ഐപാഡ് എയര്‍, ഐപാഡ് മിനി; വിലകുറഞ്ഞ പുതിയ ഐപാഡ് മോഡലുകള്‍ ഒക്ടോബര്‍ 17 ന്

Photo: Apple
Photo: Apple

ഏറ്റവും പുതിയ ഐഫോണ്‍ 15 മോഡലുകള്‍ അടുത്തിടെയാണ് ആപ്പിള്‍ അവതരിപ്പിച്ചത്. അടുത്തയാഴ്ച മറ്റ് ചില ഉല്പന്നങ്ങള്‍ കൂടി ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അക്കൂട്ടത്തില്‍ പുതിയ ഐപാഡ് മോഡലുകളും അവതരിപ്പിച്ചേക്കുമെന്ന് ഓണ്‍ലൈന്‍ വെബ്‌സൈറ്റായ 9ടു5 മാക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 17 ന് പുതിയ ഐപാഡുകള്‍ അവതരിപ്പിക്കുമെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. 

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഐപാഡ് എയര്‍, ഐപാഡ് മിനി, ബേസ് മോഡലായ ഐപാഡ് എന്നിവ പുറത്തിറക്കിയേക്കും. ഡിസൈനിലും മറ്റും മാറ്റങ്ങളുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഹാര്‍ഡ് വെയറിലും ചിപ്പിലും പ്രവര്‍ത്തന ക്ഷമതയിലും മാറ്റങ്ങളുണ്ടായേക്കും. 

നിലവില്‍ വിപണിയിലുള്ള ഐപാഡ് എയര്‍ മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ്. എം1 ചിപ്പില്‍ പ്രവര്‍ത്തിക്കുന്നവയാണവ. എന്നാല്‍ പുതിയ മോഡല്‍ എം2 ചിപ്പിലേക്ക് മാറിയേക്കും. ഇതോടെ ടാബിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടും. 

ഐപാഡ് മിനി ആകട്ടെ, എ16 ചിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. നിലവില്‍ എ15 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് ബേസ് മോഡല്‍ ഐപാഡില്‍ അവസാന അപ്‌ഡേറ്റ് എത്തിയത്. കനം കുറഞ്ഞ ബെസല്‍സും, പുതിയ കളര്‍ ഓപ്ഷനുകളും സൈഡ് ബട്ടന്‍ ടച്ച് ഐഡിയും എല്ലാം ഉള്‍പ്പെടുത്തിയാണ് പത്താം തലമുറ ഐപാഡ് അവതരിപ്പിച്ചത്. വരാനിരിക്കുന്ന 11-ാം തലമുറ ഐപാഡിലെ ചിപ്പ് ഏതായിരിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ എ16 ചിപ്പ് തന്നെ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. 


 

Content Highlights: Apple said to announce new affordable iPads on October 17