'9,000,000,000 ലിറ്റർ വെള്ളം': ഡേറ്റാ സെന്ററുകളുടെ 2025-ലെ ജല ഉപയോഗ കണക്ക് പുറത്തുവിട്ട് ആമസോൺ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വമ്പൻ ടെക് കമ്പനികളുടെ ഡേറ്റാ സെന്ററുകൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ട്. അവയുടെ വൻതോതിലുള്ള ജല, വൈദ്യുതി ഉപയോഗം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ് എതിർപ്പിന് കാരണം. അതിനിടെ തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഇക്കാര്യത്തിൽ ഏറ്റവും കാര്യക്ഷമത ഉള്ളവയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ. കമ്പനിക്ക് ലോകമെമ്പാടും ഏകദേശം 924 ഡേറ്റാ സെന്ററുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

2025-ൽ ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ ഏകദേശം 2.5 ബില്ല്യൺ (250 കോടി) ഗാലൻ അല്ലെങ്കിൽ 9 ബില്ല്യൺ (900 കോടി) ലിറ്ററിലധികം വെള്ളം ഉപയോഗിച്ചതായി കമ്പനി വെളിപ്പെടുത്തുന്നു. ജല ഉപയോഗത്തിന്റെ കണക്ക് ഇതാദ്യമായാണ് ആമസോൺ പരസ്യമായി വെളിപ്പെടുത്തുന്നത്. 250 കോടി ഗാലൻ വെള്ളം വലിയ അളവായി തോന്നാമെങ്കിലും ആമസോൺ ഉടമസ്ഥതയിലുള്ളതും നേരിട്ട് പ്രവർത്തിപ്പിക്കുന്നതുമായ സൈറ്റുകളിൽ വെള്ളത്തിന്റെ ഉപയോഗം 2024 ലെ അപേക്ഷിച്ച് 2 ശതമാനം കുറഞ്ഞതായി അവർ അവകാശപ്പെടുന്നു.

നിർമിതബുദ്ധി (എഐ)യുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്താൻ ഡേറ്റാ സെന്റർ ഓപ്പറേറ്റർമാർക്കുമേൽ സമ്മർദം വർധിക്കുന്ന സമയത്താണ് ആമസോൺ ഈ കണക്കുകൾ ബ്ലോഗ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുള്ളത്. ആമസോൺ ഡാറ്റാ സെന്ററുകൾ ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുടേതിനെക്കാൾ കാര്യക്ഷമമാണെന്നും കമ്പനി അവകാശപ്പെടുന്നു.

അമേരിക്കക്കാർ ഓരോ വർഷവും തോട്ടം നനയ്ക്കാൻ ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ അളവിലാണ് തങ്ങളുടെ ഡാറ്റാ സെന്ററുകൾ വെള്ളം ഉപയോഗിക്കുന്നതെന്നും ആമസോൺ പറയുന്നു. അമേരിക്കക്കാർ പുൽമേടുകളിലും തോട്ടങ്ങളിലും വർഷന്തോറും ഏകദേശം 3,30,000 കോടി ഗാലൻ വെള്ളം ഉപയോഗിക്കുന്നു എന്നാണ് കമ്പനി ആരോപിക്കുന്നത്. ഇത് തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നതിനേക്കാൾ 1,300 മടങ്ങ് കൂടുതലാണെന്നും കമ്പനി പറയുന്നു.

2030 ആകുമ്പോഴേക്കും ജല ഉപയോഗ രീതി ആകെ മാറ്റാനാണ് ആമസോൺ പദ്ധതിയിടുന്നത്. ഡേറ്റാ സെന്റർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഓരോ ഗാലൻ വെള്ളത്തിനും പ്രാദേശിക സമൂഹത്തിന് ഒരു ഗാലനിലധികം വെള്ളം തിരിച്ചുനൽകും. ഇതിനകം തന്നെ ആ ലക്ഷ്യത്തിന്റെ 75 ശതമാനം കൈവരിച്ചതായും കമ്പനി അവകാശപ്പെടുന്നു. ചില കേന്ദ്രങ്ങളിൽ കുടിവെള്ളത്തിനു പകരം ശുദ്ധീകരിച്ചതോ റീസൈക്കിൾ ചെയ്തതോ ആയ മലിനജലമാണ് ഉപയോഗിക്കുന്നത്.

സർവറുകൾ തണുപ്പിക്കാനാണ് വെള്ളം കൂടുതലും ഉപയോഗിക്കുന്നതെന്ന് ആമസോൺ പറയുന്നു. തങ്ങളുടെ ഡാറ്റാ സെന്ററുകൾ വർഷത്തിൽ 90 ശതമാനം സമയവും വായു ഉപയോഗിച്ചാണ് തണുപ്പിക്കുന്നത്. ഏറ്റവും ചൂടേറിയ ദിവസങ്ങളിലെ ഏറ്റവും ചൂടേറിയ മണിക്കൂറുകളിൽ മാത്രം ജലം അടിസ്ഥാനമാക്കിയുള്ള ശീതീകരണ സംവിധാനം ഉപയോഗിക്കുന്നുവെന്നും കമ്പനി പറയുന്നു.

Content Highlights: Amazon consumed 2.5 billion gallons of water in 2025 for global operations., Water usage at Amazon-owned sites decreased by 2% compared to 2024., Amazon claims the lowest water consumption per kWh compared to Microsoft, Google, and Meta., The company aims to be water positive by 2030, having reached 75% of the goal., 90% of cooling in Amazon facilities relies on outside air rather than water.