്‍ കണക്കിലെടുക്കുന്നത് കമ്പനിജീവനക്കാര്‍ക്കു നല്‍കുന്ന നിയമന ഉത്തരവാണ്. രണ്ടോ മൂന്നോ മാസത്തെ ശമ്പളംനല്‍കി, കാരണം കാണിക്കാതെ പിരിച്ചുവിടാന്‍ കഴിയുന്നവിധമാണ് പലപ്പോഴും ഐ.ടി. കമ്പനികള്‍ നിയമന ഉത്തരവുനല്‍കുന്നത്.

ഇതു സൃഷ്ടിക്കുന്ന സുരക്ഷിതത്വമില്ലായ്മ ഐ.ടി. മേഖലയിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരംകാണാന്‍ വ്യവസായത്തര്‍ക്കപരിഹാരനിയമം പര്യാപ്തമല്ല. മാനേജീരിയല്‍ കാറ്റഗറിയിലിരിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍വരുന്നരീതിയിലുള്ള നിയമമാണു വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണു നടപടി സ്വീകരിക്കേണ്ടത്.

നിര്‍മിതബുദ്ധി നിയന്ത്രിതമായി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. ഇക്കാര്യത്തിലും നിയമനിര്‍മാണംവേണം. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ആഗോളതലത്തില്‍ ഇത് 60 മുതല്‍ 65 ശതമാനംവരെയാണ്. തൊഴില്‍ നഷ്ടമാകുമ്പോള്‍ രാജ്യത്തുതന്നെ അസ്വസ്ഥതയുണ്ടാകും. നിര്‍മിതബുദ്ധി നിയന്ത്രിതമായി ഉപയോഗിക്കണം എന്നുപറയുന്നത് ഇതിനാലാണ്. ഇക്കാര്യത്തില്‍ നിയമം ഉണ്ടായില്ലെങ്കില്‍ അതു ഭാവിയില്‍ വലിയപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

മുപ്പതോളം തൊഴില്‍നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയെ നാലായി വിഭജിച്ച് നാലുകോഡുകളാക്കി മാറ്റിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. അവകാശങ്ങള്‍ക്കായുള്ള സമരത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നതാണ് ഈ മാറ്റം. മുന്പ് യൂട്ടിലിറ്റി സര്‍വീസില്‍മാത്രമായിരുന്നു സമരത്തിനു മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത്. പുതിയ നിയമത്തില്‍ എല്ലാസ്ഥാപനങ്ങളിലും മുന്‍കൂര്‍ നോട്ടീസ് വേണം.

ഐ.ടി. സെക്ടറിലൊക്കെ നിലവില്‍ മോശമല്ലാത്ത ശമ്പളമുണ്ട്. പക്ഷേ, തൊഴില്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടമാകാം എന്ന ഭീതി ആ മേഖലയിലുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പരിഹാരം കാണാനൊരു വഴിയില്ലെന്നതാണ് ഐ.ടി. മേഖല നേരിടുന്നപ്രശ്‌നം.

പിരിച്ചുവിടപ്പെട്ട ഐ.ടി. മേഖലയിലെ തൊഴിലാളികള്‍ക്കു നല്‍കാന്‍കഴിയുക നഷ്ടപരിഹാരത്തിനുള്ള ഒരു സ്യൂട്ടാണ്. അതിനു ഫീസായിപ്പോലും വലിയതുക നല്‍കേണ്ടിവരും. ഐ.ടി., സ്വാശ്രയവിദ്യാഭ്യാസം പോലുള്ള മേഖലകള്‍ക്കു ബാധകമായ പ്രത്യേക തൊഴില്‍നിയമമുണ്ടാകണം. എങ്കില്‍മാത്രമേ അവിടെയൊക്കെ തൊഴില്‍സ്ഥിരതയുണ്ടാകൂ.

(തൊഴില്‍നിയമങ്ങളില്‍ വിദഗ്ധനായ ഹൈക്കോടതി അഭിഭാഷകനാണു ലേഖകന്‍)


ഡോ. സജി ഗോപിനാഥ് | Photo: Mathrubhumi

സാധ്യത തുറന്നിടും

ഡോ. സജി ഗോപിനാഥ്

നിര്‍മിതബുദ്ധി(എ.ഐ.) എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും അറിഞ്ഞില്ലെങ്കില്‍ വലിയ വെല്ലുവിളിയാകും. നിര്‍മിതബുദ്ധി ഉപയോഗിച്ച് സ്വന്തം ജോലിയില്‍ എങ്ങനെ മികവുണ്ടാക്കാനാവും എന്നാണിനി ചിന്തിക്കേണ്ടത്. ഇതിന് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാന്‍ പാഠ്യപദ്ധതിയില്‍ത്തന്നെ മാറ്റംവേണം. നിര്‍മിതബുദ്ധി ഇന്നുള്ള തൊഴില്‍മേഖലകളില്‍ ചിലത് ഇല്ലാതാക്കിയേക്കാം. എന്നാല്‍, ഇന്ത്യയെപ്പോലൊരു രാജ്യത്ത് വലിയ തൊഴില്‍നഷ്ടം ഉണ്ടാകില്ലെന്നാണു കരുതുന്നത്.

കായികശേഷി അവശ്യമായത്, ബൗദ്ധികമായത് -അതായത് കൊഗ്‌നീറ്റീവ് ടൈപ്പ്, ക്രിയേറ്റിവിറ്റി ആവശ്യമായത് എന്നിങ്ങനെ തൊഴില്‍മേഖലയെ തിരിക്കാം. എ.ഐ. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബൗദ്ധികമായ ജോലികളെയാണ്. പരമ്പരാഗതതൊഴിലില്‍ കൃഷി, ടെക്സ്‌റ്റൈല്‍സ്, ഹാന്‍ഡ്ലൂം തുടങ്ങിയ മേഖലകളൊക്കെ വരും. നിര്‍മിതബുദ്ധിയെ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ പരമ്പരാഗതതൊഴിലുകളെ പ്രോജ്ജ്വലിപ്പിക്കാനാവും. ഇന്നു പരമ്പരാഗതമെന്നു പറയുന്നത് ഒരുപക്ഷേ, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ തൊഴിലിനെയാണ്. നിര്‍മിതബുദ്ധി ഇരുപതാം നൂറ്റാണ്ടിലെ തൊഴിലിനെയാണു ബാധിക്കുക. ഈ നൂറ്റാണ്ടിലാണ് ഒരുപാട് പുതിയ ജോലികള്‍ വന്നത്. കായികശേഷിയുമായി ബന്ധപ്പെട്ട ജോലികളെ ഇന്നത്തെ നിലയില്‍ ഐ.ഐ. സ്വാധീനിക്കില്ല.

എ.ഐ.യെ ഇപ്പോഴാണ് കേള്‍ക്കുന്നതെങ്കിലും ഒരുപാട് നാളായി അത് നമ്മുടെ ചുറ്റുമുണ്ട്. ഉദാഹരണത്തിന് റോബോട്ടിക്‌സ്. ബൗദ്ധികമേഖലയില്‍ കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്നുണ്ട്. ഒരു ഓഫീസ് അസിസ്റ്റന്റ് അല്ലെങ്കില്‍ റിസപ്ഷനിസ്റ്റ് മുതല്‍ ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ മേഖലകളിലാണ് എ.ഐ.യുടെ വലിയസ്വാധീനം ഉണ്ടാകാന്‍ പോകുന്നത്. ക്രിയേറ്റീവ് ജോലികളിലും ഒരു പരിധിവരെയുണ്ടാകും. എല്ലാതരം ക്രിയേറ്റിവിറ്റിയും നിര്‍മിതബുദ്ധികൊണ്ട് മാറ്റിസ്ഥാപിക്കാവുന്ന രീതിയിലായിട്ടില്ല.

വികസിതരാജ്യങ്ങളില്‍ നിര്‍മിതബുദ്ധി വലിയ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. എന്നാല്‍, നമ്മുടെ രാജ്യത്ത് കൂടുതല്‍ സാധ്യത തുറന്നിടും; സൂക്ഷിച്ചും തിരിച്ചറിഞ്ഞും കൈകാര്യംചെയ്യണമെന്നുമാത്രം.

(കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറാണു ലേഖകന്‍)

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Content Highlights: artificial intelligence technologies impact on employment