മിത്തോസ്, ഫേബിൾ AI മോഡലുകൾ പിൻവലിക്കേണ്ടിവന്നതിന് പിന്നിൽ ആമസോണോ? അപകടമെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Photo - AP, AFP
പ്രതീകാത്മകചിത്രം | Photo - AP, AFP

ആന്ത്രോപ്പിക്കിന്റെ നൂതന AI മോഡലുകളായ ഫേബിൾ 5, മിത്തോസ് 5 എന്നിവ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആമസോൺ റിസർച്ച് നടത്തിയ നീക്കങ്ങളാകാം എന്ന് സൂചന. ട്രംപ് ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്നാണ് എഐ മോഡലുകൾ കമ്പനിക്ക് പിൻവലിക്കേണ്ടിവന്നത്. ആമസോൺ സിഇഒ ആൻഡി ജാസിയും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ആൻഡി ജാസി സംസാരിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആന്ത്രോപ്പിക്കിന്റെ ഫേബിൾ 5 മോഡലിൽ നിന്ന് സൈബർ ആക്രമണ സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന സുപ്രധാന വിവരങ്ങൾ ആമസോൺ റിസർച്ച് ടീമിന് ലഭിച്ചു എന്നാണ് സൂചനകൾ. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഒഴിവാക്കപ്പെടേണ്ട വിവരങ്ങളായിരുന്നു അവയെന്ന് പറയപ്പെടുന്നു. സൈബർ ആക്രമണങ്ങൾക്ക് സഹായകമാകുന്ന വിവരങ്ങൾ നൽകാൻ ആന്ത്രോപ്പിക്കിന്റെ ഫേബിൾ 5 മോഡലിനെ പ്രേരിപ്പിക്കാൻ ആമസോൺ റിസർച്ച് ടീം നിരവധി പ്രോംപ്റ്റുകൾ ഉപയോഗിച്ചതിലൂടെയാണ് അപകട സാധ്യത വ്യക്തമായതെന്നാണ് സൂചനകൾ.

കമ്പനികൾ അടുത്തിടെയായി പുറത്തിറക്കുന്ന ശക്തമായ എഐ സിസ്റ്റങ്ങളും അവ ഉയർത്തുന്ന സുരക്ഷാ ഭീഷണികളും ട്രംപ് ഭരണകൂടം നിരീക്ഷിച്ചു വരുന്നതിനിടെയാണ് ആമസോൺ ടീമിന്റെ കണ്ടെത്തലുകൾ ജാസി യുഎസ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നത് എന്നതാണ് ശ്രദ്ധേയം. സർക്കാർ നിർദേശം വന്നതിന് തൊട്ടുപിന്നാലെ രണ്ട് മോഡലുകളും പിൻവലിക്കുകയാണെന്ന് ആന്ത്രോപിക് അറിയിച്ചു.

ഇതുവരെ പുറത്തിറക്കിയതിൽവെച്ച് ഏറ്റവും അകടകരമായ എഐ മോഡൽ എന്നാൽ ക്ലോഡ് മിത്തോസിനെ ആന്ത്രോപിക് തന്നെ വിശേഷിപ്പിക്കുന്നത്. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള ശക്തമായ കഴിവാണ് മിത്തോസിനെ അപകടകാരിയാക്കി മാറ്റുന്നത്. ക്ലോഡ് മിത്തോസ് ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്ത് ആന്ത്രോപിക് ഇതുവരെ അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല.

തിരഞ്ഞെടുത്ത കമ്പനികൾക്കും സംഘടനകൾക്കും മാത്രമാണ് മിത്തോസ് ലഭ്യമാക്കിയിരുന്നത്. എന്നാൽ മിത്തോസ് ക്ലാസിൽപ്പെട്ട മറ്റൊരു എൈ മോഡലായ ഫേബിൾ 5 ആന്ത്രോപിക് അടുത്തിടെ പുറത്തിറക്കി. ക്ലോഡ് മിത്തോസിന്റെ കഴിവുകൾ പരിമിതപ്പെടുത്തിയാണ് ഫേബിൾ 5 അവതരിപ്പിക്കുന്നതെന്ന് ആന്ത്രോപിക് അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് മിത്തോസും ഫേബിളും കമ്പനിക്ക് പിൻവലിക്കേണ്ടിവന്നത്.

ഫേബിൾ 5 ഉപയോഗിക്കരുതെന്ന് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് നിർദേശം നൽകിയത് സംബന്ധിച്ച വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഓരോ പ്രോംപ്റ്റും ഓരോ ഔട്ട്പുട്ടും 30 ദിവസത്തേക്ക് ആന്ത്രോപ്പിക്കിന്റെ സെർവറുകളിൽ സൂക്ഷിക്കാനുള്ള നീക്കമായിരുന്നു നിർദേശത്തിന് പിന്നിൽ. മൈക്രോസോഫ്റ്റാണ് ഇതിനെതിരെ പ്രതികരിച്ച് ആദ്യം രംഗത്തെത്തിയത്. പുതിയ ഡേറ്റാ റീടെൻഷൻ രീതി മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ ഡേറ്റാ പ്രൈവസി തത്വങ്ങൾക്ക് അനുസൃതമാണോ എന്ന് മൈക്രോസോഫ്റ്റിന്റെ ലീഗൽ ടീം പരിശോധന തുടങ്ങിയിരുന്നു. അതിനിടെ, മൈക്രോസോഫ്റ്റ് മാത്രമല്ല പല നിയമ സ്ഥാപനങ്ങളും ആന്ത്രോപിക്കിന്റെ നയം അഭിഭാഷക-ക്ലയിന്റ് ബന്ധത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ശക്തമായ എഐ മോഡൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ നിരീക്ഷിക്കാനാണ് വിവരങ്ങൾ 30 ദിവസം സൂക്ഷിക്കുന്നത് എന്നാണ് ആന്ത്രോപിക് വിശദീകരിക്കുന്നത്.

Content Highlights: Amazon alerted US officials to cyberattack vulnerabilities in Anthropic's Fable 5 model., The US government banned foreign access to Fable 5 and Mythos 5 models., Anthropic implemented a mandatory 30-day data retention policy for Fable 5, sparking enterprise privacy concerns., Microsoft and legal firms are restricting Fable 5 usage due to data confidentiality and attorney-client privilege issues., Anthropic maintains the retention policy is necessary to monitor for state-sponsored abuse and jailbreak attempts.