യു.എസ് AI കമ്പനികൾക്ക് വീണ്ടും തലവേദന; Kimi K3-യ്ക്ക് പിന്നാലെ Qwen 3.8-Max എത്തി, ചെലവ് തീരെകുറവ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

പ്രമുഖ യു.എസ് എഐ (നിർമിതബുദ്ധി) കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത് തുടർന്ന് ചൈന. Qwen 3.8-Max എഐ മോഡൽ ചൈനയിലെ ആലിബാബ പുറത്തിറക്കിയതോടെയാണിത്. കോഡിങ്, റീസണിങ്, മൾട്ടിമോഡൽ ടാസ്‌ക്കുകൾ എന്നിവയിൽ ഓപ്പൺഎഐയുടെ ChatGPT, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ മുൻനിര യുഎസ് എഐ മോഡലുകളുടെ പ്രകടനത്തിന് ഒപ്പം നിൽക്കുന്നതാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ചൈനയിലെ മൂൺഷോട്ട് എഐ Kimi K3 എന്ന മോഡൽ പുറത്തിറക്കി യു.എസ് കമ്പനികളെ ഞെട്ടിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആലിബാബയുടെ നീക്കം. Qwen ശ്രേണിയിലെ ഏറ്റവും വലുതും ശക്തവുമായ മോഡൽ ആണിതെന്ന് കമ്പനി പറയുന്നു. അതേസമയം ഡെവലപ്പർമാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സങ്കീർണമായ റീസണിങ്, ഓട്ടോണമസ് കോഡിങ്, നീണ്ട AI ഏജന്റ് ടാസ്‌ക്കുകൾ എന്നിവയ്ക്കുവേണ്ടി രൂപകൽപ്പന ചെയ്തതാണ് Qwen 3.8-Max അടുത്ത ആഴ്ച മോഡലിന്റെ ഓപ്പൺ വെയിറ്റ്‌സ് പുറത്തിറക്കുമെന്നും കമ്പനി പറയുന്നു. ചെറിയ Qwen 3.8-27B പതിപ്പും പുറത്തിറക്കും. ഡെവലപ്പർമാർക്ക് രണ്ട് മോഡലുകളും ഡൗൺലോഡ് ചെയ്യാനും ഫൈൻ-ട്യൂൺ ചെയ്യാനും സാധിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ വർഷം ചൈനയിൽ നിന്ന് പുറത്തിറങ്ങുന്ന ശക്തമായ AI മോഡലുകളിൽ അവസാനത്തേതാണ് Qwen 3.8-Max. ഏതാനും മാസങ്ങൾക്കിടെ മൂൺഷോട്ട് AI, ഡീപ്സീക്ക്, ബൈറ്റ്ഡാൻസ്, മിനിമാക്‌സ്, Z.ai തുടങ്ങിയ കമ്പനികൾ യുഎസ് AI കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന ശക്തമായ എഐ മോഡലുകൾ അവതരിപ്പിച്ചിരുന്നു.

ഡെവലപ്പർമാർക്ക് ആലിബാബ ക്ലൗഡിന്റെ മോഡൽ സ്റ്റുഡിയോ API കളിലൂടെ Qwen 3.8-Max ലഭ്യമാകും. എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ആലിബാബയുടെ AI വർക്ക്‌പ്ലേസ് അസിസ്റ്റന്റായ QwenWork വഴി ഇത് ഉപയോഗിക്കാൻ കഴിയും. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പ്രോജക്റ്റുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും, ദീർഘകാല പദ്ധതികൾ നടപ്പിലാക്കാനും, മനുഷ്യന്റെ കുറഞ്ഞ മേൽനോട്ടത്തിൽ കോഡിങ് ടാസ്‌ക്കുകൾ പൂർത്തിയാക്കാനും അതിന് കഴിയും.

കുറഞ്ഞ നിരക്കിൽ വീണ്ടും ചൈനീസ് AI മോഡൽ

യുഎസ് AI കമ്പനികൾക്ക് നിരക്കിന്റെ കാര്യത്തിലും ആലിബാബ വെല്ലുവിളി ഉയർത്തുന്നു. ഒരു മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 2 ഡോളർ വീതവും ഒരു മില്യൺ ഔട്ട്പുട്ട് ടോക്കണുകൾക്ക് 6 ഡോളർ വീതവുമാണ് കമ്പനി Qwen 3.8-Max ന് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ലഭ്യമായ ഏറ്റവും മത്സരാധിഷ്ഠിത നിരക്കുളള ഫ്രോണ്ടിയർ AI മോഡലുകളിൽ ഒന്നായി ഇത് മാറും. അതേസമയം ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ എന്നിവയുടെ മുൻനിര AI മോഡലുകളേക്കാൾ മികച്ചതോ തുല്യമോ ആയ പ്രകടനം Qwen3.8-Max കാഴ്ചവെക്കുമെന്ന് ആലിബാബ അവകാശപ്പെടുന്നു.

Content Highlights: Qwen 3.8-Max features 2.4 trillion parameters with 1 million token context window., Capable of autonomous software engineering and long-horizon planning., Efficient architecture activates only 95 billion parameters per task to reduce costs., Competitively priced at $2 per million input tokens., Open weights release scheduled for next week.