ആയുധ വികസനം, ഹാക്കിങ്, നീരീക്ഷണം; AI ദുരുപയോഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ആന്ത്രോപിക്

നിർമിതബുദ്ധി (എഐ) ഭാവിയിൽ മനുഷ്യജീവിതം കൂടുതൽ അനായാസമാക്കുമെന്നാണ് ടെക് സിഇഓമാരടക്കം ആവർത്തിച്ച് അവകാശപ്പെടുന്നത്. എന്നാൽ, എഐയുടെ ദുരുപയോഗം അടക്കമുള്ളവ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുമെന്ന് പ്രമുഖ എഐ നിരീക്ഷകരടക്കം മുന്നറിയിപ്പ് നൽകുന്നുമുണ്ട്. മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ഗവേഷകൻ ജേക്കബ് കോക്‌സണിന്റെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ വലിയ ചർച്ചയായിരുന്നു. അതിനിടെ, ഇത്തരം ഭീഷണികൾ ഭാവിയിൽ ഉണ്ടാകാനിടയുള്ളതല്ല, പലതും യാഥാർഥ്യമായിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് ആന്ത്രോപിക് വ്യാഴാഴ്ച പുറത്തിറക്കിയ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ട് - 2026. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
ഭീകര സംഘടനകൾ അടക്കമുള്ളവ നടത്തുന്ന ആയുധ വികസന നീക്കങ്ങൾ മുതൽ പലരാജ്യങ്ങളിലും സർക്കാർ പിന്തുണയോടെ നടക്കുന്നുവെന്ന് കരുതുന്ന ജനങ്ങൾക്കുമേലുള്ള നിരീക്ഷണത്തിന്റെവരെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.
അപകടകരമായ രോഗാണുക്കളെക്കുറിച്ചുള്ള ഗവേഷണം; കണ്ടെത്തിയത് അഞ്ച് സംഭവങ്ങൾ
അപകടകരമായ രോഗാണുക്കളെക്കുറിച്ച് ഗവേഷണം ചെയ്യാൻ തങ്ങളുടെ എഐ മോഡലുകൾ ഉപയോഗിച്ച അഞ്ച് സംഭവങ്ങൾ ഈ വർഷം കണ്ടെത്തിയതായി ആന്ത്രോപിക് വെളിപ്പെടുത്തുന്നു. ഏത് രാജ്യങ്ങളിൽനിന്നാണ് ശാസ്ത്രജ്ഞരുടെ ഇത്തരം നീക്കങ്ങളുണ്ടായത് എന്ന് കമ്പനി പരസ്യമാക്കിയിട്ടില്ല. ജൈവായുധ പരിപാടിയുടെ ഭാഗമായിട്ടാകാം ഈ പ്രവർത്തനം നടന്നത് എന്നാണ് കമ്പനി സംശയിക്കുന്നത്.
കൊതുക് പരത്തുന്ന മാരക വൈറസിനെപ്പറ്റി ഗവേഷണം
ജൈവായുധ വികസന നീക്കം എന്ന് സംശയിക്കുന്ന മറ്റൊരു സംഭവവും റിപ്പോർട്ടിൽ ആന്ത്രോപിക് എടുത്തു പറയുന്നുണ്ട്. കൊതുകുകൾ പരത്തുന്ന മാരകമായ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിനായി മുന്നൊരുക്കം നടത്താൻ ഒരു ശാസ്ത്രജ്ഞൻ ക്ലോഡ് ഉപയോഗിച്ചതായി ആന്ത്രോപിക് വെളിപ്പെടുത്തുന്നു. കൂടുതൽ ഫലപ്രദമായ വാക്‌സിനുകൾ വികസിപ്പിക്കാൻ ഈ ഗവേഷണം വഴിതെളിച്ചേക്കാം. എന്നാൽ ഒരു മിലിട്ടറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്താനായിരുന്നു നീക്കം. ഇതോടെയാണ് സംശയം ഉയർന്നത്. ഇതോടെ ഈ പ്രവർത്തനം ആശങ്കയ്ക്ക് വകനൽകുന്നതാണെന്ന് ആന്ത്രോപിക് തിരിച്ചറിഞ്ഞു.
