ഫീച്ചർ ഫോണുകളിലും എഐ ചാറ്റ്‌ബോട്ട് സൗകര്യം - എച്ച്.എം.ഡിയും സർവം എഐയും കൈകോർക്കുന്നു

നോക്കിയ (Nokia), എച്ച്.എം.ഡി. (HMD) ഫീച്ചർ ഫോണുകളിൽ എഐ (AI) ചാറ്റ്‌ബോട്ട് സേവനം ലഭ്യമാക്കുന്നതിനായി ഫിന്നിഷ് ടെക് കമ്പനിയായ എച്ച്.എം.ഡി. ഗ്ലോബൽ, ഇന്ത്യൻ എഐ കമ്പനിയായ സർവം എഐയുമായി (Sarvam AI) സഹകരിക്കുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഫെബ്രുവരി 16 മുതൽ 21 വരെ നടന്ന 'എഐ ഇംപാക്ട് ഉച്ചകോടി 2026'-ൽ വെച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്.
ഈ സഹകരണത്തിലൂടെ, സ്മാർട്ട്ഫോണുകളുടെയോ ലാപ്‌ടോപ്പുകളുടെയോ സഹായമില്ലാതെതന്നെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് എഐ ടൂളുകൾ ഉപയോഗിക്കാൻ സാധിക്കും. സർവത്തിന്റെ എഐ ചാറ്റ്‌ബോട്ടിലൂടെ ഉപയോക്താക്കൾക്ക് തത്സമയം ആശയവിനിമയം നടത്താൻ കഴിയും. കൂടാതെ, ഒന്നിലധികം പ്രാദേശിക ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും അവരുടേതായ ഭാഷയിൽതന്നെ മറുപടികൾ ലഭിക്കാനും ഈ എഐ അസിസ്റ്റന്റ് സഹായിക്കും. എന്നാൽ ഏതൊക്കെ പ്രാദേശിക ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുകയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഫീച്ചർ ഫോണുകൾക്കു പുറമെ, കാറുകളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളിലും തങ്ങളുടെ എഐ ടൂളുകൾ കൊണ്ടുവരാൻ സർവത്തിന് പദ്ധതിയുണ്ട്. എഡ്ജ് എഐ അഥവാ ഓൺ ഡിവൈസ് എഐ വഴി എല്ലാ ഫോണുകളിലും ലാപ്‌ടോപ്പുകളിലും കാറുകളിലും പുതിയ തലമുറ ഡിവൈസുകളിലും എഐ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സർവം എഐയുടെ എഡ്ജ് എഐ മേധാവി ഉച്ചകോടിയിൽ വ്യക്തമാക്കി.
എഐ ഇംപാക്ട് ഉച്ചകോടിയിൽ കമ്പനി തങ്ങളുടെ ആദ്യത്തെ എഐ സ്മാർട്ട് ഗ്ലാസായ 'സർവം കാസെ' പ്രദർശിപ്പിച്ചു. ഈ സ്മാർട്ട് ഗ്ലാസ് ധരിക്കുന്നവർക്ക് എഐ അസിസ്റ്റന്റുമായി സംസാരിക്കാനും മുന്നിലുള്ള വസ്തുക്കളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. ഈ വർഷം മേയ് മാസത്തിൽ ഈ സ്മാർട്ട് ഗ്ലാസുകൾ വിപണിയിൽ എത്തിയേക്കും.
Content Highlights: No Smartphone Needed: How HMD is Bringing AI to Basic Nokia Phones