വലിയ ബാറ്ററിയും നിറങ്ങളും ഉൾപ്പടെ ഒട്ടനവധി മാറ്റങ്ങൾ; ഐഫോൺ 18 സീരീസ് ഉടനെത്തും

ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ സീരീസ് സെപ്റ്റംബറിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ ഫോണിന്റെ പല പ്രധാന സവിശേഷതകളും ഇതിനകം ഇന്റർനെറ്റിൽ ലീക്ക് ആയിട്ടുണ്ട്. വലിയ ബാറ്ററി, പുതിയ ക്യാമറ ഫീച്ചറുകൾ, മികച്ച പ്രോസസർ തുടങ്ങി ഒട്ടേറെ മാറ്റങ്ങളുമായാണ് ഈ സീരീസ് എത്തുന്നത്. മുൻ വർഷത്തേക്കാൾ ഉയർന്ന വിലയിലാണ് പുതിയ ഐഫോണുകൾ പുറത്തിറങ്ങുകയെന്നാണ് വിവരം. എഐ അധിഷ്ഠിത ഫീച്ചറുകളുൾപ്പടെ ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഒട്ടേറെ മാറ്റങ്ങൾ പുതിയ ഐഫോൺ 18 സീരീസിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോൺ 18 പ്രോ സീരീസിന്റെ ലഭ്യമായ വിവരങ്ങൾ
ഡിസ്പ്ലേയും രൂപകല്പനയും
മുൻ പതിപ്പുകളേക്കാൾ വലിപ്പം കുറഞ്ഞ ഡൈനാമിക് ഐലൻഡ് ആയിരിക്കും ഐഫോൺ 18 പ്രോ മോഡലുകളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. ഫേസ് ഐഡി സെൻസറുകൾ ഡിസ്പ്ലേയ്ക്ക് അടിയിലേക്ക് മാറ്റുന്നതുകൊണ്ടാണ് ഈ മാറ്റം. മുൻ മോഡലുകളിലേത് പോലെ 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെയായിരിക്കും പുതിയ പ്രോ മോഡലുകളുടെ സ്ക്രീൻ വലിപ്പം. ബാറ്ററി ലാഭിക്കാനും മികച്ച പവർ എഫിഷ്യൻസിക്കുമായി LTPO+ ഡിസ്പ്ലേ സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചേക്കാം. മാഗ്‌സേഫിന് ചുറ്റുമുള്ള സെറാമിക് ഷീൽഡ് ഭാഗത്ത് കൂടുതൽ മികച്ച ഫിനിഷിങ് നൽകാനും സാധ്യതയുണ്ട്.
മികച്ച ബാറ്ററിയും കനം കൂടിയ ഡിസൈനും
ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ മുൻപത്തേക്കാൾ 10 ശതമാനം വലിയ ബാറ്ററി നൽകാൻ സാധ്യതയുണ്ട്. നാനോ സിം വേരിയന്റുകളിൽ പ്രോ മോഡലിന് 4,056mAh ബാറ്ററിയും, പ്രോ മാക്സിന് 5,391mAh ബാറ്ററിയും ലഭിച്ചേക്കാം. യുഎസിൽ പുറത്തിറങ്ങുന്ന പ്രോ മോഡലിന്റെ ഇ-സിം മാത്രമുള്ള പതിപ്പിൽ 4288 mAh ബാറ്ററിയും പ്രോ മാക്സിന് 5567 mAh ബാറ്ററിയും ആയിരിക്കും. വലിയ ബാറ്ററി ഉൾപ്പെടുത്തുന്നതിനാൽ പഴയ ഫോണുകളെ അപേക്ഷിച്ച് പുതിയ ഫോണുകൾക്ക് അല്പം കനം കൂടിയേക്കാം.
പ്രോസസറും കണക്റ്റിവിറ്റിയും
TSMC-യുടെ 2nm സാങ്കേതികവിദ്യയിൽ നിർമിച്ച പുതിയ A20 പ്രോ ചിപ്സെറ്റാണ് ഐഫോൺ 18 പ്രോ സീരീസിന് കരുത്ത് പകരുന്നത്. ഇത് ഫോണിന്റെ വേഗതയും ഊർജക്ഷമതയും വലിയ തോതിൽ വർധിപ്പിക്കും. പുതിയ C2 മോഡം വഴി വേഗതയേറിയ 5G കണക്റ്റിവിറ്റിയും, സാറ്റലൈറ്റ് വഴിയുള്ള 5G കണക്ടിവിറ്റിയും ഇതിൽ ലഭ്യമാകും. നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ ഇത് സഹായിക്കും. വൈഫൈ 7, ബ്ലൂടൂത്ത് 6 തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന പുതിയ എൻ2 ചിപ്പും ഇതിലുണ്ടാകും.
ക്യാമറ അപ്‌ഡേറ്റുകൾ
വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യയുള്ള 48-മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറ ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുത്തിയേക്കാം. വെളിച്ചത്തിനനുസരിച്ച് മികച്ച ചിത്രങ്ങൾ പകർത്താനും ബാക്ക്ഗ്രൗണ്ട് ബ്ലർ നിയന്ത്രിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും. കൂടാതെ, ക്യാമറ കൺട്രോൾ ബട്ടണിൽ നിന്ന് ടച്ച് സെൻസിറ്റിവിറ്റിയും ഹാപ്റ്റിക് ഫീഡ്‌ബാക്കും ഒഴിവാക്കി, പകരം പ്രഷർ സെൻസിറ്റിവിറ്റി മാത്രം ഉൾപ്പെടുത്തിയേക്കാം.
പുതിയ നിറങ്ങൾ
ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ ,ഡാർക്ക് ഗ്രേ, സിൽവർതുടങ്ങിയ പുതിയ നിറങ്ങളിൽ ഫോൺ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ മോഡലുകളിലെ കോസ്മിക് ഓറഞ്ച്, ഡീപ്പ് ബ്ലൂ നിറങ്ങൾ കമ്പനി ഒഴിവാക്കാൻ സാധ്യതയുണ്ട്.
പ്രോ മോഡലുകൾക്ക് പുറമെ, ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ "ഐഫോൺ അൾട്രാ" ഇതിനൊപ്പം പുറത്തിറങ്ങിയേക്കാം. എന്നാൽ സ്റ്റാൻഡേർഡ് ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ എയർ എന്നീ മോഡലുകൾ 2027-ൽ മാത്രമേ വിപണിയിലെത്താൻ സാധ്യതയുള്ളൂ..
Content Highlights: The upcoming iPhone 18 Pro series is set to feature significant upgrades, including TSMC's 2nm A20 Pro chip, a variable aperture 48MP camera, a smaller Dynamic Island, and larger battery capacities