എഐ വികസനവേഗം കുറയ്ക്കണം, കമ്പനികൾക്ക് കടിഞ്ഞാണിടാൻ സ്വതന്ത്രനിരീക്ഷകർ; നിർദേശവുമായി ആന്ത്രോപിക് മേധാവി

#ടെക്നോളജി ഡെസ്ക്
Dario Amodei, co-founder and CEO of Anthropic | Photo by JULIEN DE ROSA / AFP
Dario Amodei, co-founder and CEO of Anthropic | Photo by JULIEN DE ROSA / AFP

നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ ആവശ്യപ്പെട്ടു. 'X' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ലേഖനത്തിലൂടെ എഐ വികസനം നിയന്ത്രിക്കുന്നതിനായി മൂന്നു ഘട്ടങ്ങളുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവെച്ചു.

എഐ വികസനം സുരക്ഷിതമാക്കാൻ അമോഡെ നിർദേശിച്ച പ്രധാന കാര്യങ്ങൾ:

  1. സ്വതന്ത്ര സുരക്ഷാ പരിശോധകർ- മുൻനിര എഐ കമ്പനികൾ METR പോലുള്ള പുറത്തുനിന്നുള്ള വിദഗ്ധർക്ക് സ്വന്തം ജീവനക്കാരെപ്പോലെ കമ്പനിയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകണം. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തുക, പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുക, പൂർത്തിയായ എഐ മോഡലുകൾ മാത്രമല്ല, അവ നിർമിക്കുന്ന പ്രക്രിയകളും സുരക്ഷിതമാണോയെന്ന്‌ പരിശോധിക്കുക എന്നിവയാണ് ഇവരുടെ ചുമതല. വികസനവേഗം കുറയ്ക്കാമെന്നുള്ള ഉറപ്പ് കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്താൻ ഇത് അത്യാവശ്യമാണ്. സ്വന്തം നിലയ്ക്ക് ഇത് നടപ്പാക്കാൻ ആന്ത്രോപിക് തയ്യാറാണ്.
  2. ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം- പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിനും നിയന്ത്രണമില്ലാത്ത എഐ വളർച്ചയുടെ വേഗത്തിന് പരിധി നിശ്ചയിക്കുന്നതിനും ജനാധിപത്യ രാജ്യങ്ങളിലെ പ്രമുഖ എഐ കമ്പനികൾ ഒന്നിച്ച് പ്രവർത്തിക്കണം. എഐയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അതിന് സർക്കാരുകളുടെ പിന്തുണ ആവശ്യമാണ്.
  3. ആഗോളതലത്തിലുള്ള ഏകോപനം- നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന്‌ പരിശോധിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ചൈന പോലുള്ള രാജ്യങ്ങളുമായി പോലും എഐ സുരക്ഷയിൽ സാധ്യമായ രീതിയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കണം.

ഓപ്പൺഎഐ (OpenAI) സിഇഒ സാം ആൾട്ട്മാനും, xAI തലവൻ ഇലോൺ മസ്‌കും അമോഡെയുടെ നിർദേശത്തെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. സ്ഥാപനങ്ങളിൽ സ്വതന്ത്ര പരിശോധകരെ അനുവദിക്കുന്നത് മികച്ച ആശയമാണെന്നും  ഇത് നടപ്പാക്കുമെന്നും സാം ആൾട്ട്മാൻ വ്യക്തമാക്കി.

എഐയുടെ ദുരുപയോഗം മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുമെന്ന് പ്രമുഖ എഐ നിരീക്ഷകരടക്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ഗവേഷകൻ ജേക്കബ് കോക്‌സണിന്റെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് ആന്ത്രോപിക് വ്യാഴാഴ്ച പുറത്തിറക്കിയ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ട് - 2026 ചർച്ചയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

ഭീകര സംഘടനകൾ നടത്തുന്ന ആയുധ വികസന നീക്കങ്ങൾ മുതൽ പല രാജ്യങ്ങളിലും സർക്കാർ പിന്തുണയോടെ ജനങ്ങൾക്കുമേലുള്ള നിരീക്ഷണത്തിന്റെവരെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.

Content Highlights: Anthropic CEO Dario Amodei has proposed a three-point global plan—backed by Elon Musk and Sam Altman—urging AI labs to slow down development, permit independent safety audits, and coordinate internationally to prevent catastrophic misuse.