ലോകത്ത് ഒരുരാജ്യത്തും കമ്പനി ഇങ്ങനെ ചെയ്യാറില്ല; സഞ്ചാർ സാഥി ആപ്പ് നിർദേശം പാലിക്കാൻ കഴിയില്ലെന്ന് ആപ്പിൾ

മുംബൈ: ഫോൺ വിൽപ്പനയ്ക്കെത്തും മുൻപ് ഇൻബിൽറ്റായി സർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദേശം പ്രതിരോധിക്കാനൊരുങ്ങി ആപ്പിൾ കമ്പനി. ഇക്കാര്യത്തിൽ കമ്പനിയുടെ ആശങ്ക സർക്കാരിനെ അറിയിക്കാനാണ് കമ്പനി തീരുമാനം. സൈബർസുരക്ഷ മുൻനിർത്തിയുള്ള ആപ്പാണ് ഇതെങ്കിലും ഫോണുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾ ചർച്ചയായ സാഹചര്യത്തിൽക്കൂടിയാണിത്.
ഏതെങ്കിലും സർക്കാർ ആപ്പുകൾ ഇൻബിൽറ്റ് ആയി ഉൾപ്പെടുത്തില്ലെന്നത് സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്ന ആപ്പിൾ കമ്പനിയുടെ നയത്തിന്റെ ഭാഗമാണ്. ലോകത്ത് ഒരുരാജ്യത്തും കമ്പനി ഇങ്ങനെ ചെയ്യാറില്ലെന്നും അതുകൊണ്ട് ഇന്ത്യയിൽ നിർദേശം പാലിക്കാൻകഴിയില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്നുമാണ് ആപ്പിൾവൃത്തങ്ങൾ നൽകുന്ന സൂചന.
ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികൾക്ക് പ്രത്യേകമായാണ് സർക്കാർ ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
Content Highlights: Apple plans to challenge India`s directive to pre-install the `Sanchar Saathi` app on iPhones, citing privacy concerns and company policy against government apps.