റോഡുകളിലെ കുഴികളും കേടുപാടും കണ്ടെത്താൻ എഐ; പരീക്ഷണവുമായി കേന്ദ്ര സർക്കാർ

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മത ചിത്രം | Photo: ANI
പ്രതീകാത്മത ചിത്രം | Photo: ANI

സ്മാർട്ട്ഫോൺ വീഡിയോകൾ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിടവുകളും മറ്റ് കേടുപാടുകളും തിരിച്ചറിയാൻ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം കേന്ദ്ര സർക്കാർ പരീക്ഷിക്കുന്നു. ഗ്രാമീണ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് (PMGSY) കീഴിലുള്ള റോഡുകളിൽ എഐ സംവിധാനം പരീക്ഷിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങും (C-DAC) നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസിയും (NRIDA) ചേർന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

പ്രവർത്തനരീതി

വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണുകളിലെ ആപ്പ് വഴി റോഡിന്റെ വീഡിയോകൾ പകർത്തിയാണ് ഇത് വിലയിരുത്തുന്നത്. നിലവിൽ കുഴികൾ, നീളത്തിലുള്ള വിടവുകൾ, കുറുകെയുള്ള വിടവുകൾ, വശങ്ങളിലെ കേടുപാടുകൾ, പാച്ചുകൾ, കാടുപിടിച്ചതുകൊണ്ടുള്ള തടസങ്ങൾ തുടങ്ങി ഏഴ് തരം കേടുപാടുകൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും.

റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു സഹായം എന്ന നിലയിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. എഐ നൽകുന്ന റിപ്പോർട്ടുകൾ എൻജിനീയർമാർ നേരിട്ടെത്തി പരിശോധിച്ച് അളവുകൾ ഒത്തുനോക്കും.

പൂനെ, ലഖ്‌നൗ, അസമിലെ കാംരൂപ്, മേഘാലയയിലെ റി-ഭോയ് എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ ആദ്യഘട്ട ട്രയലുകൾ നടന്നത്. പിന്നീട് കാൺപൂരിലും ഭോപ്പാലിലെ ബെറാസിയയിലും വികസിപ്പിച്ച പതിപ്പ് പരീക്ഷിച്ചു. കരാറുകാർ അറ്റകുറ്റപ്പണി നടത്തേണ്ട അഞ്ച് വർഷത്തെ 'ഡിഫക്ട് ലയബിലിറ്റി പീരീഡ്' കാലയളവിൽ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് സഹായിക്കും.

Content Highlights: The central government has launched a nationwide pilot project using smartphone-based AI and video apps developed by C-DAC and NRIDA to inspect and identify seven types of damages on PMGSY rural roads.