ലക്ഷ്യം കണ്ടെത്തുന്നതും ആയുധം നിർദേശിക്കുന്നതും AI; വഴിത്തിരിവായി ഇസ്രയേൽ - ഇറാൻ സംഘർഷം

ഇസ്രയേൽ - ഇറാൻ സംഘർഷം സാങ്കേതികവിദ്യയുടെ രംഗത്തെ പുതിയൊരു വഴിത്തിരിവായി മാറുമെന്ന് വിദഗ്ധർ. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ ബോംബാക്രമണങ്ങൾ നടത്താൻ സഹായിക്കുന്ന നിർമിതബുദ്ധി (എഐ) ടൂളുകളുടെ ഉപയോഗമാണ് നിലവിലെ സംഘർഷത്തെ മുൻപ് നടന്നിട്ടുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. മനുഷ്യന്റെ തീരുമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ അപ്രസക്തമായി മാറുമോ എന്ന ആശങ്കയും വിദഗ്ധർ മുന്നോട്ടുവെക്കുന്നുവെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നത്.
ആന്ത്രോപ്പിക്കിന്റെ എഐ ടൂളായ ക്ലോഡ് യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ചതായാണ് റിപ്പോർട്ടുൾ. എഐ സാങ്കേതികവിദ്യ ലക്ഷ്യം തിരിച്ചറിഞ്ഞയുന്നത് മുതൽ നിയമപരമായ അനുമതി ലഭിച്ച് ആക്രമണം ആരംഭിക്കുന്നതുവരെയുള്ള സമയപരിധി വൻതോതിൽ കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇസ്രയേലും അമേരിക്കയും ഗാസയിലെ ആക്രമണലക്ഷ്യങ്ങൾ തിരിച്ചറിയാൻ എഐ ഉപയോഗിച്ചിരുന്നു. ഇറാനിലെ ലക്ഷ്യങ്ങളിൽ 900-ൽ അധികം ആക്രമണങ്ങൾ ആദ്യ 12 മണിക്കൂറിനുള്ളിൽ നടത്തി. സങ്കീർണമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ആവശ്യമായ സമയം എഐ സഹായത്തോടെ വൻതോതിൽ കുറയ്ക്കാൻ കഴിയുന്നതോടെയാണ് ഇത് സാധ്യമാകുന്നതെന്ന് വിദഗ്ധർ പറയുന്നു.
യുഎസ് യുദ്ധകാര്യ വകുപ്പ് ഫ്രാൻസിസ്‌കോ ആസ്ഥാനമായ എഐ കമ്പനി അന്തോപ്പിക്കിന്റെ എഐ ടൂൾ 2024 മുതൽതന്നെ വിന്യസിച്ചിരുന്നു. എഐയുടെ സഹായത്തോടെ യുദ്ധ പദ്ധതികൾ വേഗത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. പെന്റഗണും പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ പാലന്റീറും ചേർന്ന് വികസിപ്പിച്ച സംവിധാനത്തിന്റെ ഭാഗമായി ക്ലോഡ് മാറി. ഇതോടെ രഹസ്യ വിവരങ്ങളുടെ വിശകലനം വേഗത്തിലാക്കാനും തീരുമാനങ്ങൾ അതിവേഗം നടപ്പാക്കാനും പെന്റഗണിന് സാധിച്ചു.
ലക്ഷ്യങ്ങൾ ഏതൊക്കെയാവണമെന്ന ശുപാർശകൾ നൽകുന്നത് എഐ ആണെന്നും മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ ലക്ഷ്യങ്ങൾ കണ്ടെത്തൽ സാധ്യമാകുമെന്നും ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ ജിയോഗ്രഫി സീനിയർ ലക്ചററും കിൽ ചെയിൻ വിദഗ്ധനുമായ ക്രെയ്ഗ് ജോൺസ് പറയുന്നു. മുൻപൊക്കെ യുദ്ധങ്ങളിൽ ദിവസങ്ങളോ ആഴ്ചകളോ എടുത്ത് നടത്തുന്ന ആസുത്രണം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എഐ സാധ്യമാകുന്നു.
എഐ സംവിധാനങ്ങൾക്ക് ഡ്രോൺ ദൃശ്യങ്ങൾ മുതൽ മനുഷ്യർ ശേഖരിക്കുന്ന രഹസ്യ വിവരങ്ങളെ വരെ അതിവേഗം വിശകലനം ചെയ്യാൻ കഴിയും. എഐ സംവിധാനങ്ങൾ ലക്ഷ്യങ്ങൾ തിരിച്ചറിയുകയും മുൻഗണന നൽകേണ്ടത് ഏതിനാണെന്ന് പറയുകയും ആയുധങ്ങൾ നിർദേശിക്കുകയും ചെയ്യുമെന്നാണ് ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നത്. ആക്രമണത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള നിയമപരമായ പ്രശ്‌നങ്ങൾവരെ വിലയിരുത്താൻ അത് നിർമിതബുദ്ധി ഉപയോഗിക്കും എന്നാണ് വിവരം.
ഇത് സൈനിക ഉപകരണങ്ങളുടെയും സൈനിക സാങ്കേതികവിദ്യയുടെയും അടുത്ത യുഗത്തിന്റെ തുടക്കമാണെന്ന് ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്‌സിറ്റിയിലെ എത്തിക്‌സ്, ടെക്‌നോളജി, സൊസൈറ്റി പ്രൊഫസർ ഡേവിഡ് ലെസ്‌ലീ ചൂണ്ടിക്കാട്ടുന്നു. ഇറാൻ അവരുടെ ആക്രമണങ്ങളിൽ ഏത് എഐ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. 2025-ൽ അവരുടെ മിസൈൽ ടാർഗെറ്റിംഗ് സിസ്റ്റങ്ങളിൽ എഐ ഉപയോഗിച്ചതായി അവർ അവകാശപ്പെട്ടിരുന്നുവെന്നും ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: AI significantly reduces the time required for military target identification and strike approval., The integration of Claude and Palantir systems enables 'decision compression' in war planning., Concerns exist regarding 'cognitive off-loading' and the potential for human oversight to become a mere formality., Rapid scaling of AI-driven strikes has shifted the timeline of military campaigns from weeks to hours.