ഡിജിറ്റൽ ലോകത്തോട് 'ബൈ' പറയാം; സ്മാർട്ട്ഫോൺ അഡിക്ഷൻ മാറ്റാൻ ലൈറ്റ് ഫ്ളിപ്പ് ഫോൺ

#ടെക്നോളജി ഡെസ്ക്
Light Flip Phone (Representational Image) | Photo: AI Generated
Light Flip Phone (Representational Image) | Photo: AI Generated

ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്നവർക്കായി പുതിയ ഫോൺ എത്തി- 'ലൈറ്റ് ഫ്ലിപ്പ്' (Light Flip). ബ്രൂക്ലിൻ ആസ്ഥാനമായുള്ള 'ലൈറ്റ്' (Light) എന്ന കമ്പനിയാണ് റെട്രോ ഡിസൈനിൽ പഴയകാല കീപാഡ് ഫോണുകളെ ഓർമപ്പെടുത്തുന്ന ഈ പുതിയ ഫ്ലിപ്പ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിച്ചിട്ടുള്ള ഈ ഫോണിന് ഒട്ടേറെ സവിശേഷതകളുണ്ട്:

  • ഡിസ്ട്രാക്ഷൻ ഫ്രീ: ആപ്പുകളോ സോഷ്യൽ മീഡിയയോ ഇമെയിലോ ഇല്ലാത്ത തികച്ചും ലളിതമായ ഫോണാണിത്. 18 മുതൽ 30 വയസ്സുവരെയുള്ള, സ്മാർട്ട്ഫോൺ ലോകത്തുനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.

  • T9 കീബോർഡ്: പഴയ ഫോണുകളിലേതുപോലെ അക്കങ്ങൾ അമർത്തി അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന T9 കീബോർഡ് സംവിധാനമാണ് ഇതിൽ മെസ്സേജ് അയക്കാൻ ഉപയോഗിക്കുന്നത്.

  • ‌ഫ്ലിപ്പ് യുവർ ലൈഫ്: സ്മാർട്ട്ഫോൺ ഉപയോഗം നിർത്തി ഈ ഫോണിലേക്ക് മാറാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഒമ്പതു മാസത്തെ "ഫ്ലിപ്പ് യുവർ ലൈഫ്" എന്നൊരു പ്രത്യേക കമ്മ്യൂണിറ്റി പ്രോഗ്രാമും കമ്പനി നൽകുന്നുണ്ട്.

ടച്ച് സ്ക്രീൻ ഇല്ലാത്ത ഫോണാണിത്. പകരം ഡി-പാഡും ഫങ്ഷൻ ബട്ടണുകളുമാണ് ഉപയോഗിക്കുന്നത്. ഗെയിമിങ് കൺസോളുകൾക്ക് സമാനമായ ട്രയാംഗിൾ, സ്ക്വയർ ബട്ടണുകളും ഇതിലുണ്ട്. ലളിതമാണെങ്കിലും മികച്ച ഹാർഡ്‌വെയർ സവിശേഷതകളാണ് ഇതിൽ.

2.8 ഇഞ്ച് OLED മാറ്റ് ഗ്ലാസ് ഡിസ്പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. LightOS എന്ന ലളിതമായ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് MediaTek MT8873 ചിപ്‌സെറ്റാണുള്ളത്. ഇതിനൊപ്പം 6 GB റാമും 128 GB സ്റ്റോറേജുമുണ്ട്. 50 MP റിയർ ക്യാമറയും, മികച്ച ബാക്കപ്പ് നൽകുന്ന 1800 mAh ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5G, 4G LTE, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി 2.0 പോർട്ട്, 3.5 mm ഹെഡ്‌ഫോൺ ജാക്ക്, നാനോ സിം+ ഇ-സിം സപ്പോർട്ട് എന്നിവ ഇതിലുണ്ട്. അലാറം, കാൽക്കുലേറ്റർ, കലണ്ടർ, മ്യൂസിക്, പോഡ്‌കാസ്റ്റ്, വെതർ, നോട്ട്സ്, ഡയറക്ഷൻസ്, ടൈമർ തുടങ്ങിയ അടിസ്ഥാന ടൂളുകൾ മാത്രമേ ഫോണിൽ ലഭ്യമാകൂ.

കറുപ്പ്, നേവി, ചുവപ്പ്, പിങ്ക്, മഞ്ഞ, ഗ്രേ എന്നിങ്ങനെ ആറു ആകർഷകമായ നിറങ്ങളിലാണ് ലൈറ്റ് ഫ്ലിപ്പ് ലഭ്യമാകുന്നത്. ഇത് നിലവിൽ പ്രീ-ഓർഡറിനായി ലഭ്യമാണ്. 2027 ഏപ്രിൽ മുതലായിരിക്കും ഫോണിന്റെ വിതരണം ആരംഭിക്കുക. ഫോണിന് 299 ഡോളറാണ് വില.

ഇന്ത്യയിലോ മറ്റ് ഏഷ്യൻ രാജ്യങ്ങളിലോ ഉള്ള ഉപഭോക്താക്കൾക്ക് ഈ ഫോൺ നേരിട്ട് ഓർഡർ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. എങ്കിലും, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആഗോളതലത്തിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Content Highlights: Brooklyn-based company Light has launched the 'Light Flip', a distraction-free retro keypad phone priced at $299 designed to help users combat smartphone addiction with basic utilities, an OLED display, and a 50MP camera.