ക്ലോഡിന്റെ അടുത്ത പതിപ്പ് നിർമിക്കുന്നത് ക്ലോഡ് തന്നെ; മനുഷ്യന്റെ മേൽനോട്ട ജോലി- ആന്ത്രോപിക്കിന്റെ വെളിപ്പെടുത്തൽ!

#ടെക്നോളജി ഡെസ്ക്
ആന്ത്രോപിക് | Photo: AFP
ആന്ത്രോപിക് | Photo: AFP

ആന്ത്രോപിക്കിന്റെ എഐ മോഡലായ ക്ലോഡിന്റെ ശക്തിയേറിയ അടുത്ത പതിപ്പ് വികസിപ്പിക്കുന്നത് ക്ലോഡിന്റെതന്നെ സഹായത്തോടെ. വ്യാഴാഴ്ച ആന്ത്രോപിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ത്രോപിക്കിന്റെ ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ 26 ശതമാനവും ചെയ്യുന്നത് ക്ലോഡ് ആണ്. മനുഷ്യരുടെ മേൽനോട്ടത്തിൽ ഒരു ഹൈ ലെവൽ പ്രോംപ്റ്റ് നൽകിയാൽ ബാക്കി കാര്യങ്ങൾ സ്വയം പൂർത്തിയാക്കാൻ ഇതിനു സാധിക്കുമെന്ന് കമ്പനി പറഞ്ഞു. എഐ മോഡൽ സ്വയമല്ല ഈ ജോലികൾ ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.

നിലവിൽ കമ്പനിയുടെ 90 ശതമാനവും ഗവേഷണ-വികസന പ്രവർത്തനങ്ങൾ ക്ലോഡുമായി സഹകരിച്ചാണ് നടത്തുന്നത്. മനുഷ്യന്റെ നിർദേശമനുസരിച്ച് വലിയൊരു കൂട്ടം ജോലികൾ ചെയ്യാൻ എഐ മോഡലിന് സാധിക്കുമെന്ന് കമ്പനി പറയുന്നു.

ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയുടെ നേതൃത്വത്തിൽ എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന ആഹ്വാനവുമായി മുൻനിര എഐ കമ്പനി മേധാവികൾ രംഗത്തുവന്നതിനിടെയാണ് ആന്ത്രോപിക്കിൽനിന്നുതന്നെ ഇത്തരമൊരു വാർത്ത വരുന്നത്.

എഐ ഏജന്റുകൾ സ്വയംപര്യാപ്തമായി സ്വന്തം ശേഷി നിരന്തരം മെച്ചപ്പെടുത്തുന്ന (റിക്കർസീവ് സെൽഫ് ഇംപ്രൂവ്മെന്റ്) ഘട്ടത്തിലേക്ക് കമ്പനി എത്രത്തോളം അടുത്തുവെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗവേഷണ-വികസന രംഗത്ത് ക്ലോഡിന്റെ പങ്കാളിത്തം വർധിക്കുന്നുണ്ടെന്നുതന്നെയാണ് പുതിയ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ ക്ലോഡ് സ്വയം ചെയ്യുന്ന ജോലികൾ കമ്പനിയിൽ ഒട്ടുമുണ്ടായിരുന്നില്ല. എന്നാൽ, ഓഗസ്റ്റ് ആയപ്പോഴേക്കും ജോലികളിൽ നാലിലൊന്ന് ക്ലോഡ് ചെയ്യുന്ന നിലയിലെത്തി.

ഓഗസ്റ്റിലെ കണക്കനുസരിച്ച് ഗവേഷണ, എൻജിനിയറിങ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്ദേശം 30,000 ഏജന്റുമാരുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇവ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയിലെ സുരക്ഷാനടപടികൾ നിരീക്ഷിക്കുന്നതിനായി കമ്പനിക്കുള്ളിൽ പ്രവർത്തിക്കാൻ പുറത്തുനിന്നുള്ള പരിശോധകരെ അനുവദിക്കുമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഐ മോഡലുകളുടെ അപകടങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. വിവിധ എഐ ഗവേഷകരുടെ വെളിപ്പെടുത്തലുകളാണ് ഇതിന് ചൂടുപകർന്നത്. സാങ്കേതികവിദ്യ അപകടകരമായ വേഗത്തിൽ വളരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആന്ത്രോപിക് സി.ഇ.ഒ. ഡാരിയോ അമോഡെ, സാം ആൾട്ട്മാൻ, ഈലോൺ മസ്ക് തുടങ്ങിയവർ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യാവസായിക-രാഷ്ട്രീയ തലങ്ങളിൽ ഇതിനെതിരെ എതിർപ്പുകളും നിലനിൽക്കുന്നുണ്ട്.

Content Highlights: Anthropic revealed that its AI model Claude now autonomously executes 26% of the company's internal research and development tasks under human supervision, accelerating the creation of its next-generation model.