“ഫോൺ എടുക്കൂ ജോൺ...": ഐഫോൺ ഡ്യുവോ പേര് മോഷ്ടിച്ചെന്ന് ഡ്യുവോലിംഗോ; കൂടെക്കൂടി സാംസങ്ങും

#ടെക്നോളജി ഡെസ്ക്
Iphone Duo, Duolingo Mascot | Photo: Apple, Duolingo
Iphone Duo, Duolingo Mascot | Photo: Apple, Duolingo

ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ അവതരിപ്പിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രസകരമായ വാക്പോര്. ഫോണിന് ഡ്യുവോ എന്ന് പേരിട്ടതാണ് ഭാഷാപഠന ആപ്പായ ഡ്യുവോലിംഗോയെ ചൊടിപ്പിച്ചത്.

എക്സിൽ പങ്കുവെച്ച കുറിപ്പിൽ വളരെ ആവേശം നിറഞ്ഞ ആപ്പിൾ ഇവന്റ് എന്ന് പറഞ്ഞ ഡ്യുവോലിംഗോ തന്റെ ബ്രാൻഡിലുള്ള അവകാശം ആരും ലംഘിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് തമാശാരൂപേണ പറഞ്ഞു. തുടർന്നും ഒട്ടേറെ കുറിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് ഡ്യുവോലിംഗോ പങ്കുവെച്ചു.

പേര് മാറിയതോടെ തന്റെ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷനെ (SEO) ബാധിക്കുമെന്ന ആശങ്കയും ഡ്യുവോ പങ്കുവെച്ചു. കൂടാതെ, ഇതിൽ പരാതി പറയാനായി ആപ്പിൾ സി.ഇ.ഒ. ജോൺ ടെർനസിനെ 'ഫോൺ എടുക്കൂ' എന്ന് ടാഗ് ചെയ്ത് ഡ്യുവോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഡ്യുവോലിംഗോയുടെ ഈ പോസ്റ്റിന് പിന്തുണയുമായി ആപ്പിളിന്റെ പ്രധാന എതിരാളികളായ സാംസങ്ങും രംഗത്തെത്തി. "സങ്കടപ്പെടേണ്ട ഡ്യുവോ, അവർ ഞങ്ങളെയും അനുകരിച്ചിട്ടുണ്ട്" എന്നായിരുന്നു സാംസങ്ങിന്റെ പോസ്റ്റ്.

യു.എസിൽ 1999 ഡോളർ വിലയുള്ള ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ 2,99,900 രൂപയിലാണ് വില ആരംഭിക്കുന്നത്. ഐഫോൺ ഡ്യുവോയ്ക്ക് 1999 ഡോളർ വിലയുണ്ടെങ്കിലും നിങ്ങളുടെ ഐഫോണിലെ ഡ്യുവോ ആപ്പ് സൗജന്യമാണെന്ന് ഡ്യുവോലിംഗോ മറ്റൊരു പോസ്റ്റിൽ പറഞ്ഞു.

Content Highlights: Language-learning app Duolingo took playful jabs at Apple on social media for naming its first foldable phone the 'iPhone Duo', citing potential SEO conflicts and sparking a witty response from Samsung.