ഗൂഗിള്‍ മാപ്പിന് എതിരാളിയാവുമോ? ആപ്പിള്‍ മാപ്പ് ഇനി ബ്രൗസറുകളിലും, വെബ് വേര്‍ഷന്‍ അവതരിപ്പിച്ചു

ആപ്പിള്‍ മാപ്പ് ഇനി വെബ്ബിലും ലഭിക്കും. നിലവില്‍ ബീറ്റ വേര്‍ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ലോകത്തെവിടെയുള്ളവര്‍ക്കും അവരുടെ ബ്രൗസറുകള്‍ വഴി ആപ്പിള്‍ മാപ്പ് ഉപയോഗിക്കാനാവും. ആപ്പിള്‍ മാപ്പിന്റെ മൊബൈല്‍ പതിപ്പില്‍ ലഭ്യമായിരുന്ന എല്ലാ വിവരങ്ങളും ഇനി വെബ് വേര്‍ഷനിലും ലഭിക്കും.
നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറില്‍ നിന്ന് beta.maps.Apple.com എന്ന യൂആര്‍എല്‍ സന്ദര്‍ശിച്ചാല്‍ ആപ്പിള്‍ മാപ്പിലെത്താം. വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വഴികാണിക്കുന്നതിനും, ചിത്രങ്ങള്‍, റേറ്റിങ്, റിവ്യൂ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനും ആപ്പിള്‍ മാപ്പ് വെബ് വേര്‍ഷനിലും സൗകര്യമുണ്ടാവും. മാപ്പ്‌സ് പ്ലേസ് കാര്‍ഡില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള അധിക സൗകര്യങ്ങളും ലഭ്യമാണ്.
മാക്കില്‍ സഫാരി, ക്രോം ബ്രൗസറുകളില്‍ ആപ്പിള്‍ മാക്ക് ഉപയോഗിക്കാനാവും. വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക്, ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളില്‍ ആപ്പിള്‍ മാപ്പ് സേവനം ലഭിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും മൊബൈല്‍ ബ്രൗസറുകളില്‍ ആപ്പിള്‍ മാപ്പ് ലഭിക്കില്ല. കൂടുതല്‍ ബ്രൗസറുകളിലേക്ക് താമസിയാതെ ആപ്പിള്‍ മാപ്പ് എത്തിയേക്കും. ഒപ്പം കൂടുതല്‍ ഫീച്ചറുകളും ലഭിച്ചേക്കും.
ഇന്ത്യയിലെ ജനപ്രിയ നാവിഗേഷന്‍ സേവനമാണ് ഗൂഗിള്‍ മാപ്പ്‌സ്. എന്നാല്‍ മാപ്പ്‌മൈഇന്ത്യയുടെ മാപ്പിള്‍സ്, വേസ് ഉള്‍പ്പടെയുള്ള മറ്റ് നാവിഗേഷന്‍ സേവനങ്ങളും ഇന്ത്യയില്‍ ലഭ്യമാണ്.
Content Highlights: apple map web version launched