IOS 27, macOS 27 Golden Gate അവതരിപ്പിച്ച് ആപ്പിൾ; പുതിയ സവിശേഷതകളും അറിയേണ്ട കാര്യങ്ങളും

ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ആപ്പിൾ തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ് 27 (iOS 27), മാക് ഒഎസ് 27 ഗോൾഡൻ ഗേറ്റ് (macOS 27 Golden Gate) എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചു. മികച്ച പ്രകടനം, പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ, പുനർരൂപകൽപ്പന ചെയ്ത സിരി എഐ, മികച്ച പാരന്റൽ കൺട്രോളുകൾ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നോക്കാം.
ഐഒഎസ് 27 സവിശേഷതകൾ
യൂസർ ഇന്റർഫെയ്സിൽ സമൂലമായ ഡിസൈൻ മാറ്റമല്ല ഇത്തവണ; മറിച്ച് ഫോണിന്റെ വേഗതയും ദൈനംദിന ഉപയോഗം കൂടുതൽ സുഗമമാക്കുന്നതിലുമാണ് ഐഒഎസ് 27 ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ നിർമിത ബുദ്ധി (AI) അധിഷ്ഠിത സേവനങ്ങൾ മികച്ച രീതിയിൽ ഒഎസിൽ ഉടനീളം ലഭ്യമാക്കാനും.
അതിവേഗത്തിലുള്ള ആപ്പ് ലോഞ്ചിംഗ്, വേഗത്തിലുള്ള ഫോട്ടോ പ്രോസസ്സിംഗ്, മികച്ച എയർഡ്രോപ്പ് വേഗത എന്നിവ ഇതിൽ ലഭ്യമാകും. ഐഒഎസ് 26-ൽ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് ഡിസൈൻ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് ഇത്തവണ.
ആപ്പിൾ ഇന്റലിജൻസിന്റെ പിൻബലമുള്ള പുതിയ സിരി എഐ ആണ് പുതിയ ഒഎസിലെ ഏറ്റവും വലിയ മാറ്റം. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ മനസ്സിലാക്കാനും മെസ്സേജുകൾ, ഇമെയിലുകൾ, ഫോട്ടോകൾ എന്നിവയിലൂടെയെല്ലാം ഉപഭോക്താവിനോട് ഇടപെടാനും സിരിക്ക് സാധിക്കും. കൂടാതെ ഫോൺ സ്ക്രീനിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനും വെബിൽനിന്ന് പുതിയ വിവരങ്ങൾ ശേഖരിക്കാനും സിരിക്ക് സാധിക്കും. ഗൂഗിളിന്റെ എഐ പിന്തുണയിലാണ് പുതിയ സിരി എഐ ഒരുക്കിയിരിക്കുന്നത്. ഐക്ലൗഡ് വഴി മുൻ സംഭാഷണങ്ങൾ പരിശോധിക്കാനും അവ മറ്റ് ആപ്പിൾ ഡിവൈസുകളിൽ തുടരാൻ സഹായിക്കുന്ന ഒരു പ്രത്യേക സിരി ആപ്പും ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്.
ഐഒഎസ് 27 ലഭിക്കുന്ന ഫോണുകൾ
- ഐഫോൺ 11 സീരീസ് മുതലുള്ള ഫോണുകൾക്ക് ഈ പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.
- ഐഫോൺ 17, 17 എയർ, 17 പ്രോ, 17 പ്രോ മാക്സ്
- ഐഫോൺ 16e, 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ്
- ഐഫോൺ 15, 14, 13, 12, 11 സീരീസുകളിലെ എല്ലാ മോഡലുകൾക്കും
- ഐഫോൺ SE (രണ്ടാം തലമുറയും അതിനുശേഷമുള്ളവയും)
മാക് ഒഎസ് 27 ഗോൾഡൻ ഗേറ്റ്
ആപ്പിൾ തങ്ങളുടെ കമ്പ്യൂട്ടറുകൾക്കായി (MacBook, iMac, Mac Pro മുതലായവ) പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒഎസ് 27 ഗോൾഡൻ ഗേറ്റ്. മെച്ചപ്പെട്ട ആപ്പിൾ ഇന്റലിജൻസ് സൗകര്യങ്ങൾ, പുതിയ സിരി എഐ എന്നിവയാണ് പുതിയ ഒഎസിന്റെ പ്രധാന സവിശേഷതകൾ. ഇതോടൊപ്പം മികച്ച പാരന്റൽ കൺട്രോൾ, സ്ക്രീൻ ടൈം ടൂളുകൾ എന്നിവയും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
സിരിക്കായുള്ള പ്രത്യേകം ആപ്പ് മാക്കിലും ലഭ്യമാകും. സ്പോട്ട്‌ലൈറ്റിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ സിരി എഐ സഹായം ലഭ്യമാകും. ഒന്നോ അതിലധികമോ ഫയലുകളിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, ആ ഫയലുകളിലെ വിവരങ്ങളെക്കുറിച്ച് സിരിയോട് സംശയങ്ങൾ ചോദിക്കാനും മനസ്സിലാക്കാനും സാധിക്കും. മെയിൽ, മെസ്സേജസ് തുടങ്ങിയ ആപ്പുകളിൽ ഡോക്യുമെന്റുകൾ എഴുതാനും തിരുത്താനും ഇത് സഹായിക്കും.
