സുരക്ഷ കൂട്ടാൻ പുതിയ പരിശോധനകൾ; പുതിയ ക്ലോഡ് ഓപ്പസ് 5.5 മോഡലുമായി ആന്ത്രോപിക് രംഗത്ത് !

ആന്ത്രോപിക് പുതിയ ക്ലോഡ് ഓപ്പസ് 5.5 എഐ മോഡൽ പുറത്തിറക്കി. മുമ്പത്തെ മോഡലിനേക്കാൾ 40% കുറഞ്ഞ ചെലവിൽ, മുൻനിര മോഡലായ Fable 5.1-ന് തുല്യമായ പ്രകടനം കാഴ്ചവെക്കാൻ Claude Opus 5.5-ന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നിർമിത ബുദ്ധി ഉയർത്തുന്ന ഭീഷണികളുമായി ബന്ധപ്പെട്ട രൂക്ഷമായ ചർച്ചകൾക്കിടെയാണ് ആന്ത്രോപിക് പുതിയ നിർമിത ബുദ്ധി മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. നിർമിത ബുദ്ധി ഇതിനകം ദുരുപയോഗം ചെയ്തുതുടങ്ങിയെന്ന് വ്യക്തമാക്കുന്ന വിശദമായ പഠന റിപ്പോർട്ടും ആന്ത്രോപിക് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ, ആഗോള നിർമിത ബുദ്ധി കമ്പനികൾ നിർമിത ബുദ്ധി മോഡലുകൾ വികസിപ്പിക്കുന്നതിന്റെ വേഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്ത് ആഴ്ചകൾക്ക് മുമ്പാണ് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡേയ് രംഗത്തുവന്നത്. നിർമിത ബുദ്ധി മോഡലുകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ കമ്പനികളിലും സ്വതന്ത്ര ഏജൻസികളുടെ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഈ നിലപാട് പാലിച്ചുകൊണ്ടുതന്നെ, എക്സ്റ്റേണൽ റിസർച്ച് ഗ്രൂപ്പുകളായ Frontier Design, METR എന്നിവയുടെ പരിശോധനകൾക്ക് ശേഷമാണ് ക്ലോഡ് ഓപ്പസ് 5.5 ആന്ത്രോപിക് പുറത്തിറക്കിയത്. നിയന്ത്രണ അതിരുകൾ ലംഘിക്കാനുള്ള സാധ്യത 85% വരെ കുറച്ച് മികച്ച സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഇത് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. കൂടാതെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ബെഞ്ച്മാർക്കുകളിൽ, എതിരാളിയായ ഓപ്പൺ എഐയുടെ GPT-5.6 Sol മോഡലിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ ചെലവിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഓപ്പസ് 5.5-ന് സാധിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് എഷ്വർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ക്ലോഡ് ഓപ്പസ് 5.5 ലഭിക്കും. ഒരു മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് നാല് ഡോളറും ഒരു മില്യൺ ഔട്ട്പുട്ട് ടോക്കണുകൾക്ക് 20 ഡോളറും ആണ് നിരക്ക്.
Content Highlights: Anthropic has launched its new Claude Opus 5.5 AI model, offering top-tier performance at a 40% lower cost with rigorous safety checks and reduced misuse risks.