iOS 27 ഇന്ന് ഐഫോണുകളിലെത്തും, പുതിയ ഫീച്ചറുകൾ എന്തെല്ലാം ? എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ?

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

മൂന്ന് പുതിയ ഐഫോണുകൾ സെപ്റ്റംബർ ഒമ്പതിന് ആപ്പിൾ പുറത്തിറക്കി; ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളും ഐഫോൺ ഡ്യുവോയും. ഈ ഫോണുകൾക്കൊപ്പം പുതിയ ഐഒഎസ് 27 പതിപ്പും ഫോണുകളിലെത്തുകയാണ്. ആപ്പിൾ ഇന്റലിജൻസിലൂടെ അത്യാധുനിക എഐ ഫീച്ചറുകൾ ഇത്തവണ ഐഫോണുകളിലെത്തും. യൂസർ ഇന്റർഫെയ്സിലും നിരവധി മാറ്റങ്ങളുണ്ടാവും. സെപ്റ്റംബർ 14-നാണ് ആഗോളതലത്തിൽ ഐഒഎസ് 27 അപ്ഡേറ്റ് എത്തുക. ഇന്ന് രാത്രി 10.30-ഓടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഐഒഎസ് 27 അപ്ഡേറ്റ് ലഭിക്കും.

താഴെ നൽകിയിരിക്കുന്ന ഫോണുകളിലാണ് ഐഒഎസ് 27 ലഭിക്കുക

  • iPhone SE (രണ്ടാം തലമുറയിലും അതിന് ശേഷമുള്ളതിലും)
  • iPhone 11, iPhone 11 Pro, iPhone 11 Pro Max
  • iPhone 12, iPhone 12 Mini, iPhone 12 Pro, iPhone 12 Pro Max
  • iPhone 13, iPhone 13 Mini, iPhone 13 Pro, iPhone 13 Pro Max
  • iPhone 14, iPhone 14 Plus, iPhone 14 Pro, iPhone 14 Pro Max
  • iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max
  • iPhone 16, iPhone 16e, iPhone 16 Plus, iPhone 16 Pro, iPhone 16 Pro Max
  • iPhone 17, iPhone 17e, iPhone 17 Pro, iPhone 17 Pro Max
  • iPhone Air
  • iPhone 18 Pro, iPhone 18 Pro Max
  • iPhone Duo

ഐഫോൺ 18 പ്രോയിലും 18 പ്രോ മാക്സിലും ഡ്യുവോയിലും ഐഒഎസ് 27 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് വിപണിയിലെത്തുക.

ഐഒഎസ് 27-ലെ പ്രധാന ഫീച്ചറുകളെന്തെല്ലാം?

സിരി എഐ

ഐഒഎസ് 27 അപ്ഡേറ്റിലൂടെ എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിരി എഐ ഐഫോണുകളിലെത്തും. ഗൂഗിളിന്റെ ജെമിനി എൽഎൽഎം മോഡലുകൾ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവർത്തനം. ഇതോടെ സ്വാഭാവികമായ ഭാഷയിൽ സിരിയോട് സംസാരിക്കാനും പഴയ സിരിക്ക് ചെയ്യാൻ സാധിക്കാത്ത കൂടുതൽ കാര്യങ്ങൾ ചെയ്യാനും സാധിക്കും. ഉദാഹരണത്തിന് വിവരങ്ങൾ തിരയാനും ട്രാവൽ പ്ലാൻ തയ്യാറാക്കാനും മീറ്റിങ്ങിലെ നോട്ടുകൾ തയ്യാറാക്കാനും സാധിക്കും. 

അതേസമയം ഐഫോൺ 15 പ്രോ മോഡലുകളിലും അതിന് ശേഷമുള്ളവയിലും മാത്രമാണ് സിരി എഐ ഉൾപ്പടെയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കുക. 

ലിക്വിഡ് ഗ്ലാസ് അപ്ഡേറ്റുകൾ

പുതിയ രൂപത്തിലുള്ള ലിക്വിഡ് ഗ്ലാസ് യുഐ ആണ് ഐഒഎസ് 27-ൽ ഉണ്ടാവുക. കൂടുതൽ വ്യക്തതയുള്ളതും കോൺട്രാസ്റ്റുള്ളതുമായിരിക്കും ഇത്. ഇതിന്റെ സുതാര്യത ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും ലിക്വിഡ് ഗ്ലാസ് സ്ലൈഡർ എന്ന ക്രമീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റത്തിലുടനീളം ഈ ലിക്വിഡ് ഗ്ലാസ് അനുഭവം ലഭിക്കും.

ക്യാമറ & ഫോട്ടോസ് ആപ്പിലെ എഐ എഡിറ്റിങ്: ക്യാമറ ആപ്പിൽ പുതിയ സിരി വിഷ്വൽ ഇന്റലിജൻസ് മോഡ് നൽകിയിട്ടുണ്ട്. ഫോട്ടോസ് ആപ്പിൽ അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനുള്ള Clean Up, ഫോട്ടോയുടെ ക്രോപ്പ് വലുതാക്കാനുള്ള Extend, ആംഗിൾ മാറ്റാനുള്ള Reframe എന്നീ എഐ ടൂളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വീഡിയോ ഫ്രെയിമുകൾ ചിത്രങ്ങളായി സൂക്ഷിക്കാനും സാധിക്കും.

ബാറ്ററി മെച്ചപ്പെടുത്താനുള്ള ഫീച്ചറുകൾ: സ്റ്റാറ്റസ് ബാറിൽ പുതിയ ബാറ്ററി ഐക്കൺ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പശ്ചാത്തലത്തിൽ അനാവശ്യമായി ആപ്പ് പ്രവർത്തിക്കുന്നത് കുറയ്ക്കുന്ന അഡാപ്റ്റീവ് ബാറ്ററി ഒപ്റ്റിമൈസേഷൻ ഉൾപ്പെടെ ബാറ്ററി മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കുന്നതിനും ഊർജക്ഷമതയ്ക്കും വേണ്ടിയുള്ള വിവിധ അപ്ഗ്രേഡുകൾ ഐഒഎസ് 27-ൽ കൊണ്ടുവന്നിട്ടുണ്ട്.

അപ്ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

  • ആദ്യം Settings ആപ്പ് തുറക്കുക
  • General എന്നത് തിരഞ്ഞെടുക്കുക
  • Software Update തിരഞ്ഞെടുക്കുക
  • iOS 27 അപ്ഡേറ്റ് എത്തിയിട്ടുണ്ടെങ്കിൽ അത് അവിടെ കാണാം
  • ശേഷം Update Now തിരഞ്ഞെടുക്കുക
  • ശ്രദ്ധിക്കുക! ഇതിനുമുമ്പ് ഫോണിൽ ആവശ്യത്തിന് സംഭരണശേഷിയും വൈഫൈ കണക്ടിവിറ്റിയും ബാറ്ററി ചാർജും ഉണ്ടെന്ന് ഉറപ്പുവരുത്തണം

Content Highlights: Apple is rolling out its next-generation iOS 27 update globally, arriving for Indian users tonight at 10:30 PM with cutting-edge Apple Intelligence, a revamped Liquid Glass interface, and advanced camera AI tools across compatible iPhone models.