പോക്കോ എഫ്7 ഇന്ത്യയിലെത്തുന്നു, സൂചന നല്‍കി ബിഐഎസ് വെബ്‌സൈറ്റ്- എന്തെല്ലാം പ്രതീക്ഷിക്കാം ?

PocoF7Pro | Photo: www.po.co/global
PocoF7Pro | Photo: www.po.co/global

ഷവോമിയുടെ സബ് ബ്രാന്റായ പോക്കോയുടെ പോക്കോ എഫ്7 പ്രോ, എഫ്7 അള്‍ട്രാ സ്മാര്‍ട്‌ഫോണുകള്‍ കഴിഞ്ഞ മാസം തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ അവതരിപ്പിച്ചതിന് പിന്നാലെ, പോക്കോ എഫ്7 സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 2025 മെയ് അല്ലെങ്കില്‍ ജൂണ്‍ മാസങ്ങളില്‍ ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍, പോക്കോ എഫ്7 ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയുടെ (ബിഐഎസ്) വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അത് ശരിയാണെങ്കില്‍, ഈ വര്‍ഷം മെയ് മാസത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കാം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പോക്കോ എഫ്7-ന്റെ മുന്‍ഗാമിയായ പോക്കോ എഫ്6 അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

ബിഐഎസ് വെബ്സൈറ്റില്‍ 25053PC47I എന്ന മോഡല്‍ നമ്പറില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എക്‌സ്പര്‍ട്ട് പിക്ക് വെബ്സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍, ഫോണിന്റെ പേര് വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. മോഡല്‍ നമ്പറിലെ '2505' എന്നത് 2025 മെയ് മാസത്തെ കുറിച്ചുള്ള സൂചനയായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ചൈനയില്‍ അവതരിപ്പിക്കാനിരിക്കുന്ന റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും പോക്കോ എഫ്7 എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍, 1.5കെ റെസല്യൂഷനോട് കൂടിയ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് ഫ്‌ലാറ്റ് ഒഎല്‍ഇഡി ഡിസ്പ്ലേയും എല്‍ടിപിഎസ് സാങ്കേതികവിദ്യയും ഈ ഫോണില്‍ ഉണ്ടാകും.

സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്സെറ്റ് ഈ ഫോണിന്റെ പ്രകടനത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 7550 എംഎഎച്ച് ബാറ്ററിയും 90 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉള്‍പ്പെടുത്തിയേക്കും. 

ക്യാമറയുടെ കാര്യമെടുത്താല്‍, ഒഐഎസ് (ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍) സൗകര്യത്തോട് കൂടിയ 50 എംപി പ്രൈമറി ക്യാമറയും 8 എംപി അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമായിരിക്കും ഇതില്‍ ഉണ്ടാവുക. കൂടാതെ, ഐപി68 അല്ലെങ്കില്‍ ഐപി69 റേറ്റിങ് ഉള്ള ഒരു ഡിവൈസ് ആയിരിക്കുമിതെന്നും കരുതപ്പെടുന്നു.

വില പ്രതീക്ഷ

കഴിഞ്ഞ വര്‍ഷം പോക്കോ എഫ്6 29,999 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സമാനമായ വിലയില്‍ തന്നെ പോക്കോ എഫ്7-ഉം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 


 

Content Highlights: Poco F7 spotted on BIS website, hinting at an India launch soon.