ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് പുറത്തിറക്കി: ആപ്പിൾ ഇന്റലിജൻസുമായി ആപ്പിളിന്റെ പുതിയ ഫോണുകൾ

ആപ്പിൾ പാർക്കിൽ നടന്ന ചടങ്ങിൽ പുതിയ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) ഫോണുകൾ പ്രഖ്യാപിച്ച് ആപ്പിൾ. ഇന്റലിജൻസ്, പെർഫോമൻസ്, ബാറ്ററി, ക്യാമറ എന്നീ പ്രധാന മേഖലകളിൽ വലിയ മുന്നേറ്റങ്ങളോടെയാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്.
കമ്പനിയുടെ പുതിയ മേധാവി ജോൺ ടെർനസ് ആണ് പുതിയ ഫോണുകൾ പരിചയപ്പെടുത്തിയത്. പതിവ് ശൈലിയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത അവതരണ പരിപാടിയാണ് സംപ്രേഷണം ചെയ്യുന്നത്.
പ്രധാന സവിശേഷതകൾ
പുതിയ സിപിയു (CPU) കോർ, ജിപിയു (GPU) കോർ, ന്യൂറൽ എൻജിൻ എന്നിവ ഉൾപ്പെടുത്തി ഐഫോണിലെ ഏറ്റവും വേഗതയേറിയ A20 ചിപ്പാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഐഫോൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും, കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതും ക്രിയേറ്റീവ് കൺട്രോൾ നൽകുന്നതുമായ ഏറ്റവും നൂതനമായ പ്രോ ക്യാമറ സിസ്റ്റവുമാണ് ഇതിലുള്ളത്.
കളർ മാച്ച്ഡ് അലുമിനിയം, ബാക്ക് ഗ്ലാസ് ഡിസൈനിൽ വിപണിയിലെത്തുന്ന ഫോൺ ഡീപ് ബ്ലാക്ക്, റിഫൈൻഡ് സിൽവർ, ഗ്ലേസിയർ, ബർഗണ്ടി എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്.
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഫോണിൽ തന്നെ (On-device) പ്രവർത്തിക്കുന്ന ആപ്പിൾ ഇൻ്റലിജൻസ് മോഡലുകളാണിതിലുള്ളത്. ആവശ്യമുള്ളപ്പോൾ കൂടുതൽ ശേഷിക്കായി പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗും (Private Cloud Compute) ഉപയോഗിക്കുന്നു.
പുതിയ സിരി എഐ
കൂടുതൽ കൃത്യതയുള്ളതും വ്യക്തിഗതവുമായ സിരി എഐ സേവനം ഇതിൽ ലഭ്യമാണ്. വാട്സാപ്പ്, ഔട്ട്ലുക്ക് , നോട്ടബിലിറ്റി , ട്രിപ്പി തുടങ്ങിയ മൂന്ന് ലക്ഷത്തിലധികം ആപ്പുകളിൽ പ്രവർത്തിക്കാൻ സിരിക്ക് സാധിക്കും. ഹോം സ്ക്രീനിൽ ലഭ്യമാകുന്ന പുതിയ സിരി ആപ്പ് വഴി മുൻകാല ചാറ്റുകൾ വീണ്ടെടുക്കാനും പുതിയ സംഭാഷണങ്ങൾ ആരംഭിക്കാനും കഴിയും.
ഫോട്ടോസ് ആപ്പിൽ ഫോട്ടോ എഡിറ്റിംഗ് എളുപ്പമാക്കുന്ന ക്ലീനപ്പ്, എക്സ്റ്റൻഡ്, സ്പാഷ്യൽ റീഫ്രെയിമിംഗ് എന്നീ എഐ ടൂളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ ഇന്റലിജൻസ് ഈ മാസം മുതൽ 16 ഭാഷകളിൽ ലഭ്യമാകും. സിരി എഐയുടെ ബീറ്റാ വേർഷൻ ഇംഗ്ലീഷിലും, തുടർന്ന് ഒക്ടോബറിൽ ഫ്രഞ്ച്, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിലും ലഭ്യമാകും.
