പുതിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ 'ഡിസൈന്‍ ഇന്‍ ഇന്ത്യ' മത്സരം ആരംഭിച്ച് ലാവ

-
-

പുതിയ സ്മാര്‍ട്‌ഫോണിനായി 'ഡിസൈന്‍ ഇന്‍ ഇന്ത്യ' മത്സരത്തിന് തുടക്കമിട്ട് ലാവ. കമ്പനി പുറത്തിറക്കുന്ന അടുത്ത സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പന ചെയ്യുന്നതിന് വിദ്യാര്‍ഥികളെയും പ്രൊഫഷണലുകളെയും ക്ഷണിക്കുകയാണ് കമ്പനി. ബിടെക്/ബിഇ, ഡിസൈന്‍ ബിരുദ/ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും പ്രൊഫണഷണലുകള്‍ക്കുമാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. 

ഐഡിയേഷന്‍, പ്രോട്ടോ ടൈപ്പ് നിര്‍മാണം, ജൂറിക്ക് മുന്നില്‍ അവതരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് മത്സരം. ലാവയുടെ ചീഫ് മാനുഫാക്ചറിങ് ഓഫീസറായ സഞ്ജീവ് അഗര്‍വാള്‍ ജഡ്ജിങ് പാനലിന് നേതൃത്വം നല്‍കും. ലാവയുടെ ഡിസൈന്‍ ടീമും മത്സരാര്‍ഥികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കും.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന മൂന്ന് ടീമുകളെ കമ്പനി തിരഞ്ഞെടുക്കുകയും അവര്‍ക്ക് കമ്പനിയില്‍ ഒരു പ്രീ-പ്ലേസ്‌മെന്റ് അഭിമുഖം നടത്തുകയും ചെയ്യും. ഈ ടീമുകള്‍ക്ക് 50,000 രൂപ, 25,000 രൂപ, 15,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ജൂലായ് 9 വരെ ലഭിക്കും. 

ലാവയെ കൂടാതെ മറ്റ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ കാര്‍ബണ്‍, മൈക്രോമാക്‌സ് എന്നിവയും പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ചൈനാ വിരുദ്ധവികാരം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രയോജനപ്പെടുത്താനാണ് കമ്പനികളുടെ ശ്രമം.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ വരവോടെ വിപണിയില്‍ പിന്‍വലിയേണ്ടി വന്ന ഈ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചുവരുവാനുള്ള അവസരമാണിത്. മത്സരം പ്രഖ്യാപിച്ചുവെങ്കിലും പുതിയ സ്മാര്‍ട്‌ഫോണ്‍ എന്ന് പുറത്തിറക്കുമെന്ന് ലാവ വ്യക്തമാക്കിയിട്ടില്ല. മൈക്രോമാക്‌സ് മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ഈ  മാസം വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: lava launched design in India contest for its next smartphone

Content Highlights: