30 വര്‍ഷത്തിനകം എ.ഐ. മനുഷ്യരാശിയെ തുടച്ചുനീക്കും -ജെഫ്രി ഹിന്റണ്‍

വാഷിങ്ടണ്‍: അടുത്ത 30 വര്‍ഷംകൊണ്ട് നിര്‍മിതബുദ്ധി (എ.ഐ.) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഐ.ഐ.യുടെ തലതൊട്ടപ്പനായി കണക്കാക്കുന്ന ബ്രിട്ടീഷ്-കനേഡിയന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍. എ.ഐ. സാങ്കേതികവിദ്യയിലെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാള്‍ വേഗത്തിലാണെന്ന് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവുകൂടിയായ ഹിന്റണ്‍ പറഞ്ഞു. അടുത്ത മൂന്ന് ദശകത്തിനുള്ളില്‍ എ.ഐ., മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാന്‍ 10 മുതല്‍ 20 ശതമാനംവരെ സാധ്യതയുണ്ട്. എ.ഐ. പോലെ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള മറ്റൊന്നിനെയും മുന്‍പ് നമുക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ലെന്നും ഹിന്റണ്‍ പറഞ്ഞു.''കൂടുതല്‍ ബുദ്ധിയുള്ള ഒന്നിനെ കുറഞ്ഞ ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് എത്ര ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും. അമ്മയും കുഞ്ഞും. അതുമാത്രമാണ് എനിക്കാകെ അറിയുന്ന ഒന്ന്. അമ്മയെ നിയന്ത്രിക്കുന്നവിധത്തില്‍ കുഞ്ഞിനെ പരുവപ്പെടുത്താന്‍ പരിണാമം ഏറെ അധ്വാനിച്ചു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള എ.ഐ. സങ്കേതങ്ങള്‍ ഉണ്ടാകാനിടയുണ്ട്.'' -ഹിന്റണ്‍ പറഞ്ഞു.
Content Highlights: Geoffrey Hinton, a leading AI expert, warns that AI could pose an existential threat to humanity