മെമ്മറി ചിപ്പ് ക്ഷാമം; സാംസങ് ഗാലക്സി S26 വിലയിൽ വൻ വർധന! ഇന്ത്യക്കാരെ ബാധിക്കുമോ?

#ടെക്നോളജി ഡെസ്ക്
Galaxy S26 Ultra | Photo: Samsung
Galaxy S26 Ultra | Photo: Samsung

സാംസങ് തങ്ങളുടെ പ്രീമിയം സ്മാർട്ട്‌ഫോൺ നിരയായ ഗാലക്സി S26, S26 പ്ലസ്, S26 അൾട്രാ മോഡലുകളുടെ വില വർധിപ്പിച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം മൂലം യു.എസ്., ദക്ഷിണ കൊറിയൻ വിപണികളിലാണ് കമ്പനി ഔദ്യോഗികമായി ഈ വിലവർധന കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കൻ വിപണിയിൽ ഗാലക്സി എസ്26-ന്റെ ഭൂരിഭാഗം വേരിയന്റുകൾക്കും 100 ഡോളർ വർധനവുണ്ടായപ്പോൾ, ഏറ്റവും ഉയർന്ന സ്റ്റോറേജുള്ള 1TB മോഡലിന് 200 ഡോളർവരെ വില വർധിപ്പിച്ചിട്ടുണ്ട്. 

അതേസമയം, ഇന്ത്യയിൽ ഇത്തരം ഒരു വിലവർധനവ് ഇതുവരെ നിലവിൽ വന്നിട്ടില്ല. മാത്രവുമല്ല, സാംസങ് വെബ്സൈറ്റിൽ കാണിച്ചതിനേക്കാൾ ഓഫറുകൾ ഉൾപ്പടെ വിലക്കുറവിലാണ് എസ് 26 മോഡലുകൾ നിലവിൽ ഫ്ളിപ്കാർട്ട്, ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്നത്. 

യു.എസ് വിപണിയിലെ പുതിയതും പഴയതുമായ വില:
 

മോഡൽ (RAM & Storage) പഴയ വില (USD) പുതിയ വില (USD)
ഗാലക്സി S26 (12GB + 256GB) $899.99 $999.99
ഗാലക്സി S26 (12GB + 512GB) $1,099.99 $1,199.99
ഗാലക്സി S26 പ്ലസ് (12GB + 256GB) $1,099.99 $1,199.99
ഗാലക്സി S26 പ്ലസ് (12GB + 512GB) $1,299.99 $1,399.99
ഗാലക്സി S26 അൾട്രാ (12GB + 256GB) $1,299.99 $1,399.99
ഗാലക്സി S26 അൾട്രാ (12GB + 512GB) $1,499.99 $1,599.99
ഗാലക്സി S26 അൾട്രാ (16GB + 1TB) $1,799.99 $1,999.99

ദക്ഷിണ കൊറിയയിലെ വില വർധനവ്

സാംസങ്ങിന്റെ സ്വന്തം നാടായ ദക്ഷിണ കൊറിയയിലും സമാനമായ രീതിയിൽ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

അടിസ്ഥാന മോഡലായ ഗാലക്സി S26 (256GB) പതിപ്പിന് 1,254,000 വോണിൽ നിന്ന് 1,403,600 വോൺ ആയി വില വർധിച്ചു. S26 പ്ലസ് (256GB) മോഡലിന് 1,601,600 വോണും, S26 അൾട്രാ (256GB) മോഡലിന് 1,947,000 വോണും ആണ് പുതിയ നിരക്ക്. ഇരു മോഡലുകൾക്കും 149,600 വോണിന്റെ വർധനവാണുണ്ടായത്. S26 അൾട്രാ (1TB) പതിപ്പിന് 270,000 വോൺ വർധിപ്പിച്ച് 2,821,500 വോൺ ആക്കിയിട്ടുണ്ട്.

ആഗോളതലത്തിലുള്ള മെമ്മറി ഘടകങ്ങളുടെ രൂക്ഷമായ ക്ഷാമമാണ് ഈ പെട്ടെന്നുള്ള വിലവർധനവിലേക്ക് നയിച്ച പ്രധാന കാരണം. എന്നാൽ, സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി S26 FE, ഫോൾഡബിൾ ഫോണുകളായ ഗാലക്സി Z ഫോൾഡ് 8, Z ഫോൾഡ് 8 അൾട്രാ, Z ഫ്ലിപ്പ് 8, ഗാലക്സി A-സീരീസ് മിഡ്-റേഞ്ച് ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

സാംസങ് വെബ്‌സൈറ്റിൽ പുതിയ നിരക്കുകൾ അപ്ഡേറ്റ് ചെയ്തെങ്കിലും  ആമസോൺ പോലുള്ള ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ചില മോഡലുകൾ ഇപ്പോഴും ഓഫറുകളിൽ ലഭ്യമാണ്. കൂടാതെ, ഒക്ടോബർ 6-ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം.

Content Highlights: amsung has officially increased the prices of the Galaxy S26, S26 Plus, and S26 Ultra models across global markets including the US and South Korea due to a severe shortage of memory components, though online e-commerce discounts remain active in some regions.