ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ആദ്യമായി ഇന്ത്യയില്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് പുറത്തിറക്കി

Pixel 9 Pro Fold | Photo: Google
Pixel 9 Pro Fold | Photo: Google

ഗൂഗിളിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ്. ഇതിന് മുമ്പ് അവതരിപ്പിച്ച ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. അതായത് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ആണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ്. പിക്‌സല്‍ 9, പിക്‌സല്‍ 9പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ എന്നീ മോഡലുകള്‍ക്കൊപ്പമാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് അവതരിപ്പിച്ചത്. മറ്റ് മോഡലുകളെ പോലെ തന്നെ ഗൂഗിളിന്റെ ടെന്‍സര്‍ 94 ചിപ്പ് ആണ് ഫോള്‍ഡബിള്‍ വേര്‍ഷനിലും. 8 ഇഞ്ച് ഫോള്‍ഡബിള്‍ ഇന്നര്‍ ഡിസ്‌പ്ലേയും, 6.3 ഇഞ്ച് കവര്‍ ഡിസ്‌പ്ലേയുമാണ് ഫോണിന്. 4650 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. 

പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന് 1,72,999 രൂപയാണ് വില. 16 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്. രണ്ട് കളര്‍ ഓപ്ഷനുകളുമുണ്ടാവും. 

ഫ്‌ളിപ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് വില്‍പ്പന. ഓഗസ്റ്റ് 22 മുതല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. 

ഡെല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലുള്ള ഗൂഗിളിന്റെ വാക്ക് ഇന്‍ സെന്ററുകളിലും പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് വില്‍പനയ്‌ക്കെത്തും. 

സവിശേഷതകള്‍

നാനോ സിം കാര്‍ഡും ഇ-സിമ്മും ഉപയോഗിക്കാനാവുന്ന ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് 14 ഒഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റും പിക്‌സല്‍ ഡ്രോപ്പ് അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കും. ഗൂഗിള്‍ ടെന്‍സര്‍ ജി4 ചിപ്പ്‌സെറ്റും ടൈറ്റന്‍ എം2 സെക്യൂരിറ്റി ചിപ്പ്‌സെറ്റും ഫോണിനുണ്ട്. 16 ജിബി ആണ് റാം. 

2076 x 2152 പിക്‌സല്‍ റെസലൂഷനുള്ള 8 ഇഞ്ച് എല്‍ടിപിഒ ഒഎല്‍ഇഡി സൂപ്പര്‍ ആക്ച്വല്‍ ഫ്‌ളെക്‌സ് ഇന്നര്‍ സ്‌ക്രീന്‍ ആണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2700 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുണ്ട്. ഇതിനൊപ്പം 6.3 ഇഞ്ച് (1080x 2424 പിക്‌സല്‍) ഒഎല്‍ഇഡി ആക്ച്വല്‍ ഡിസ്‌പ്ലേയും ഫോണിനുണ്ട്. ഇതിനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്‌ക്രീന്‍ ആണിത്. ഇന്നര്‍ സ്‌ക്രീനിന്റെ അതേ ബ്രൈറ്റ്‌നെസും പുറത്തുള്ള സ്‌ക്രീനിനുണ്ട്. 

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണിതില്‍. ഇതില്‍ 48 എംപി വൈഡ് ആംഗിള്‍ ക്യാമറ, 10.5 എംപി അള്‍ട്രാ വൈഡ് ക്യാമറ, 10.8 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണുള്ളത്. കവര്‍ ഡിസ്‌പ്ലേയില്‍ 10 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത് ഇന്നര്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പവും 10 എംപി ക്യാമറ നല്‍കിയിട്ടുണ്ട്. ഇങ്ങനെ ആകെ അഞ്ച് ക്യാമറകള്‍ ഫോണിനുണ്ട്. 

വിവിധങ്ങളായ എഐ അധിഷ്ഠിത എഡിറ്റിങ് സൗകര്യങ്ങളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഇന്ത്യയില്‍ 256 ജിബി സ്‌റ്റോറേജ് വേരിയന്റ് മാത്രമാണ് വില്‍പനയ്‌ക്കെത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ 512 ജിബി വേരിയന്റ് ലഭ്യമാണ്. 

5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ്, അള്‍ട്രൈ വൈഡ് ബാന്റ്, യുഎസ്ബി 3.2 ടൈപ്പ് സി പോര്‍ട്ട് എന്നിവയുണ്ട്. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോ സ്‌കോപ്പ്, ഇ-കോംപസ്, ബാരോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്.

4650 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് പിപിഎസ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. ക്യുഐ വയര്‍ലെസ് ചാര്‍ജിങും ഉണ്ട്. ഫേസ്, ഫിംഗര്‍പ്രിന്റ് എന്നീ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളും ഫോണിനുണ്ട്. ഐപിഎക്‌സ്8 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉള്ള ഫോണ്‍ ആണിത്. 

Content Highlights: Pixel 9 Pro Fold launched, Launch Date, Price in India, Tensor G4 Chipset