വിപണി കൈയടക്കാന്‍ സാംസങ് ഗാലക്‌സി S25 സീരീസ്; ജനുവരിയില്‍ എത്തിയേക്കും, പുതിയ ഫീച്ചറുകള്‍

സാംസങ് ഗാലക്‌സി എസ് 25 സീരീസ് 2025 ജനുവരിയില്‍ എത്തുമെന്ന് പ്രതീക്ഷ. ജനുവരി 22-ന് ആയിരിക്കാനുള്ള സാധ്യത പറയുന്നുണ്ട്. സാംസങ് എസ് 25, എസ് 25 + , എസ് 25 അള്‍ട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോണ്‍ എത്തുക. ചില ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങളോടെ വരുന്ന ഫോണില്‍ നവീകരിച്ച ആന്റി-റിഫ്‌ളക്റ്റീവ് സാങ്കേതികവിദ്യയും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സീരീസില്‍ ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കൂടുതല്‍ ശക്തമായ രണ്ടാംതലമുറ ഗൊറില്ല ഗ്ലാസ് ആര്‍മര്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗൊറില്ല ആര്‍മര്‍ ഉപയോഗിച്ച ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് നേരത്തേ ഇറങ്ങിയ സാംസങ് ഗാലക്‌സി എസ് 24 അള്‍ട്രാ. അലുമിനോസിലിക്കേറ്റ് കവര്‍ ഗ്ലാസുകളേക്കാള്‍ നാലിരട്ടി ശക്തിയില്‍ സ്‌ക്രാച്ചുകളെ പ്രതിരോധിക്കാന്‍ ഇതിനാവുമെന്നാണ് അവകാശപ്പെടുന്നത്.
പുതിയ അള്‍ട്രാ സീരീസില്‍ മാത്രമായിരിക്കും രണ്ടാം തലമുറ ഗൊറില്ല ഗ്ലാസ് ആര്‍മര്‍ ഉപയോഗിക്കുക. നേരത്തേ ഗാലക്‌സി എസ് 24 ഉപയോക്താക്കള്‍ സ്‌ക്രീന്‍ വികൃതമാവുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഡിസ്‌പ്ലേയുടെ ആന്റി-റിഫ്‌ളക്ടീവ് കേടുപാടുകളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ മാറ്റങ്ങളെന്നാണ് വിലയിരുത്തുന്നത്.
പുതിയ സീരീസിലെ എല്ലാ മോഡലുകളിലും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റും എ.ഐ. ഫീച്ചറുകളും ഉപയോഗിക്കും. ഏഴ് നിറങ്ങളിലാണ് അള്‍ട്രാ മോഡല്‍ ലഭ്യമാകുക. 6.86 ഇഞ്ച് അമോഎല്‍.ഇ.ഡി. ഡിസ്‌പ്ലേ ആയിരിക്കും അള്‍ട്രാ സീരീസിന് ഉപയോഗിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 10 മെഗാപിക്‌സല്‍ 3എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സല്‍ 5 എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ എന്നീ സവിശേഷതകളുമുണ്ട്. 5000 എം.എ.എച്ച്. ബാറ്ററി പവറില്‍ 45W ചാര്‍ജിങ് സംവിധാനവുമുണ്ട്.
Content Highlights: samsung galaxy s25 series coming out january 2025