പക്ഷിപ്പനിയെക്കുറിച്ചും മാരക വിഷവസ്തുവിനെക്കുറിച്ചും ഗവേഷണം
സർക്കാരിന്റെ പിന്തുണയുള്ള പ്രോഗ്രാമിനുവേണ്ടി പ്രവർത്തിക്കുന്നതായി അവകാശപ്പെടുന്ന ശാസ്ത്രജ്ഞൻ ഒരേസമയം പുതിയ ചികിത്സാ രീതിയോ, വിഷ വസ്തുവോ ആയി വികസിപ്പിക്കാൻ കഴിയുന്ന സംയുക്തങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ക്ലോഡ് ഉപയോഗിച്ചു. മറ്റൊരു സംഭവത്തിൽഒരു ഗവേഷകൻ ഏവിയൻ ഇൻഫ്‌ലുവൻസയിൽ (പക്ഷിപ്പനി) മാറ്റങ്ങൾ വരാനിടയാക്കുന്ന നീക്കങ്ങളെക്കുറിച്ച് ഗവേഷണംനടത്താൻ ക്ലോഡിന്റെ പിന്തുണയോടെ ആഴ്ചകളോളം ഗവേഷണം നടത്തി എന്നാണ് വെളിപ്പെടുത്തൽ.
AI ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കാൻ ഭീകര സംഘങ്ങൾ
ഗൈഡഡ് റോക്കറ്റ്, മൾട്ടി-സ്റ്റേജ് ബാലസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ എന്നിവയുൾപ്പെടെ മൂന്ന് ആയുധ വികസന പരിപാടികളിൽ ക്ലോഡ് ഉപയോഗിച്ചുകൊണ്ടിരുന്ന യെമൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘത്തെ തടഞ്ഞതായി ആന്ത്രോപിക് അവകാശപ്പെടുന്നു. സ്വയം ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള ഡ്രോണുകൾ നിർമ്മിക്കാൻ ക്ലോഡ് ഉപയോഗിക്കാൻ ശ്രമിച്ച റഷ്യയിലെ ഒരു ഭീകരനെയും തിരിച്ചറിഞ്ഞതായി കമ്പനി വെളിപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയും ഫോൺ സംഭാഷണങ്ങളും നിരീക്ഷിക്കാനും AI
വിമർശകരെ തിരിച്ചറിയാനും രാഷ്ട്രീയമായി വലിയ ചലനം സൃഷ്ടിക്കാനിടയുള്ള ഉള്ളടക്കങ്ങൾ കണ്ടെത്താനും ഇറാനിയൻ, ചൈനീസ് സർക്കാർ അനുകൂലികൾ ക്ലോഡ് ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ വിശകലനം ചെയ്തതായി ആന്ത്രോപിക് കണ്ടെത്തിയിട്ടുണ്ട്
മാലിയിലെ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു കൺസൾട്ടന്റ് രാജ്യത്തെ എല്ലാ മൊബൈൽ ഓപ്പറേറ്റർമാരുടെയും ആശയവിനിമയങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിടുന്ന സംവിധാനം വികസിപ്പിക്കാൻ ക്ലോഡ് ഉപയോഗിച്ചതായി കമ്പനി വെളിപ്പെടുത്തുന്നു.
ഹാക്കർമാരുടെ മുഖ്യ ആയുധമായി എഐ
റഷ്യയുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവ ഹാക്കിങ് പ്രവർത്തനങ്ങളിൽ ക്ലോഡ് ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. മൊത്തത്തിൽ, ഹാക്കർമാർക്കിടയിൽ എഐ ദുരുഉപയോഗം വളരെ സാധാരണമായി മാറിയിരിക്കുന്നു. ചെറിയ ഗ്രൂപ്പുകൾ പോലും ഹാക്കിങ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നുണ്ടെന്നും ആന്ത്രോപിക് പറയുന്നു.
സൈബർ ആക്രമണങ്ങളുടെ ഓട്ടോമേഷൻ
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഹാക്കിങ് സംഘങ്ങൾ, ചൈനീസ് ഏജൻസികൾ, റഷ്യയുമായി ബന്ധമുള്ള ചാരന്മാർ, യെമൻ ആസ്ഥാനമായ ആയുധ നിർമ്മാതാക്കൾ എന്നിവർ ഉൾപ്പെടെയുള്ളവർ വ്യാജ അക്കൗണ്ടുകളുടെ കമ്പനിയുടെ ക്ലോഡ് എഐ മോഡലുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ആന്ത്രോപിക് വെളിപ്പെടുത്തുന്നു. ഇവയിൽ പലരും സ്വന്തം നിലയിൽ സാധ്യമല്ലാത്ത ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആയുധങ്ങൾ രൂപകൽപ്പന ചെയ്യാനും ഈ ടൂളുകൾ ഉപയോഗിക്കാൻ ശ്രമം നടത്തിയതായാണ് കമ്പനിയുടെ കണ്ടെത്തൽ.
