ക്യാമറകളെല്ലാം ഔട്ട്! സ്വന്തം ഫോണിൽ ലോഞ്ച് ഇവന്റ് ചിത്രീകരിച്ച് ലോകത്തെ ഞെട്ടിച്ച് സാംസങ്!

ലണ്ടനിൽ നടന്ന സാംസങ്ങിന്റെ ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റ് കേവലം ഒരു സാധാരണ പ്രൊഡക്റ്റ് ലോഞ്ച് ആയിരുന്നില്ല, സ്മാർട്ഫോൺ സിനിമാറ്റോഗ്രഫിയിലെ പുതിയൊരു വിപ്ലവം കൂടിയായിരുന്നു ആ പരിപാടി. ഇതിന്റെ തത്സമയ സംപ്രേഷണം ആഗോളതലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കിയിരുന്നു. എന്നാൽ ഈ തത്സമയ സ്ട്രീമിങ് പൂർണമായും ഗാലക്സി എസ്26 അൾട്രാ സ്മാർട്ഫോണിലൂടെയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ക്രെയിനിലും പ്രത്യേക റിഗ്ഗുകളിലും ഘടിപ്പിച്ച് പരിപാടി ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരമ്പരാഗത വീഡിയോ ക്യാമറകൾ പൂർണമായും ഒഴിവാക്കി, പ്രൊഫഷണൽ സ്റ്റുഡിയോ ലൈറ്റിങ്ങിങ്ങും ക്രെയിനുകളും സ്റ്റെബിലൈസേഷൻ ഗിയറുകളും മാത്രം ഉപയോഗിച്ച് സ്വന്തം സാംസങ് ഗാലക്സി എസ്26 അൾട്രാ ഫോണിലൂടെയാണ് സാംസങ് ഈ ഇവന്റ് പൂർണമായും ചിത്രീകരിച്ചതും തത്സമയം സംപ്രേഷണം ചെയ്തതും. വിപണിയിലെ സിനിമാറ്റിക് കണ്ടന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടിറക്കിയ ഈ ഫോണിലെ ക്യാമറ ഫീച്ചറുകൾ അത്രത്തോളം മികവുറ്റതാണ്.
സാംസങ് ഗാലക്സി എസ്26 സീരീസ് 2026 ജനുവരിയിലാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രൊഫഷണൽ ക്വാളിറ്റിയുള്ള ഫോട്ടോഗ്രാഫിയും വീഡിയോയും സാധ്യമാക്കുന്ന അത്യാധുനിക ക്യാമറാ സംവിധാനമാണ് സാംസങ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഉയർന്ന റെസല്യൂഷനുള്ള പ്രൈമറി സെൻസറും വിപുലമായ ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള ടെലിഫോട്ടോ ലെൻസും, വിശാലമായ ഫ്രെയിമുകൾ പകർത്തുവാൻ സഹായിക്കുന്ന അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു.
മെച്ചപ്പെടുത്തിയ വീഡിയോ സ്റ്റെബിലൈസേഷൻ, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്ന വിശാലമായ ക്യാമറ അപ്പർച്ചറുകൾ, പ്രൊഫഷണൽ ക്വാളിറ്റിയുള്ള എഐ പവേർഡ് ഇമേജിങ് സംവിധാനങ്ങൾ. മികച്ച നൈറ്റോഗ്രാഫി സാങ്കേതികവിദ്യ ഉള്ളതിനാൽ വെളിച്ചം വളരെ കുറഞ്ഞ സാഹചര്യങ്ങളിലും വ്യക്തതയുള്ളതും തെളിച്ചമുള്ളതുമായ ചിത്രങ്ങൾ പകർത്താൻ സാധിക്കും. കൂടാതെ, ചിത്രങ്ങളുടെ നിലവാരം തത്സമയം മെച്ചപ്പെടുത്താനും അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്ന അഡ്വാൻസ്ഡ് എഐ ക്യാമറ ഫീച്ചറുകൾ, വീഡിയോകൾക്ക് സ്ഥിരത നൽകുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 8K റെസല്യൂഷനിൽ അതിശയിപ്പിക്കുന്ന ക്വാളിറ്റിയിൽ വീഡിയോ റെക്കോർഡിങ്, മികച്ച ഓട്ടോഫോക്കസോട് കൂടിയ സെൽഫി ക്യാമറ എന്നിവ ഗാലക്സി എസ്26-ലുണ്ട്.
