ജെമിനിയുടെ കരുത്തിൽ ആപ്പിൾ സിരി; പ്രത്യേക ആപ്പ്, ഓട്ടോ ഡിലീറ്റ് ഫീച്ചർ

പരിഷ്കരിച്ച സിരി ഈ വർഷം ആപ്പിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമിത ബുദ്ധി (Artificial Intelligence) അടിസ്ഥാനമാക്കിയുള്ള കഴിവുകൾ സിരിയ്ക്ക് നൽകുന്നതിന് വേണ്ടി ഗൂഗിളിന്റെ ജെമിനി എഐ (AI) മോഡലുകളാണ് ആപ്പിൾ ഉപയോഗിക്കുക. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിൽ കരാറൊപ്പിട്ടു.
നിർമിത ബുദ്ധി അധിഷ്ഠിത സിരിയിൽ എന്തെല്ലാം സൗകര്യങ്ങളാണുണ്ടാവുക? പുതിയ റിപ്പോർട്ട് അനുസരിച്ച് ചാറ്റ് ഹിസ്റ്ററി സ്വയം നീക്കം ചെയ്യുന്ന ഓട്ടോ ഡിലീറ്റ് (Auto Delete) ഫീച്ചർ സിരിയിലുണ്ടാവും. സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്ന് പറയപ്പെടുന്നു. അതായത്, സിരിയുമായുള്ള സംഭാഷണങ്ങൾ 30 ദിവസത്തേക്കോ ഒരു വർഷത്തേക്കോ അല്ലെങ്കിൽ എന്നെന്നേക്കുമായോ സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞേക്കും. അത് കഴിഞ്ഞാൽ ചാറ്റുകൾ ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യും. ഐമെസേജസ് (iMessage) ആപ്പിൽ ലഭ്യമായ ഫീച്ചറിന് സമാനമായിരിക്കും ഇത്.
സിരിയ്ക്ക് പ്രത്യേക ആപ്പും ഉണ്ടാവും. ഇതിന്റെ ഭാഗമായിരിക്കും ഓട്ടോ ഡിലീറ്റ് ഓപ്ഷൻ. അത്യാധുനിക എഐ മോഡലുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ചാറ്റ് ജിപിടിയ്ക്കും (ChatGPT) ജെമിനിയ്ക്കും സമാനമായ രീതിയിലുള്ള പ്രതികരണങ്ങളായിരിക്കും സിരി നൽകുക.
സാധാരണനിലയിൽ മുൻകാല ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് ചാറ്റ്ബോട്ടുകൾ കൂടുതൽ വ്യക്തിഗതമായ ആശയവിനിമയം നടത്താറുള്ളത്. എന്നാൽ അടുത്തിടെയായി ചാറ്റുകൾ സൂക്ഷിച്ചുവെക്കുന്ന രീതി മാറ്റി ഇൻകൊഗ്നിറ്റോ മോഡ് (Incognito Mode) പോലുള്ള സൗകര്യങ്ങൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. മെറ്റ അടുത്തിടെ ഇൻകൊഗ്നിറ്റോ മോഡ് അവതരിപ്പിച്ചിരുന്നു.
പരിഷ്കരിച്ച സിരി
ആപ്പിളിന്റെ പേഴ്സണൽ അസിസ്റ്റന്റ് (Personal Assistant) സേവനമായ സിരിയിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ അപ്ഡേറ്റ് ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലം നിർദേശങ്ങൾ അനുസരിക്കുക എന്നതിലുപരി സങ്കീർണമായ ചോദ്യങ്ങൾക്ക്, പ്രത്യേകിച്ചും സ്വാഭാവികമായ ഭാഷയിലുള്ള നിർദേശങ്ങളോട് പ്രതികരിക്കാനുള്ള കഴിവ് സിരിയ്ക്ക് ലഭിക്കും. നിലവിൽ അത്തരം ചില നിർമിത ബുദ്ധി അധിഷ്ഠിത സൗകര്യങ്ങൾ സിരിയിൽ ലഭ്യമാണ്. ഓപ്പൺ എഐയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി ചാറ്റ് ജിപിടി മോഡലുകളുടെ പിന്തുണയിലാണ് ആപ്പിൾ ഇത് ലഭ്യമാക്കിയത്. എന്നാൽ ഗൂഗിൾ ജെമിനിയുടെ പിൻബലത്തിലാവും പുതിയ മാറ്റങ്ങൾ.
സിരിയ്ക്ക് പുതിയ ആപ്പ് അവതരിപ്പിക്കുന്നതിനൊപ്പം, സെർച്ച് എന്നോ ആസ്ക് എന്നോ വിളിക്കപ്പെടുന്ന ഷോർട്ട്കട്ട് (Shortcut) ഫീച്ചർ ലഭ്യമാക്കിയേക്കും. സ്ക്രീനിൽ സ്വൈപ്പ് ചെയ്ത് ഇത് ആക്സസ് ചെയ്യാൻ സാധിക്കും. പഴയ ചാറ്റുകൾക്കൊപ്പം ഇത് തുറന്നുവരണോ അതോ ഓരോ തവണയും തുറക്കുമ്പോൾ പുതിയ ചാറ്റ് മതിയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
ഗൂഗിളിന്റെ പുതിയ എഐ മോഡലുകളായിരിക്കും ആപ്പിൾ സിരിയ്ക്ക് വേണ്ടി ഉപയോഗിക്കുക. എന്നാൽ ഈ മോഡൽ പ്രവർത്തിപ്പിക്കുന്നതിന് ഗൂഗിളിന്റെ തന്നെ കംപ്യൂട്ടിങ് ശേഷിയാണോ ആപ്പിൾ ഉപയോഗിക്കുക എന്നത് വ്യക്തമല്ല. സിരിയ്ക്ക് വേണ്ടി പ്രത്യേക സെർവറുകൾ പ്രവർത്തിപ്പിക്കാൻ ആപ്പിൾ ഗൂഗിളിനോട് ആവശ്യപ്പെട്ടേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആപ്പിളിന്റെ സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാവും ഈ നീക്കം.
ഈ വർഷം ജൂണിൽ നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ച് പുതിയ സിരി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഐഫോൺ 18 പ്രോ മോഡലുകൾക്കൊപ്പമെത്തുന്ന ഐഒഎസ് 27 വേർഷനിലാവും അനുയോജ്യമായ ഐഫോണുകളിൽ പുതിയ സിരി എത്തുക.
Content Highlights: Apple is partnering with Google to overhaul Siri using Gemini AI models, introducing advanced chatbot capabilities, a dedicated app, and a privacy-focused auto-delete feature for chat history.