എ20 പ്രോ ചിപ്പ്
ഏറ്റവും പുതിയ രണ്ട് നാനോമീറ്റർ (2nm) പ്രൊസസറിലാണ് എ20 പ്രോ ചിപ്പ് നിർമിച്ചിരിക്കുന്നത്. ഡെസ്ക്ടോപ്പ് ക്ലാസ് കരുത്തുള്ള രണ്ട് പുതിയ സൂപ്പർ കോറുകളും (20 ശതമാനം കൂടുതൽ വേഗതയുള്ളവ) നാല് എഫിഷ്യൻസി കോറുകളും അടങ്ങിയ ആറ്-കോർ സിപിയു ഇതിലുണ്ട്. ഗ്രാഫിക്സ് റെൻഡറിങ്ങിൽ 40 ശതമാനം വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏഴ്-കോർ ജിപിയു ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിവൈസിൽത്തന്നെ എഐ മോഡലുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കുന്നതിനായി രണ്ടാമതൊരു ന്യൂറൽ എൻജിൻകൂടി ചേർത്ത് ആകെ 32 കോറുകൾ നൽകിയിരിക്കുന്നു; ഇത് രണ്ട് മടങ്ങ് പ്രൊസസിങ് കരുത്ത് നൽകും. പ്രൊസസറിന്റെ പ്രവർത്തനവേഗത കൂട്ടാനായി മെമ്മറി ബാൻഡ്‌വിഡ്ത്ത് 50 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
ഡീഅയോണൈസ്ഡ് വാട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വേപ്പർ ചേമ്പർ സംവിധാനം ഫോൺ ചൂടാകുന്നത് തടയുകയും ഉയർന്ന പെർഫോമൻസ് 40 ശതമാനം വരെ കൂടുതൽ സമയം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
പ്രോ ക്യാമറ സിസ്റ്റം
48MP ഫ്യൂഷൻ മെയിൻ ക്യാമറ: വേരിയബിൾ അപ്പർച്ചറോട് കൂടിയ പുതിയ 48 മെഗാപിക്സൽ ക്യാമറയാണ് പ്രധാന ആകർഷണം.
ലേസർ കട്ട് ചെയ്ത ആറ് ലൈറ്റ് ബ്ലേഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അപ്പർച്ചർ സിസ്റ്റം, വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ 50 ശതമാനം വരെ കൂടുതൽ വെളിച്ചം ക്യാമറയിലേക്ക് കടത്തിവിടുന്നു. ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസ്, ഹിസ്റ്റോഗ്രാം, നാല് തരം അപ്പർച്ചർ സെറ്റിങ്സ് എന്നിവ ഫോണിൽത്തന്നെ മാന്വലായി ക്രമീകരിക്കാൻ സാധിക്കും.
ചലിക്കുന്ന വ്യക്തികളെയോ വസ്തുക്കളെയോ കൃത്യമായി ഫോക്കസിൽ നിലനിർത്താൻ ഇതിലെ എഐ അധിഷ്ഠിത ഫോക്കസ് ട്രാക്കിങ് സഹായിക്കും.
വീഡിയോ ഫീച്ചറുകൾ: 60fps സിനിമാറ്റിക് മോഡ്, 4K ഡാൾബി വിഷൻ ടൈം-ലാപ്സ് വീഡിയോകൾ എന്നിവ ചിത്രീകരിക്കാം.
വില
ഐഫോൺ 18 പ്രോ: ആരംഭ വില $1,199.
ഐഫോൺ 18 പ്രോ മാക്സ്: ആരംഭ വില $1,299.
പുതിയ സ്റ്റോറേജ് ഓപ്ഷൻ: പ്രോ മോഡലുകളിൽ 2TB വരെയുള്ള വലിയ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്.
Content Highlights: The Apple iPhone 18 Pro features a striking burgundy color and enhanced AI capabilities, presented by CEO John Ternance in a virtual event.