എഐ ഫീച്ചറുകളുമായി സാംസങിന്റെ പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍; തീയ്യതി പ്രഖ്യാപിച്ചു

വരുംതലമുറ ഗാലക്സി സെഡ് സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്. ഈ വരുന്ന ജൂലായ് 10-ന് പാരിസില്‍ നടക്കുന്ന ആഗോള 'ഗാലക്സി അണ്‍പാക്ക്ഡ്' ലോഞ്ച് ഇവന്റില്‍ പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളും അനുബന്ധ ഇക്കോസിസ്റ്റം ഉപകരണങ്ങളും കമ്പനി അവതരിപ്പിക്കും. ഗാലക്സി സെഡ് സീരീസിലും മുഴുവന്‍ ഗാലക്സി ഇക്കോസിസ്റ്റത്തിലും എഐ സവിശേഷതകള്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഗ്ലോബല്‍ അണ്‍പാക്ക്ഡ് ഇവന്റിന് മുന്നോടിയായി, വരാനിരിക്കുന്ന ഫോള്‍ഡബിള്‍ മോഡലുകളില്‍ ഗാലക്സി എഐ ഫീച്ചര്‍ ഒപ്റ്റിമൈസ് ചെയ്യുമെന്ന് സാംസങിന്റെ പ്രധാന എക്സിക്യൂട്ടീവുകളില്‍ ഒരാള്‍ അറിയിച്ചു. ഇത് ഉപയോക്താക്കള്‍ക്ക് തികച്ചും പുതിയതും അതുല്യവുമായ എഐ അനുഭവം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സാംസങ് ഗാലക്സി സീരിസിലെ ഏറ്റവും പുതിയതും മികച്ചതുമായ ഹാര്ഡ്വെയര് ഡിസൈനാണ് സാംസങ് ഫോള്ഡബിളുകളെന്നും ഗാലക്സി എഐ സാങ്കേതികവിദ്യയും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നതിനാല് ഇത് അനന്തമായ പുതിയ സാധ്യതകള്‍ തുറക്കുമെന്നും സാംസങ് ഇലക്ട്രോണിക്സ് ഇവിപിയും മൊബൈല്‍ ആര് ആന്‍ഡ് ഡി ഹെഡുമായ വോണ്‍-ജൂണ്‍ ചോയി പറഞ്ഞു.
പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ, സാംസങ് അവരുടെ വെയറബിള്‍ ഡിവൈസുകളും പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlights: samsung z fold and flip smartphone launch galaxy unpacked 2024