89,999 രൂപ- പ്രീമിയം സെഗ്മെന്റിൽ വിവോയുടെ X100 സീരീസ് ഇന്ത്യയിൽ

Vivo X100 Pro | Photo: Vivo
Vivo X100 Pro | Photo: Vivo

വിവോയുടെ എക്‌സ് 100 സീരീസ് ജനുവരി നാലിന് വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ എക്‌സ് 100, വിവോ എക്‌സ് 100 പ്രോ എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മീഡിയാടെക്കിന്റെ ശക്തിയേറിയ ഡൈമെന്‍സിറ്റി 9300 പ്രൊസസറുമായാണ് രണ്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ഐപി 68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സുള്ള ഫോണില്‍ മികച്ച ക്യാമറ ഫീച്ചറുകളാണുള്ളത്. സെയ്‌സിന്റെ ക്യാമറകളാണ് റിയര്‍ ക്യാമറയിലുള്ളത്. ചിത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിവോയുടെ വി2 ഇമേജ് പ്രൊസസിങ് ചിപ്പും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. 

വിവോ എക്‌സ് 100 സവിശേഷതകള്‍

6.78 ഇഞ്ച് വലിപ്പമുള്ള അമോലെഡ് 8ടി എല്‍ടിപിഒ കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 3000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുള്ള സ്‌ക്രീനില്‍ 2160 ഹെര്‍ട്‌സ് ഹൈ ഫീക്വന്‍സി ഡിമ്മിങ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 14 ആണ് ഫോണിലുള്ളത്. ഒക്ടാകോര്‍ 4 എന്‍എം മീഡിയാടെക്ക് ഡൈമെന്‍സിറ്റി 9300 പ്രൊസസര്‍ ചിപ്പ്, വിവോയുടെ വി2 ചിപ്പ് 16 ജിബി എല്‍പിഡിഡിആര്‍5 റാം എന്നിവയും ഫോണിനെ മികവുറ്റതാക്കുന്നു. 

സെയ്‌സുമായി ചേര്‍ന്നാണ് ഫോണിലെ ക്യാമറ ഒരുക്കിയിരിക്കുന്നത്. 50 എംപി സോണി ഐഎംഎക്‌സ് 989 പ്രൈമറി സെന്‍സറാണിതില്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഇതോടൊപ്പം 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 50 എംപി സെയ്‌സ് എപിഒ സൂപ്പര്‍ ടെലിഫോട്ടോ ക്യാമറ എന്നിവയും റിയര്‍ ക്യാമറയില്‍ നല്‍കിയിരിക്കുന്നു. ടെലഫോട്ടോ ക്യാമറയില്‍ ഒഐഎസും 4.3 എക്‌സ് ഒപ്റ്റിക്കല്‍ സൂം സൗകര്യവുമുണ്ട്. പ്രൈമറി ക്യാമറയിലും ടെലിഫോട്ടോ ക്യാമറയിലും 100 എക്‌സ് ഡിജിറ്റല്‍ സൂം സൗകര്യവുമുണ്ട്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയാണുള്ളത്.

1 ടിബി വരെ യുഎഫ്എസ് 4.0 ഇന്റേണല്‍ സ്റ്റോറേജുണ്ട് ഫോണില്‍. 5ജി, വൈഫൈ 7, ബ്ലൂടൂത്ത്, എന്‍എഫ്‌സി, ജിപിഎസ്, നാവിക്, ഒടിജി, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 

ഐപി68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റുള്ള ഫോണില്‍ 5400 എംഎഎച്ച് ബാറ്ററിയാണുള്ളത്. 100 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ്. 221 ഗ്രാം ആണ് ഫോണിന്റെ ഭാരം. 

വിവോ എക്‌സ് 100

പ്രോ മോഡലിന് സമാനമായ ഡിസ്‌പ്ലേയാണ് ഇതിലും. 4.എന്‍എം മീഡിയാടെക്ക് ഡൈമെന്‍സിറ്റി 9300 ചിപ്പ് സെറ്റില്‍ 16 ജിബി വരെ എല്‍പിഡിഡിആര്‍5 റാം, വിവോ വി2 ചിപ്പ്, ജി720 ജിപിയു എന്നിവ ഫോണിന് ശക്തി പകരുന്നു. 

സെയ്‌സ് ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ്920 വിസിഎസ് ബയോണിക് പ്രൈമറി ക്യാമറയാണുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഇതോടൊപ്പം 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, 64 എംപി സെയ്‌സ് സൂപ്പര്‍ അമോലെഡ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. 100 എക്‌സ് ക്ലിയര്‍ സൂം ടെലിഫോട്ടോ ക്യാമറയിലുണ്ട്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറ നല്‍കിയിരിക്കുന്നു.

1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുണ്ട്. ഐപി 68 റേറ്റിങ്, സെന്‍സറുകള്‍, എന്നിവയെല്ലാം പ്രോ വേര്‍ഷനിലേത് പോലെ തന്നെ. 5000  എഐഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 202 ഗ്രാം ആണ് ഫോണിന് ഭാരം. 

വില

വിവോ എക്‌സ് 100 പ്രോയുടെ ആസ്റ്റെറോയിഡ് ബ്ലാക്ക് 16 ജിബി+512 ജിബി വേരിയന്റിന് 89,999 രൂപയാണ് വില. 

വിവോ എക്‌സ്100 ന്റെ 12 ജിബി + 256 ജിബി വേരിയന്റിന് 63999 രൂപയും. 16 ജിബി + 512 ജിബി വേരിയന്റിന് 69999 രൂപയും ആണ് വില. എക്‌സ് 100 ന് ആസ്റ്ററോയിഡ് ബ്ലാക്ക്, സ്റ്റാര്‍ഗേസ് ബ്ലൂ കളര്‍ വേരിയന്റുകളാണുള്ളത്. 

ഇപ്പോള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന ഫോണിന്റെ വില്‍പന്ന ജനുവരി 11 മുതലാണ് ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ട്, വിവോ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലും രാജ്യത്തുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.
 

Content Highlights: vivo X100 smartphone series launched in india