ഇത് കൂടാതെ സഫാരി ഉൾപ്പെടെയുള്ള ആപ്പിളിന്റെ മറ്റ് ആപ്പുകളിലും ആപ്പിൾ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ ലഭ്യമാകും. നിർമിത ബുദ്ധി (AI) സഹായത്തോടെ കൂടുതൽ സ്മാർട്ടായി മാക്ക് ഉപയോഗിക്കാനും സ്വാഭാവികമായ സംഭാഷണത്തിലൂടെ മാക്ക് ഉപയോഗിക്കാനും സിരി എഐ സഹായിക്കും.
മാക്ക് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി പാരന്റൽ കൺട്രോൾ, സ്ക്രീൻ ടൈം ടൂളുകൾ പുതിയ മാക് ഒഎസ് 27 ഗോൾഡൻ ഗേറ്റിൽ വിപുലീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള അക്കൗണ്ട് എളുപ്പത്തിൽ തയ്യാറാക്കാനും, കോൺടാക്റ്റ് അപ്രൂവലുകൾ നൽകാനും ഇതിൽ സൗകര്യമുണ്ട്. ആസ്ക് ടു ബ്രൗസ് വഴിയുള്ള വെബ്സൈറ്റ് ആക്സസ് മാനേജ്മെന്റ്, മികച്ച കമ്മ്യൂണിക്കേഷൻ സേഫ്റ്റി തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗെയിമുകൾ, വിനോദം, സോഷ്യൽ മീഡിയ തുടങ്ങിയ ആപ്പുകളുടെ ഉപയോഗത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കും.
മാക് ഒഎസ് ഗോൾഡൻ ഗേറ്റ് ഏതെല്ലാം മോഡലുകളിൽ ലഭിക്കും?
- ആപ്പിൾ സിലിക്കൺ M-സീരീസ് ചിപ്പുകൾ (M1, M2, M3, M4) ഉള്ള മാക്കുകളിൽ മാത്രമേ ഈ പുതിയ ഒഎസ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ.
- 2019-ലെ മാക്ബുക്ക് പ്രോ 16-ഇഞ്ച്, മാക് പ്രോ, 2020-ലെ മാക്ബുക്ക് പ്രോ 13-ഇഞ്ച്, ഐമാക് (iMac) തുടങ്ങി മാക് ഒഎസ് ടാഹോ (macOS Tahoe) പിന്തുണച്ചിരുന്ന ഇന്റൽ മാക്കുകൾക്ക് പുതിയ ഫീച്ചറുകൾ ലഭിക്കില്ല. എന്നാൽ അവർക്ക് സുരക്ഷാ അപ്ഡേറ്റുകൾ തുടർന്നും ലഭിക്കും.
എപ്പോൾ അപ്ഡേറ്റ് എത്തും?
നിലവിൽ ഡെവലപ്പർമാർക്ക് ഐഒഎസ് 27 ഡെവലപ്പർ ബീറ്റ 1-ൽ പുതിയ ഒഎസ് ലഭ്യമാണ്. പബ്ലിക് ബീറ്റ അടുത്ത മാസം പുറത്തിറങ്ങും. ഈ വർഷം അവസാനത്തോടെ പുതിയ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
Content Highlights: Apple has officially unveiled iOS 27 and macOS 27 Golden Gate at WWDC, featuring Google AI-powered Siri integration, enhanced performance speeds, and advanced parental control tools for eligible iPhones and M-series Macs.