തത്സമയ പരിഭാഷ, ഹാര്‍ട്ട്‌റേറ്റ് മോണിട്ടറിങ്: എയര്‍പോഡ്‌സ് പ്രോ 3 അവതരിപ്പിച്ച് ആപ്പിള്‍

പുതിയ തലമുറ എയര്‍പോഡ്‌സ് പ്രോ 3 അവതരിപ്പിച്ച് ആപ്പിള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ച് ഇവന്റില്‍ ആദ്യ ഉത്പന്നമായാണ് എയര്‍പോഡ്‌സ് പ്രോ 3 അവതരിപ്പിച്ചത്. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഇതിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. നിര്‍മിതബുദ്ധിയുടെ പിന്തുണയോടെയുള്ള തത്സമയ പരിഭാഷയും ഇതിന്റെ പ്രത്യേകതയാണ്.
ലൈവ് ട്രാന്‍സ്‌ലേഷന്‍ പെയര്‍ ചെയ്ത ഐഫോണുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംഭാഷണങ്ങള്‍ ഫോണിന്റെ സ്‌ക്രീനില്‍ എഴുതിക്കാണിക്കും. ഇതിനായി ആപ്പിള്‍ ഇന്റലിജന്‍സിനെയാണ് ആശ്രയിക്കുന്നത്. നിര്‍മിതബുദ്ധിയാണ് തത്സമയ പരിഭാഷ സാധ്യമാക്കുന്നത്. സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടുപേരും എയര്‍പോഡ്‌സ് പ്രോ 3 ഉപയോഗിക്കുകയാണെങ്കില്‍ ഈ ഫീച്ചര്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. എഐ ഹെല്‍ത്ത് കോച്ചായ വര്‍ക്ക്ഔട്ട് ബഡ്ഡിയെയും ഇത് പിന്തുണയ്ക്കും. മെച്ചപ്പെട്ട ഓഡിയോ നിലവാരം, പുതിയ റബ്ബര്‍ ടിപ്പുകള്‍, ചെവികളിലും ബഡ്സുകളിലും വായുസഞ്ചാരം ഉറപ്പാക്കുന്ന തരത്തിലുള്ള രൂപകല്‍പ്പന എന്നിവയാണ് മറ്റ് പ്രത്യേകതകളെന്ന് ആപ്പിള്‍ പറയുന്നു. പ്രോ 3 കൂടുതല്‍ മികച്ച ബാറ്ററി ലൈഫും നല്‍കുമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. ബാറ്ററി ലൈഫ് മുന്‍പ് ആറ് മണിക്കൂര്‍ ആയിരുന്നത് ഇപ്പോള്‍ എട്ടു മണിക്കൂറായി ഉയര്‍ന്നു. പ്രോ 3-യുടെ ആഗോള വില 249 ഡോളറാണ്. ഇന്ന് മുതല്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാകും. വില്‍പ്പന സെപ്റ്റംബര്‍ 19-ന് ആരംഭിക്കും.
എയര്‍പോഡ്‌സ് പ്രോ 3-ക്ക് വിയര്‍പ്പിനെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള IP57 സര്‍ട്ടിഫിക്കേഷനുണ്ട്. ചെവിയില്‍ മികച്ച രീതിയില്‍ ഉറച്ചിരിക്കുമെന്ന് ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പനാ വേളയില്‍ 10,000-ത്തിലധികം ചെവികളുടെ രൂപങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ലോഞ്ച് ഇവന്റിന് മുന്നോടിയായി ആപ്പിള്‍ സിഇഒ ടിം കുക്ക് കമ്പനിയുടെ കുപെര്‍ട്ടിനോയിലെ ആസ്ഥാനത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ടിം കുക്കുമായി സംവദിക്കാന്‍ അവസരം ലഭിച്ച കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, ടെക് റിവ്യൂവര്‍മാര്‍ എന്നിവരുടെ തിരഞ്ഞെടുക്കപ്പെട്ട സംഘത്തില്‍ അമിതാഭ് ബച്ചന്റെ ചെറുമകളായ നവ്യ നവേലി നന്ദ, ഗായകന്‍ അര്‍മാന്‍ മാലിക് എന്നിവരടക്കം ഉള്‍പ്പെട്ടിരുന്നു. എസ്‌കോര്‍ട്ട്സ് കുബോട്ടയുടെ ചെയര്‍മാനായ നിഖില്‍ നന്ദയുടെയും ശ്വേത ബച്ചന്റെയും മകളാണ് നന്ദ. ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള അവര്‍ ഇപ്പോള്‍ ഐഐഎം അഹമ്മദാബാദില്‍ പാര്‍ട്ട്ടൈം എംബിഎ ചെയ്യുകയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'പ്രോജക്റ്റ് നവേലി' എന്ന സംരംഭത്തിന്റെ സ്ഥാപകയും യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ജനപ്രിയ പോഡ്കാസ്റ്റിന്റെ സഹ-അവതാരകയുമാണവര്‍.
Content Highlights: Apple`s AirPods Pro 3 boast heart rate monitoring, AI live translation, improved audio