ശമ്പളമായി വർഷം 550 കോടി രൂപ! ആപ്പിളിന്റെ മേധാവിയായി ജോൺ ടെർനസ് എത്തുമ്പോൾ

#ടെക്നോളജി ഡെസ്ക്
ജോൺ ടെർനസ്, ആപ്പിൾ സിഇഒ | Photo: Gettyimages
ജോൺ ടെർനസ്, ആപ്പിൾ സിഇഒ | Photo: Gettyimages

മുംബൈ: ആപ്പിളിന്റെ പുതിയ സി.ഇ.ഒ.യായി ചുമതലയേറ്റ ജോൺ ടെർനസിന് 2026-27 സാമ്പത്തികവർഷം പ്രതിഫലമായി ലഭിക്കുക 550 കോടിയോളം (5.8 കോടി ഡോളർ) രൂപ. സ്ഥാനമൊഴിയുന്ന ടിം കുക്ക് എക്സിക്യുട്ടീവ് ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന് 4.7 കോടി ഡോളർ (ഏകദേശം 446 കോടി രൂപ) ആണ് വാർഷിക പ്രതിഫലം. യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു മുൻപാകെ കമ്പനി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

അടിസ്ഥാന ശമ്പളമായി ജോൺ ടെർനസിന് 30 ലക്ഷം ഡോളറാണ് ലഭിക്കുക. അതായത് 28.46 കോടി രൂപ. ബാക്കി 5.5 കോടി ഡോളറും കമ്പനിയുടെ ഓഹരികളായിരിക്കും. കമ്പനിയുടെ പ്രവർത്തനമികവു പരിഗണിച്ചായിരിക്കും 75 ശതമാനം വരെ ഓഹരികൾ കൈമാറുന്നത്. കമ്പനി ഓഹരിയുടെ വിപണിവിലയിലെ മാറ്റമനുസരിച്ച് ഇരുവർക്കും ലഭിക്കുന്ന പ്രതിഫലത്തിൽ വ്യത്യാസമുണ്ടാകാം.

സി.ഇ.ഒ. ആയി 15 വർഷത്തെ സേവനത്തിനുശേഷമാണ് ടിം കുക്ക്‌ സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന്റെ കാലത്ത് കമ്പനി പുതിയ ഒട്ടേറെ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ വാർഷികവരുമാനം 50,000 കോടി ഡോളറിനടുത്തെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഓഹരി വിലയിൽ 2,200 ശതമാനം വർധനയാണ് ടിം കുക്കിന്റെ കാലത്തുണ്ടായത്. ആപ്പിളിന്റെ ഹാർഡ് വേർ എൻജിനിയറിങ് വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡന്റായിരുന്ന ജോൺ ടെർനസ് ചൊവ്വാഴ്ചയാണ് സി.ഇ.ഒ. ആയി ചുമതലയേറ്റത്.

Content Highlights: Newly appointed Apple CEO John Ternus will receive an annual compensation package worth $58 million (approx. ₹550 crore) for 2026–27 as Tim Cook transitions to Executive Chairman after leading a 2,200% surge in stock value over 15 years.