ഒരു ഫോണിന്റെ ലോഞ്ച് സ്വന്തം കമ്പനിയുടെ മറ്റൊരു ഫോണിൽ തന്നെ ചിത്രീകരിച്ചതിലൂടെ തങ്ങളുടെ സ്മാർട്ഫോൺ ക്യാമറയുടെ പ്രവർത്തനക്ഷമത ലോകത്തിന് മുന്നിൽ നേരിട്ട് തെളിയിക്കാൻ സാംസങ്ങിന് സാധിച്ചു.
ഈ ഇവന്റിൽ ഗാലക്സി Z ഫോൾഡ് 8, Z ഫോൾഡ് 8 അൾട്രാ, ഗാലക്സി Z ഫ്ലിപ്പ് 8, ഗാലക്സി വാച്ച് അൾട്രാ 2, ഗാലക്സി വാച്ച് 9 എന്നീ ഉപകരണങ്ങൾ സാംസങ് വിപണിയിലെത്തിച്ചു.
പുതിയ ഫ്ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേയും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും ഉൾപ്പെടുത്തിയാണ് ഗാലക്സി Z ഫോൾഡ് 8, Z ഫോൾഡ് 8 അൾട്രാ എന്നീ ഫോൾഡബിൾ ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ അൾട്രാ മോഡൽ 200MP പ്രധാന ക്യാമറയും 5,000 mAh ബാറ്ററിയും വിശാലമായ സ്ക്രീനുകളും നൽകുമ്പോൾ, സ്റ്റാൻഡേർഡ് ഫോൾഡ് 8 മോഡലിൽ 50MP മെയിൻ ക്യാമറയും 4,800 mAh ബാറ്ററിയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫ്ലിപ്പ് ഫോൺ എന്ന ഖ്യാതിയോടെയെത്തിയ ഗാലക്സി Z ഫ്ലിപ്പ് 8 ആണ് ഇവന്റിലെ മറ്റൊരു താരം. നിവർത്തുമ്പോൾ വെറും 6.1 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോണിൽ Exynos 2600 പ്രൊസസറും, 50 MP വൈഡ് ആംഗിൾ ക്യാമറയും, 4,300 mAh ഡ്യുവൽ ബാറ്ററിയുമാണുള്ളത്. ഇതിനുപുറമെ പുതിയ ഫ്ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേയും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാലക്സി വാച്ച് അൾട്രാ 2, ഗാലക്സി വാച്ച് 9: ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് വാച്ചുകളിൽ എഐ അടിസ്ഥാനമാക്കിയുള്ള മികച്ച ഹെൽത്ത് മോണിറ്ററിങ് സംവിധാനങ്ങളുണ്ട്. മുൻ പതിപ്പിനേക്കാൾ 12% കനം കുറഞ്ഞ ടൈറ്റാനിയം ബോഡിയുള്ള വാച്ച് അൾട്രാ 2-ൽ 800mAh ബാറ്ററിയും 5,000 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ദൈനംദിന ആരോഗ്യ ആവശ്യങ്ങൾക്കുള്ള വാച്ച് 9-ൽ ഭാരം കുറഞ്ഞ ഡിസൈനും 3000 നിറ്റ്സ് ഡിസ്പ്ലേയുമുണ്ട്.
Content Highlights: Samsung demonstrated the revolutionary cinematic camera capabilities of the Galaxy S26 Ultra by live-streaming the entire Galaxy Unpacked 2026 event using the phone itself, alongside launching the Z Fold 8, Z Flip 8, and Galaxy Watch Ultra 2.