ഫോൾഡബിൾ ഫോണുകളുടെ സ്വീകാര്യത വർധിപ്പിക്കാൻ സാംസങ്; ഗാലക്സി ഫോർഎവർ പ്രോഗ്രാം ഇന്ത്യയിൽ

ഫോൾഡബിൾ ഫോണുകളുടെ സ്വീകാര്യത വർധിപ്പിക്കാൻ പുതിയ നീക്കവുമായി സാംസങ്. ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രാ, ഗാലക്സി ഇസഡ് ഫോൾഡ്8 എന്നിവ അനായാസം സ്വന്തമാക്കാൻ പുതിയ പേയ്മെന്റ് ഓപ്ഷനുകൾ സാംസങ് ഇന്ത്യ അവതരിപ്പിച്ചു. ഗാലക്സി ഫോർഎവർ പ്രോഗ്രാമിന്റെ ഭാഗമായി 24 മാസത്തേക്ക് ഫോൺ വിലയുടെ 60 ശതമാനം മാത്രം ഇ.എം.ഐയായി അടയ്ക്കുന്ന 'ബുള്ളറ്റ് പേയ്മെന്റ്' സംവിധാനമാണ് സാംസങ് കൊണ്ടുവന്നിട്ടുള്ളത്.
ഈ പദ്ധതിയിൽ പ്രതിമാസ ഇ.എം.ഐയിൽ 25 ശതമാനം കുറവുണ്ടാകും. ഫോൾഡ്8 അൾട്രായുടെ ഇ.എം.ഐ 9,417ൽ നിന്ന് 6,997 ആയും ഫോൾഡ്8ന്റേത് 8,584ൽ നിന്ന് 6,416 ആയും കുറയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇഎംഐ കഴിഞ്ഞാൽ മൂന്ന് ഓപ്ഷനുകൾ
24 മാസത്തെ ഈഎംഐ പൂർത്തിയാകുമ്പോൾ മൂന്ന് ഓപ്ഷനുകൾ ഉപഭാക്താവിന് ലഭിക്കും. ഫോൺ തിരികെ നൽകി പുതിയ ഗാലക്സി ഡിവൈസിലേക്ക് അപ്ഗ്രേഡ് ചെയ്യാം, ബാക്കിയുള്ള 40 ശതമാനം തുക അടച്ച് ഫോൺ സ്വന്തമായി നിലനിർത്തുകയോ, ഫോൺ തിരികെ നൽകി പദ്ധതിയിൽ നിന്ന് പുറത്തുകടക്കുകയോ ചെയ്യാം.
24 മാസത്തിന് മുമ്പ് അപ്ഗ്രേഡ് ചെയ്യാനും ഫോൺ തിരികെ നൽകാനും സൗകര്യമുണ്ട്. 10-11 മാസങ്ങളിൽ 55 ശതമാനം വരെ, 12-13 മാസങ്ങളിൽ 50 ശതമാനം വരെ, 14-18 മാസങ്ങളിൽ 45 ശതമാനം വരെ, 19-25 മാസങ്ങളിൽ 40 ശതമാനം വരെ എന്നിങ്ങനെ ഉറപ്പുള്ള ബൈബാക്ക് ലഭിക്കും.
കെയർ+ പരിരക്ഷ
ഗാലക്സി ഫോർഎവർ പദ്ധതിയിൽ സാംസങ് കെയർ+ പരിരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടം മൂലമുള്ള കേടുപാടുകൾക്കും ദ്രാവകത്തിൽ നിന്നുള്ള കേടുപാടുകൾക്കും ക്ലെയിം പ്രോസസ്സിങ് ഫീസില്ലാതെ പരിരക്ഷ ലഭിക്കും. കുറഞ്ഞ പ്രതിമാസ ഇ.എം.ഐ., ഉറപ്പുള്ള ബൈബാക്ക് സൗകര്യം, ഡിവൈസ് പരിരക്ഷ എന്നിവ ഒരുമിച്ച് ലഭിക്കുന്ന ഗാലക്സി ഫോർഎവർ പദ്ധതി ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും ഫ്‌ളെക്‌സിബിലിറ്റിയും നൽകുന്നു. നിലവിലെ ഗാലക്സി ഫോൾഡബിൾ ഫോൺ നിലനിർത്താനോ പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ കഴിയുന്നതിനൊപ്പം, ഭാവിയിലേക്കുള്ള അപ്ഗ്രേഡുകൾക്കും പദ്ധതി കൂടുതൽ സൗകര്യമൊരുക്കുന്നു.
ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രായിൽ 8 ഇഞ്ച് പ്രധാന ഡിസ്പ്ലേ, 200 എം.പി. പ്രധാന ക്യാമറ, 50 എം.പി. അൾട്രാ-വൈഡ് ക്യാമറ, 8കെ വീഡിയോ റെക്കോർഡിങ്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോർ ഗാലക്സി, 5,000 എം.എ.എച്ച് ബാറ്ററി എന്നിവയുണ്ട്. 4.1 മില്ലിമീറ്റർ കനം, 215 ഗ്രാം ഭാരം എന്നിവയോടെ സാംസങിന്റെ ഏറ്റവും സ്ലിം ആയ ഫോൾഡ് ഡിസൈനാണിത്.
ഗാലക്സി ഇസഡ് ഫോൾഡ്8ന് 4,800 എം.എ.എച്ച് ബാറ്ററിയും 201 ഗ്രാം ഭാരവുമുണ്ട്. പുതിയ ഫ്‌ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേ ഘടന ക്രീസ് കുറയ്ക്കുന്നതിനൊപ്പം ദൃഢതയും വർധിപ്പിക്കുന്നു. പ്രധാന ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസും ഡ്യുവൽ 50 എം.പി. ക്യാമറ സംവിധാനവും ഡ്യുവൽ റെക്കോർഡിങ്, മൈ ഫാൻകാം തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.
Content Highlights: Samsung introduces bullet payment EMI for Galaxy Z Fold 8 and Fold 8 Ultra., Pay only 60 percent of the phone price over 24 months with 25 percent lower EMI., Includes Samsung Care+ protection with zero claim processing fees for accidental damage., Galaxy Z Fold 8 Ultra features an 8-inch main display and 200MP camera., Flexible upgrade and buyback options available after 24 months.