സിരി എഐ ഉപയോഗിക്കാൻ പണം നൽകേണ്ടി വരുമോ? ആപ്പിളിന്റെ നീക്കങ്ങൾ എന്ത്?

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ ആപ്പിൾ പുതിയ സിരി എഐ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിന്റെ എഐ മോഡലുകളുടെ പിൻബലത്തിൽ അടിമുടി മാറ്റങ്ങളുമായാണ് സിരി എത്തിയിരിക്കുന്നത്. നൂതനമായ എഐ ഫീച്ചറുകൾ സിരിക്കുണ്ടാവുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളൊന്നും തന്നെ കമ്പനി പ്രഖ്യാപിക്കാതിരുന്നത് അതിശയകരമായിരുന്നു. കാരണം ജെമിനി, ചാറ്റ്ജിപിടി ഉൾപ്പടെയുള്ള എഐ പ്ലാറ്റ്‌ഫോമുകൾ പലതും നൂതനമായ എഐ ഫീച്ചറുകൾ സബ്‌സ്‌ക്രിപ്ഷൻ പേ വാളിനുള്ളിൽ വെച്ചിരിക്കുകയാണ്. പണം നൽകിയാൽ മാത്രമേ അവ ഉപയോഗിക്കാനാവൂ. എന്തുകൊണ്ടാണ് ആപ്പിൾ സിരിയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്രഖ്യാപിക്കാതിരുന്നത്?

തങ്ങൾ അവതരിപ്പിക്കുന്ന എഐ ഫീച്ചറുകൾക്ക് പണം ഈടാക്കാതിരിക്കാൻ മാത്രം ഉദാരമനസ്‌കരല്ല ആപ്പിൾ എന്നാണ് പ്രശസ്തനായ ആപ്പിൾ അനലിസ്റ്റായ മാർക്ക് ഗുർമൻ തന്റെ ഏറ്റവും പുതിയ ന്യൂസ് ലെറ്ററിൽ വ്യക്തമാക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിരിയിൽ താമസിയാതെ സബ്‌സ്‌ക്രിപ്ഷൻ വരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

അദ്ദേഹം പറയുന്നതനുസരിച്ച്, സിരിയിൽ നേരത്തെ ഉണ്ടായിരുന്ന ഫീച്ചറുകൾ ആപ്പിൾ സൗജന്യമായി തന്നെ നിലനിർത്തും. ഒപ്പം പുതിയതായി വരുന്ന മെസേജുകൾ പരിശോധിച്ച് വിവരങ്ങൾ നൽകുക, കലണ്ടർ എൻട്രികൾ കൈകാര്യം ചെയ്യുക തുടങ്ങി ഓൺ ഡിവൈസ് പ്രൊസസിങ് ആവശ്യമായി വരുന്ന ഉപഭോക്താവിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള കഴിവുകളും സൗജന്യമായിരിക്കും. എന്നാൽ ഇമേജ് ജനറേഷൻ, സംഭാഷണ ശൈലിയിലുള്ള സിരിയുടെ മറുപടികൾ എന്നിവയ്ക്കായി ചിലപ്പോൾ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടി വന്നേക്കും.

സാമ്പത്തിക ബാധ്യതയും ആപ്പിളിന്റെ നീക്കങ്ങളും

ഗുർമന്റെ ഈ പ്രവചനം യാഥാർത്ഥ്യമാകാൻ തന്നെയാണ് സാധ്യത, കാരണം ഈ എഐ സൗകര്യങ്ങൾ ഒരുക്കുന്നത് കമ്പനിയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. ജെമിനി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ഗൂഗിളിന് പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളറാണ് ആപ്പിൾ നൽകുന്നത്. കൂടാതെ, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സങ്കീർണ്ണമായ എഐ ടാസ്‌ക്കുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ചെലവുകളും കമ്പനിക്ക് വഹിക്കേണ്ടതുണ്ട്. നഷ്ടം സഹിക്കുന്ന ശീലം ആപ്പിളിനില്ലാത്തതിനാൽ, ഈ അധിക ചെലവുകൾ നികത്താൻ സബ്‌സ്‌ക്രിപ്ഷൻ രീതി കമ്പനി സ്വീകരിച്ചേക്കാം.

അതിനുള്ള സൂചനകൾ ഇപ്പോൾ തന്നെ കാണാം. നിലവിൽ ഐക്ലൗഡ് പ്ലസ് വരിക്കാർക്ക് സിരിയുടെ ഏറ്റവും നൂതനമായ സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കാൻ സൗകര്യമുണ്ട്. അവരുടെ ദൈനംദിന ഉപയോഗപരിധി കൂടുതലാണ്. അതേസമയം, ഭാവിയിൽ സിരിക്കായി ഒരു സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിച്ചാൽ അത് പ്രത്യേകമായി കൊണ്ടുവരുമോ അതോ ഐക്ലൗഡ്, ആപ്പിൾ വൺ എന്നിവയുടെ ഭാഗമായി തന്നെയാണോ അത് അവതരിപ്പിക്കുക എന്ന് കണ്ടറിയണം. എന്തായാലും പണം നൽകിയുള്ള സേവനങ്ങൾ വരാൻ സാധ്യതയേറെയാണ്.

തുടക്കത്തിൽ തന്നെ ഉപഭോക്താക്കളെ വെറുപ്പിക്കേണ്ട എന്നതുകൊണ്ടായിരിക്കാം ആപ്പിൾ ഇതുവരെയും സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് പറയാത്തത്. ഇപ്പോഴും ബീറ്റാ പതിപ്പിൽ തന്നെ നിൽക്കുന്ന സിരിയുടെ എഐ കഴിവുകളെ കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അത്ര നല്ല അഭിപ്രായമില്ല. തേഡ് പാർട്ടി എഐ സേവനങ്ങളെയാണ് അവർ ആശ്രയിക്കുന്നതും. പുതിയ അപ്‌ഡേറ്റിലൂടെ സ്വീകാര്യത നേടിയെടുക്കുകയും എഐയുടെ പേരിൽ ആപ്പിൾ ഉപേക്ഷിച്ചുപോയവരെ തിരികെ എത്തിക്കുകയും ചെയ്യാൻ സാധിക്കുന്നതോടെ സബ്‌സ്‌ക്രിപ്ഷൻ സംബന്ധിച്ച നീക്കങ്ങളുണ്ടായേക്കും.

Content Highlights: While Apple has not yet announced a subscription for its new AI-powered Siri, expert Mark Gurman predicts that advanced features like image generation and complex conversational AI will likely require a paid subscription to offset high operational costs.