നത്തിങ്ങിന്റെ 'ഒറിജിനല്‍' ഫ്‌ളാഗ്ഷിപ്പ് ഫോണ്‍, പ്രീമിയം വിലയില്‍ നത്തിങ് ഫോണ്‍ 3 വരും

ദിവസങ്ങള്‍ക്ക് മുമ്പാണ് നത്തിങ് ഫോണ്‍ 3 ഉടന്‍ പുറത്തിറങ്ങുമെന്ന് സിഇഒ കാള്‍ പെയ് അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. പ്രകടനത്തിലും ഡിസൈനിലും മുന്‍ഗാമികളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നത്തിങ് ഫോണ്‍ 3യെ നത്തിങ്ങിന്റെ യഥാര്‍ത്ഥ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
നത്തിങ് ഫോണുകളുടെ പതിവ് വിലനിലവാരത്തേക്കാള്‍ ഉയര്‍ന്ന വിലയിലാവും നത്തിങ് ഫോണ്‍ 3 എത്തുക. ഇക്കാരണത്താല്‍ തന്നെ പ്രീമിയം ടാഗിലാവും ഫോണ്‍ വിപണിയിലെത്തുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫീച്ചറുകളുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അല്ലാതെ ഫോണിന്റെ മറ്റ് സവിശേഷതകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ക്യാമറ, ബാറ്ററി ശേഷി എന്നിവയിലെല്ലാം മുന്‍ഗാമികളായ ഫോണുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരിക്കും നത്തിങ് ഫോണ്‍ 3 എന്നാണ് അഭ്യൂഹം. എഐ അധിഷ്ടിതമായ നൂതന സംവിധാനങ്ങളും ഫോണില്‍ പ്രതീക്ഷിക്കാം.
ക്യാമറാ സെക്ഷനില്‍ കാര്യമായ അപ്‌ഗ്രേഡ് ആണ് നത്തിങ് ഫോണ്‍ 3 യില്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് ക്യാമറകളുമായെത്തുന്ന ഫോണില്‍ ഒന്ന് പെരിസ്‌കോപ് ശൈലിയിലുള്ള ടെലിഫോട്ടോ ലെന്‍സ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നത്തിങ് നേരത്തെ പുറത്തിറക്കിയ ഫോണ്‍ 3എ പ്രോ, സിഎംഎഫ് ഫോണ്‍ 2 ഫോണുകളില്‍ ട്രിപ്പിള്‍ ക്യാമറയാണുള്ളത്. നത്തിങ് ഫോണ്‍ 2 ല്‍ ഡ്യുവല്‍ ക്യാമറയാണ് ഉണ്ടായിരുന്നത്.
നത്തിങ് ഫോണ്‍ 3 യില്‍ 5000 എംഎഎച്ചില്‍ കൂടുതല്‍ ബാറ്ററിശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍ 2 ല്‍ 4700 എംഎഎച്ച് ബാറ്ററിയാണുള്ളത്. നത്തിങ് ഫോണ്‍ 3എ പ്രോ, സിഎംഎഫ് ഫോണ്‍ 2 എന്നിവയില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.
ആന്‍ഡ്രോയിഡ് 15 അധിഷ്ഠിതമായ ഒഎസില്‍ ആയിരിക്കും ഫോണ്‍ എത്തുക. പിന്നീട് ആന്‍ഡ്രോയിഡ് 16 ലേക്ക് അപ്‌ഡേറ്റ് ചെയ്യാനാവും.
നേരത്തെ സൂചിപ്പിച്ച പോലെ കൂടിയ വിലയ്ക്കാവും നത്തിങ് ഫോണ്‍ 3 വിപണിയിലെത്തുക. ഫോണിന് ഏകദേശം 800 യൂറോ വിലയുണ്ടാകുമെന്ന് കാള്‍ പെയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏകദേശം 76000 ല്‍ ഏറെ രൂപ വരും. 44999 രൂപയ്ക്കാണ് നത്തിങ് ഫോണ്‍ 2 പുറത്തിറക്കിയത്.
Content Highlights: Nothing Phone 3 leaks reveal a premium flagship with improved camera, AI features, 5000+ mAh battery