വ്യക്തിഗത ചാറ്റുകളില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ച് അരട്ടൈ

ഇന്ത്യന്‍ മെസേജിങ് ആപ്ലിക്കേഷനായ അരട്ടൈയില്‍ ഉപഭോക്താക്കള്‍ ഏറെനാളുകളായി ആവശ്യപ്പെടുന്ന എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. വ്യക്തിഗത ചാറ്റുകളില്‍ നേരത്തെ എന്‍ക്രിപ്ഷന്‍ ഉണ്ടായിരുന്നില്ല. ഈ പ്രൈവസി അപ്‌ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനുമല്ലാതെ കമ്പനിക്കോ മറ്റാര്‍ക്കെങ്കിലുമോ കാണാന്‍ സാധിക്കില്ല. വാട്‌സാപ്പ്, സിഗ്നല്‍, ടെലഗ്രാം പോലുള്ള ആപ്പുകളില്‍ സമാനമായ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്.
അരട്ടൈയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ ഇതിനകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം എത്തിക്കഴിഞ്ഞു. ഇതിനായി അരട്ടൈയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ആന്‍ഡ്രോയിഡിലെ വി1.33.6 വേര്‍ഷന്‍, ഐഒഎസിലെ വി.1.17.23, ഡെസ്‌ക്ടോപ്പിലെ വി 1.0.7 എന്നിവയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അപ്‌ഡേറ്റിന് ശേഷം ചാറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ഒരു ചെറിയ ഷീല്‍ഡ് ഐക്കണ്‍ കാണാനാവും.
അരട്ടൈയിലെ എന്‍ക്രിപ്ഷന്‍
മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായൊരു രീതിയിലാണ് അരട്ടൈ ആപ്പിലെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നത്. അരട്ടൈയില്‍ എന്റ് ടു എന്റ് ആക്ടിവേറ്റ് ആവുന്നതോടെ പഴയ ചാറ്റ് ത്രെഡ്ഡില്‍ ചാറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല. പകരം എന്‍ക്രിപ്ഷനോടുകൂടിയ പുതിയ ചാറ്റ് സെഷന്‍ സൃഷ്ടിക്കപ്പെടും. എന്‍ക്രിപ്റ്റ് ചെയ്യാത്ത പഴയ ചാറ്റ് സെഷനുകള്‍ ആര്‍ക്കൈവ് ചെയ്യപ്പെടുകയും റീഡ് ഓണ്‍ലി ആവുകയും ചെയ്യും. പഴയ ചാറ്റുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നേരെ പുതിയ എന്‍ക്രിപ്റ്റഡ് ചാറ്റ് വിന്‍ഡോയിലേക്കാണ് തുറക്കുക.
എന്‍ക്രിപ്ഷന്‍ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെട്ടതിന് ശേഷം വരുന്ന ഓരോ സന്ദേശവും എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് കമ്പനി പറഞ്ഞു.
എല്ലാവരും അപ്‌ഡേറ്റ് ചെയ്യണം
എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ള പുതിയ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് മൂന്ന് ദിവസം മാത്രമാണ് ഇളവ് നല്‍കുക. ഈ കാലയളവ് കഴിഞ്ഞാല്‍ എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാത്ത ആപ്പുകളില്‍ മുന്നറിയിപ്പുകള്‍ കാണിക്കും. 72 മണിക്കൂറിന് ശേഷം അപ്‌ഡേറ്റ് നിര്‍ബന്ധിതമാക്കും. അതിന് ശേഷം എല്ലാവരേയും ഓട്ടോമാറ്റിക്കായി പുതിയ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യും.
നിലവില്‍ വ്യക്തിഗത ചാറ്റുകള്‍ക്ക് മാത്രമാണ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. അരട്ടൈ ആപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടാവില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അതും അവതരിപ്പിക്കും. ഇതോടൊപ്പം ചാറ്റ് ബാക്കപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും കമ്പനി അവതരിപ്പിക്കും.
Content Highlights: Arattai messaging app now offers end-to-end encryption for personal chats, ensuring your messages are private and secure. Update now for ultimate security!