സിഎംഎഫ് ഫോണ്‍ 1 ന്റെ പ്രൊസസര്‍ ചിപ്പ് ഏത്?; സൂചന നല്‍കി നത്തിങ് സഹസ്ഥാപകന്‍

Photo: x.com/ CMF by Nothing
Photo: x.com/ CMF by Nothing

നത്തിങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം പുറത്തിറങ്ങും. ഫോണിനൊപ്പം സിഎംഎഫ് ബഡ്‌സ് പ്രോ 2, സിഎംഎഫ് വാച്ച് പ്രോ 2 എന്നീ മറ്റ് രണ്ട് ഉല്പന്നങ്ങള്‍ കൂടി പുറത്തിറക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലായ് എട്ടിനാണ് ഇവ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫോണ്‍ പുറത്തിറങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട് ചില സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഫോണിന്റെ പ്രൊസസറുമായി ബന്ധപ്പെട്ട ചില സൂചനകള്‍ നല്‍കുകയാണ് നത്തിങ് സഹസ്ഥാപകനായ അകസി ഇവാഞ്ചലിഡിസ്. 

സിഎംഫ് ഫോണിന്റെ വില നിലവാരത്തിനനുസരിച്ച് ഏറ്റവും മികച്ച പ്രൊസസറായിരിക്കും അതിലെന്ന് ഇവാഞ്ചലിഡിസ് പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു. മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 7300 ചിപ്പ്‌സെറ്റ് ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങള്‍. നത്തിങ് റെനോ 12 പ്രോയില്‍ ഉള്ളത് ഈ ചിപ്പ്‌സെറ്റാണ്. 30000 രൂപയില്‍ കൂടുതല്‍ വിലയുള്ള സീരീസ് ആയിരുന്നു ഇത്. 

നത്തിങ് ഫോണ്‍ 2എയേക്കാള്‍ വില കുറവായിരിക്കും സിഎംഎഫ് ഫോണ്‍ 1 ന് എന്നാണ് സൂചന. അങ്ങനെയെങ്കില്‍ 20000 രൂപയില്‍ താഴെ ആയിരിക്കാം വില. അങ്ങനെ വന്നാല്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ഉപയോഗിക്കുമോ എന്ന് പറയാനാവില്ല. നത്തിങ് ഫോണ്‍ 2എയില്‍ ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്പ്‌സെറ്റ് ആണ്. ഒരു പക്ഷെ മറ്റൊരു വിലകുറഞ്ഞതും ശക്തിയേറിയതുമായ ചിപ്പ് ആയിരിക്കാം നത്തിങ് സിഎംഎഫ് ഫോണ്‍ 1 ല്‍ ഉപയോഗിക്കുക. 

സിഎംഎഫ് ഫോണ്‍ 1 - അനൗദ്യോഗികമായി പുറത്തുവന്ന വിവരങ്ങള്‍

6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും സിഎംഎഫ് ഫോണ്‍ 1 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സക്രീന്‍ ആയിരിക്കും ഇതിന്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ആയിരിക്കും ഇതില്‍ എന്ന് കരുതുന്നു. ഓപ്പോ റെനോ 12 പ്രോയിലുള്ളത് ഈ ചിപ്പ്സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചനനല്‍കുന്നു. എന്നാല്‍ ഇവയൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 

നത്തിങ്ങിന്റെ പതിവ് ശൈലിയിലുള്ള ട്രാന്‍സ്പരന്റ് ഡിസൈനോടുകൂടിയ ഫോണ്‍ അല്ല സിഎംഎഫ്. വിവിധ നിറങ്ങളിലുള്ള പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ പറയുന്നത്. സിഎംഎഫ് ലോഗോ, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ, താഴെ ഒരു കോണിലായി ചെറിയ 'വീല്‍' എന്നിവയാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. 

ഈ വീലിന്റെ ഉപയോഗം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വോളിയം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നത്തിങ് പുറത്തിറക്കിയ സിഎംഎഫ് ബഡ്സ് എന്ന ഇയര്‍ബഡ്സിന്റെ കേയ്സിലും ഒരു കോണില്‍ സമാനമായ ഒരു വീല്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫിഡ്ജറ്റ് സ്പിന്നറിന് സമാനമായി കെയ്സ് കയ്യില്‍ കറക്കാന്‍ ഈ വീല്‍ വേണമെങ്കില്‍ ഉപയോഗിക്കാം. ഈ ഡിസൈന്‍ അനുകരിച്ചാണോ ഫോണിലും വീല്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. ഫോണിന് വേര്‍പെടുത്താനാവുന്ന ബാക്ക് പാനല്‍ ആയിരിക്കാം.

Content Highlights: nothing cmf phone 1 processor details hints