വോളിയം ബട്ടനല്ല പകരം തിരിക്കുന്ന 'നോബ്', ഗ്ലിഫ് ലൈറ്റുകളില്ല; നത്തിങ് സിഎംഎഫ് ഫോണ്‍ 1 വരുന്നു

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അതിവേഗം തങ്ങളുടേതായ ഇടം കൈക്കലാക്കിയ ബ്രാന്‍ഡാണ് നത്തിങ്. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന രൂപകല്‍പനയാണ് നത്തിങ്ങ് ഫോണുകളുടെ മുഖ്യ ആകര്‍ഷണം. ഇതുവരെ നത്തിങ് ഫോണ്‍ സീരീസിലാണ് കമ്പനി പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സിഎംഎഫ് ഫോണ്‍ 1 എന്ന പേരില്‍ പുതിയ ശ്രേണിയ്ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതാദ്യമായാണ് സിഎംഎഫ് ബ്രാന്റില്‍ നത്തിങ് ഒരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നത്. സിഎംഎഫ് ഇയര്‍ബഡുകളും സ്മാര്‍ട് വാച്ചും മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.
ബജറ്റ് നിരക്കിലുള്ള സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും സിഎംഎഫ് ഫോണ്‍ 1. നത്തിങ് ഫോണുകളെ പോലെ തന്നെ പുതുമയുള്ള ഡിസൈനാണ് സിഎംഎഫ് ഫോണ്‍ 1 നും. പ്ലാസ്റ്റിക്കും സിന്തറ്റിക് ലെതറും ചേര്‍ന്നുള്ള നിര്‍മിതിയായിരിക്കും ഇതിന്. ഫോണിന്റെ കളർ ഓപ്ഷനുകളിൽ ഒരെണ്ണം ഓറഞ്ച് നിറത്തിലുള്ളതായിരിക്കും എന്നാണ് കമ്പനി എക്സിൽ പങ്കുവെച്ച ചിത്രം നൽകുന്ന സൂചന. പഴയ റേഡിയോയിലും മ്യൂസിക് പ്ലെയറുകളിലും ഉണ്ടായിരുന്ന ഫിസിക്കല്‍ വോളിയം നോബിന് സമാനമായ ഒരു ഭാഗം ഫോണിന് ഉണ്ടായിരിക്കുമെന്നാണ് സിഎംഎഫ് എക്‌സില്‍ പങ്കുവെച്ച ചിത്രം നല്‍കുന്ന സൂചന. എന്നാല്‍ ഈ ഭാഗം വോളിയം നിയന്ത്രിക്കുന്നതിനാണോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ അതോ വെറും ഭംഗിക്ക് വെച്ചതാണോ എന്ന് വ്യക്തമല്ല.
നത്തിങ് ഫോണുകളുടെ മുഖ്യ ആകര്‍ഷണം ആയിരുന്ന ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് ലൈറ്റുകള്‍ സിഎംഎഫ് ഫോണിന് ഉണ്ടാവില്ല. ഫോണില്‍ 5000 എംഎഎച്ച് ബാറ്ററി ആയിരിക്കും എന്നാണ് സൂചന. അതിവേഗ ചാര്‍ജിങ് സൗകര്യം ഉണ്ടായേക്കും. ആന്‍ഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ആയിരിക്കാം ഫോണില്‍.
നിലവില്‍ നത്തിങ്ങിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ നത്തിങ് ഫോണ്‍ 2എ ആണ്. 23999 രൂപയാണ് ഇതിന് വില ആരംഭിക്കുന്നത്. സിഎംഎഫ് ഫോണ്‍ 1 ന് 20000 രൂപയില്‍ താഴെ ആയിരിക്കാം വില എന്നാണ് കരുതുന്നത്.
Content Highlights: Nothing teases CMF Phone 1 budget 5G smartphone with volume knob like element