'നിരീക്ഷണത്തിന് അവസരം ഒരുക്കുമോ?' കേന്ദ്ര നിര്‍ദേശം ആപ്പിള്‍ പാലിക്കാനിടയില്ല, ആശങ്ക അറിയിക്കും

സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ആപ്പിള്‍ അംഗീകരിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നീക്കം നിരീക്ഷണം സംബന്ധിച്ച ആശങ്കകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണിത്. ഐഫോണ്‍ അടക്കമുള്ളവയുടെ നിര്‍മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ആശങ്കകള്‍ ന്യൂഡല്‍ഹിയെ അറിയിക്കുമെന്നും പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനകം സഞ്ചാര്‍ സാഥി ആപ്പ് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി നിര്‍ദേശിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്താനും അവ ബ്ലോക്ക് ചെയ്യാനും ദുരുപയോഗം തടയാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവന്ന വിവരം. ആപ്പ് പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ വിതരണത്തിന് എത്തിച്ച ഉപകരണങ്ങളില്‍ നിര്‍മ്മാതാക്കള്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളിലൂടെ ആപ്പ് എത്തിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഈ നിര്‍ദേശം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ടെലികോം മന്ത്രാലയം പിന്നീട് ഈ നീക്കം സ്ഥിരീകരിച്ചിരുന്നു. സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടാനുള്ള നടപടിയെന്നാണ് അവര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ രാജ്യത്തെ 73 കോടി സ്മാര്‍ട്ട്ഫോണുകള്‍ സര്‍ക്കാരിന് നിരീക്ഷിക്കാനുള്ള മാര്‍ഗമാണിതെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതോടെ സഞ്ചാര്‍ സാഥി ആപ്പ് ഫോണുകളില്‍ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ആപ്പ് ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരം നിര്‍ദേശങ്ങള്‍ ലോകത്തെവിടെയും പാലിക്കാറില്ലെന്ന് ആപ്പിള്‍
ഈ നിര്‍ദ്ദേശം പാലിക്കാന്‍ ആപ്പിളിന് പദ്ധതിയില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. കമ്പനിയുടെ ഐഒഎസ് ഇക്കോസിസ്റ്റത്തിന് സ്വകാര്യതയുടെയും സുരക്ഷയുടെയും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ ലോകത്തെവിടെയും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല. ആപ്പിള്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളിലും ഹാക്കിങ്ങിലുമുള്ള സമീപകാല വര്‍ധന കണക്കിലെടുത്ത് അത്തരം നീക്കങ്ങള്‍ തടയുന്നതിനായി റഷ്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ കൈകോര്‍ക്കാനിരിക്കൊണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി വിവാദമാകുന്നത്.
കോടതിയെ സമീപിക്കാനോ പരസ്യ നിലപാട് സ്വീകരിക്കാനോ ആപ്പിള്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ സുരക്ഷാ ആശങ്കകള്‍ കാരണം ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. കുത്തക വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സിയുമായി ആപ്പിള്‍ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ ഉത്തരവ് ചര്‍ച്ചയാകുന്നത്. സാംസങ് ഉള്‍പ്പെടെയുള്ള മറ്റ് ബ്രാന്‍ഡുകള്‍ ഉത്തരവ് പരിശോധിച്ചുവരികയാണെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് സാംസങ് പ്രതികരിച്ചിട്ടില്ല.
Content Highlights: Apple plans to refuse India`s order to preload a state-backed cyber safety app on iPhones, citing privacy and security concerns. Discover why.