ബാക്ക് പാനലില്‍ എന്തിന് ഈ ചക്രം? സിഎംഎഫ് ഫോണ്‍ 1 താമസിയാതെ ഇന്ത്യയില്‍

സിഎംഫ് ഫോണ്‍ 1 താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫോണിന്റെ പിന്‍ഭാഗത്ത് താഴെയായി സവിശേഷമായ 'വീല്‍' ഉള്‍പ്പെടുത്തിയുള്ള ഡിസൈനാണ് സിഎംഎഫ് ഫോണ്‍ വണ്ണിന്. നത്തിങ്ങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്. ഫോണ്‍ പുറത്തിറക്കുന്ന തിയ്യതി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
സിഎംഎഫ് ഫോണ്‍ 1 - അനൗദ്യോഗികമായി പുറത്തുവന്ന വിവരങ്ങള്‍
6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും സിഎംഎഫ് ഫോണ്‍ 1 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സക്രീന്‍ ആയിരിക്കും ഇതിന്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ആയിരിക്കും ഇതില്‍ എന്ന് കരുതുന്നു. ഓപ്പോ റെനോ 12 പ്രോയിലുള്ളത് ഈ ചിപ്പ്‌സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചനനല്‍കുന്നു. എന്നാല്‍ ഇവയൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
നത്തിങ്ങിന്റെ പതിവ് ശൈലിയിലുള്ള ട്രാന്‍സ്പാരന്റ് ഡിസൈനോടുകൂടിയ ഫോണ്‍ അല്ല സിഎംഎഫ്. വിവിധ നിറങ്ങളിലുള്ള പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ പറയുന്നത്. സിഎംഎഫ് ലോഗോ, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ, താഴെ ഒരു കോണിലായി ചെറിയ 'വീല്‍' എന്നിവയാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്.
ഈ വീലിന്റെ ഉപയോഗം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വോളിയം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നത്തിങ് പുറത്തിറക്കിയ സിഎംഎഫ് ബഡ്‌സ് എന്ന ഇയര്‍ബഡ്‌സിന്റെ കേയ്‌സിലും ഒരു കോണില്‍ സമാനമായ ഒരു വീല്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫിഡ്ജറ്റ് സ്പിന്നറിന് സമാനമായി കെയ്‌സ് കയ്യില്‍ കറക്കാന്‍ ഈ വീല്‍ വേണമെങ്കില്‍ ഉപയോഗിക്കാം. ഈ ഡിസൈന്‍ അനുകരിച്ചാണോ ഫോണിലും വീല്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല.
ഫോണിന് വേര്‍പെടുത്താനാവുന്ന ബാക്ക് പാനല്‍ ആയിരിക്കാം. സിഎംഎഫ് ഫോണ്‍ 1 ന് 20,000 രൂപയില്‍ താഴെ ആയിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
Content Highlights: cmf phone 1 india launch soon