കഴിഞ്ഞ എട്ടു മാസത്തിനിടയിൽ മാത്രം ക്ലോഡിന് കമ്പനി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ പലരും നിയന്ത്രണങ്ങളെല്ലാം മറികടന്ന് സൈബർ ആക്രമണങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും, നൂതന സൈനിക ഹാർഡ്‌വെയർ രൂപകൽപ്പന ചെയ്യാനും, വൻതോതിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും, വലിയ തോതിലുള്ള ഡിജിറ്റൽ നിരീക്ഷണങ്ങൾ നടത്താനും ഈ ടൂളുകൾ ഉപയോഗിക്കാൻ ശ്രമം നടത്തിയതായി ആന്ത്രോപിക് വെളിപ്പെടുത്തുന്നു. ക്ലോഡ് മോഡലുകൾ ലോകവ്യാപകമായി ലഭ്യമാണെങ്കിലും, റഷ്യ, ചൈന, ഇറാൻ തുടങ്ങിയ യു.എസ്സിന്റെ എതിരാളികളായ രാജ്യങ്ങളിൽ അവയ്ക്ക് നിയന്ത്രണങ്ങളുണ്ട്. ഇത് മരികടക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ.
തിരഞ്ഞെടുപ്പിലടക്കം വ്യാപക പ്രചാരണത്തിന് എഐ
റഷ്യ, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ-സർക്കാർ ഏജൻസികൾ നടത്തിയ ഒമ്പത് വമ്പൻ പ്രചാരണ പ്രവർത്തനങ്ങളും ആന്ത്രോപിക് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് ഖണ്ഡങ്ങളിലുമുള്ള ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഈ കാമ്പെയ്നുകളിൽ പലതും, മോൾഡോവ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വരുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരുന്നത് എന്ന് ആന്ത്രോപിക് പറയുന്നു.
പേരുകൾ വെളിപ്പെടുത്താത്തത് എന്തുകൊണ്ട്?
നീക്കങ്ങൾ പലതും നിയമാനുസൃതമാണോ അല്ലയോ എന്നോ ശാസ്ത്രീയ ഗവേഷണമാണോ എന്നോ ഉറപ്പിക്കാൻ കഴിയാത്തതിനാലാണ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ രാജ്യങ്ങളുടെയോ പേര് വെളിപ്പെടുത്താത്തതെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഇക്കാര്യം പലപ്പോഴും വേർതിരിച്ചറിയാൻ പ്രയാസമുള്ളതാണെന്നും കമ്പനി തുറന്ന് സമ്മതിക്കുന്നു. എന്നാൽ ക്ലോഡിലേക്ക് പ്രവേശിക്കാൻ ഗവേഷകർ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ മറികടന്നുവെന്നും കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചുവെന്നും പലരും ഗവേഷണത്തിന്റെ ഉദ്ദേശ്യം മറച്ചുവെക്കാൻ ശ്രമങ്ങൾ നടത്തിയെനനും കമ്പനി സ്ഥിരീകരിക്കുന്നു. ഇത്തരം നീക്കങ്ങൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കമ്പനി പറയുന്നു.
ദുരുപയോഗം തടഞ്ഞു; കണ്ടെത്തിയത് നീക്കങ്ങൾ മാത്രം
തെറ്റായ പ്രവർത്തനങ്ങൾ ഉടൻതന്നെ കണ്ടെത്തി തടയാൻ കഴിഞ്ഞെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. അപകടകരമായ രീതിയിൽ എഐ ദുരുപയോഗപ്പെടുത്താൻ ദുഷ്ടശക്തികൾക്ക് സാധിച്ചിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഒരു സംഭവത്തിലും ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ എഐ മോഡലായ ക്ലോഡ് മിത്തോസ് ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.
ആന്ത്രോപിക്കിനെതിരെ വിമർശകർ രംഗത്ത്
അതിനിടെ, സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന യു.എസ് എഐ ലാബ് എന്ന് സ്വയം അവകാശപ്പെടാനുള്ള നീക്കമാണ് ആന്ത്രോപിക്കിന്റേതെന്ന് വിമർശകർ പറയുന്നു. പുതിയ എഐ കമ്പനികളെയും എതിരാളികളെയും തടയുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വേണ്ടി അവർ എഐ അപകടസാധ്യതകളെ പെരുപ്പിച്ചു കാണിക്കുകയാണെന്നും വിമർശകർ ആരോപിക്കുന്നു.
Content Highlights: Anthropic's new report reveals state-sponsored and criminal actors using Claude AI to bypass restrictions., Incidents include research into dangerous pathogens and bioweapons programs., Bad actors utilized Claude for designing advanced military hardware, guided missiles, and kamikaze drones., The AI was also exploited for mass surveillance operations and large-scale digital influence campaigns.