AI പിന്തുണയുള്ള Bing ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും; പ്രിവ്യൂ പതിപ്പ് ഉപയോഗിക്കാം

Photo: Bing
Photo: Bing

മൈക്രോസോഫ്റ്റിന്റെ ചാറ്റ് ജിപിടി പിന്തുണയോടുകൂടിയുള്ള ബിങ് ബ്രൗസര്‍ ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകളിലും ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഏറ്റവും പുതിയ ബിങ്, എഡ്ജ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണ ഉള്‍പ്പെടുത്തിയതിനൊപ്പം ആപ്പുകളിലെ യൂസര്‍ ഇന്റര്‍ഫെയ്‌സും പരിഷ്‌കരിച്ചിട്ടുണ്ട്. 64 ശതമാനം ഇന്റര്‍നെറ്റ് സെര്‍ച്ചുകളും നടക്കുന്നത് സ്മാര്‍ട്‌ഫോണുകളിലാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 

169 രാജ്യങ്ങളിലായി പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം പുതിയ ബിങ് ബ്രൗസര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 71 ശതമാനം അനുകൂല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നുള്ളതെന്നും കമ്പനി പറയുന്നു. 

നിലവില്‍ ബിങ് ബ്രൗസറില്‍ എഐ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് സൈന്‍ ഇന്‍ ചെയ്യണം. പ്രിവ്യൂ പതിപ്പായതിനാല്‍ മുന്‍ഗണനാ ക്രമം അനുസരിച്ചാണ് ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. 

പുതിയ എഡ്ജ് ആപ്പിനൊപ്പം 'ബിങ് ഫോര്‍ സ്‌കൈപ്പ്' എന്ന പേരില്‍ ഒരു പുതിയ സേവനവും മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് സ്‌കൈപ്പ് ഗ്രൂപ്പില്‍ ബിങിനെ ചേര്‍ക്കാന്‍ സാധിക്കും. ഒരു ചാറ്റ്‌ബോട്ടായി പ്രവര്‍ത്തിക്കുന്ന ഈ സേവനത്തോട് നിങ്ങള്‍ക്ക് വേണ്ട ചോദ്യങ്ങള്‍ ചോദിക്കാം. 

Content Highlights: AI-powered Bing now on iPhones and Android devices