മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7300 പ്രോ; നത്തിങ്ങ് 'സിഎംഎഫ് ഫോണ്‍ 2 പ്രോ' ഏപ്രില്‍ 28 ന് എത്തും

നത്തിങ്ങിന്റെ സിഎംഎഫ് ഫോണ്‍ 2 പ്രോ ഈ ഏപ്രില്‍ 28 ന് പുറത്തിറക്കും. ഒപ്പം പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സും അവതരിപ്പിക്കും. സിഎംഎഫ് ഫോണ്‍ 1 ന്റെ പിന്‍ഗാമിയായാണ് പുതിയ ഫോണ്‍ എത്തുന്നത്. സിഎംഎഫ് ബൈ നത്തിങ് എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്.
ഫോണില്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്പ്‌സെറ്റ് ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സിഎംഎഫ് ഫോണ്‍ 1 നേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ സിപിയു പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ ജിപിയു പ്രകടനവും കമ്പനി പുതിയ ഫോണില്‍ വാഗ്ദാനം ചെയ്യുന്നു.
ഫോണില്‍ 120 ഹെര്‍ട്‌സ് എഫ്പിഎസില്‍ ബിജിഎംഐ ഗെയിം കളിക്കാനാകുമെന്നും 1000 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.0 ആയിരിക്കും ഫോണില്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാം ഉണ്ടാവും. ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 6.67 ല്‍ നിന്ന് 6.3 ആക്കി ചുരുക്കാനും സാധ്യതയുണ്ട്.
ഡ്യുവല്‍ ക്യാമറയായിരിക്കും ഫോണില്‍. മുന്‍ഗാമിയെ പോലെ മോഡുലാര്‍ ഡിസൈന്‍ തന്നെയായിരിക്കും പുതിയ പതിപ്പിലും ഉണ്ടാവുക. ബാക്ക് പാനല്‍ മാറ്റാനും വിവിധ ആക്‌സസറികള്‍ ഫോണില്‍ ഘടിപ്പിക്കാനും ഇതുവഴി സാധിക്കും. ഏപ്രില്‍ 28 ന് വൈകീട്ട് 6.30 നായിരിക്കും ഫോണ്‍ പുറത്തിറക്കുക. വില എന്തായിരിക്കുമെന്ന് വ്യക്തമല്ല. എങ്കിലും 16000 രൂപയിലായിരിക്കും വില ആരംഭിക്കുക എന്നാണ് അനുമാനം.
Content Highlights: Nothing CMF Phone 2 pro with MediaTek Dimensity 7300 Pro chipset