ഫോണ്‍ ഉപയോഗിക്കേണ്ട ! ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട് ഗ്ലാസുകള്‍ നല്‍കി ആമസോണ്‍

ആമസോണ്‍ ഡെലിവറി ജോലികളില്‍ ദീര്‍ഘവീക്ഷണത്തോടെ ചില കാര്യങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് ഇകൊമേഴ്‌സ് ആമസോണ്‍. സ്വന്തം ജീവനക്കാര്‍ക്ക് വേണ്ടി ഒരു എഐ അധിഷ്ഠിത സ്മാര്‍ട്ഗ്ലാസ് പരീക്ഷിക്കുകയാണ് കമ്പനി. ഉത്പന്ന ഡെലിവറികള്‍ കൂടുതല്‍ വേഗവും സ്മാര്‍ട്ടും പൂര്‍ണമായും ഹാന്റ്‌സ് ഫ്രീയും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
വളരെ ലളിതമായി പറഞ്ഞാല്‍ ജോലിക്കിടയില്‍ ഫോണിനെ ആശ്രയിക്കാതെ ഓഗ്മെന്റഡ് റിയാലിറ്റിയുടേയും എഐയുടേയും സഹായത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഡെലിവറി ജീവനക്കാര്‍ക്ക് സാധിക്കും. ഉത്പന്നങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ ഗ്ലാസുകള്‍ ഉപയോഗിക്കാം, മേല്‍വിലാസത്തിലേക്കുള്ള നാവിഗേഷന്‍, ഡെലിവറി നടത്തിയതിന്റെ തെളിവ് പകര്‍ത്തുക എന്നീ ജോലികള്‍ ഫോണ്‍ എടുക്കാതെ തന്നെ ചെയ്യാന്‍ ഡെലിവറി ജീവനക്കാരന് സാധിക്കും. എഐ സെന്‍സിങ് സാങ്കേതിക വിദ്യ, കംപ്യൂട്ടര്‍വിഷന്‍, ക്യാമറകള്‍ ഉള്‍പ്പടെയുള്ളവ സംയോജിപ്പിച്ചാണ് ഈ സ്മാര്‍ട്ഗ്ലാസിന്റെ പ്രവര്‍ത്തനം.
ഡ്രൈവര്‍മാര്‍ ലക്ഷ്യസ്ഥാനത്തെത്തി വാഹനം നിര്‍ത്തിയിടുന്നത് മുതല്‍ സ്മാര്‍ട് ഗ്ലാസുകള്‍ സ്വമേധയാ പ്രവര്‍ത്തനക്ഷമമാവും. വാനിനുള്ളില്‍ പാക്കേജ് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ ഈ സ്മാര്‍ട് ഗ്ലാസ് സഹായിക്കും. ഓഗ്മെന്റഡ് റിയാലിറ്റി പിന്തുണയുള്ള നിര്‍ദേശങ്ങള്‍ ആണ് മേല്‍വിലാസത്തിലേക്ക് ഡ്രൈവറെ വഴികാണിക്കുക. വലിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലോ ബിസിനസ്സ് പാര്‍ക്കുകളിലോ ഈ സവിശേഷത ഉപയോഗപ്രദമാണെന്ന് ആമസോണ്‍ പറയുന്നു.
ഡ്രൈവര്‍ ധരിക്കുന്ന ഡെലിവെറി വെസ്റ്റില്‍ ഘടിപ്പിച്ച കണ്‍ട്രോളര്‍ ഉപകരണവുമായി ഈ സ്മാര്‍ട് ഗ്ലാസ് ബന്ധിപ്പിക്കും. ഉപകരണം പ്രവര്‍ത്തിപ്പിക്കാനുള്ള ബട്ടനുകള്‍, മാറ്റിയിടാനുള്ള ബാറ്ററി, എമര്‍ജന്‍സി ബട്ടന്‍ എന്നിവയെല്ലാം ഈ വെസ്റ്റിലുണ്ടാവും. പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സുകളും, ഫോട്ടോക്രോമിക് ലെന്‍സുകളും ഈ ഗ്ലാസില്‍ ഉപയോഗിക്കാം.
വടക്കേ അമേരിക്കയിലാണ് നിലവില്‍ ഈ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്. ഡ്രൈവര്‍മാരില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞതിന് ശേഷമേ ഇത് വ്യാപകമായി അവതരിപ്പിക്കുകയുള്ളൂ.
Content Highlights: Amazon trials AI-powered Smart Glasses for delivery workers to enable faster, hands-free package delivery using Augmented Reality.